'എന്തിനാണ് സൊനാക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത്? ഇത് മാതാപിതാക്കളുടെ പിഴവാണ്'; മുകേഷ് ഖന്നയുടെ വിമര്‍ശനത്തിനെതിരെ നിതിഷ് ഭരദ്വാജ്

അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടിക്കിടെ രാമായണത്തെ കുറിച്ച് അറിയില്ലെന്ന കാര്യം ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ വ്യക്തമാക്കിയിരുന്നു. രാമായണത്തില്‍ ആര്‍ക്ക് വേണ്ടിയാണ് ഹനുമാന്‍ സഞ്ജീവനി കൊണ്ടുവന്നത് എന്ന ചോദ്യത്തിന് താരം ലൈഫ് ലൈന്‍ സ്വീകരിച്ചിരുന്നു. പിന്നാലെ താരം വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായിരുന്നു.

രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ മഹാഭാരതം, രാമായണം സീരിയലുകള്‍ ദൂരദര്‍ശനില്‍ പുനസംപ്രേക്ഷണം ആരംഭിച്ചതോടെ സൊനാക്ഷിക്കെതിരെ നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു. പുരാണത്തെ കുറിച്ച് സൊനാക്ഷിയെ പോലുള്ളവര്‍ പഠിക്കട്ടെയെന്ന് മുകേഷ് ഖന്ന പറഞ്ഞിരുന്നു. എന്നാല്‍ എന്തിന് സൊനാക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത് എന്നാണ് നടനും നിര്‍മ്മാതാവുമായ നിതിഷ് ഭരദ്വാജ് ചോദിക്കുന്നത്.

ഇത് ഈ തലമുറയുടെ പിഴവല്ലെന്നാണ്‌ നിതിഷ് പറയുന്നത്. വിദൂര ദൃഷ്ടിയില്ലാത്ത വിദ്യാഭ്യാസ രംഗത്തിന്റെ തെറ്റാണ് ഇത്. കൂടാതെ നമ്മുടെ തലമുറയിലേക്കും സാഹിത്യത്തിലേക്കും മക്കളെ തുറന്നുകാട്ടുന്നതില്‍ പരാജയപ്പെട്ടത് മാതാപിതാക്കള്‍ പരാജയപ്പെട്ടതാണ് കാരണമെന്നും നിതിഷ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. പുനസപ്രേക്ഷണം ചെയ്യുന്ന മഹാഭാരതില്‍ കൃഷണനായി നിതിഷ് വേഷമിട്ടുണ്ട്. ഭീഷ്മര്‍ ആയി മുകേഷ് ഖന്നയും എത്തുന്നുണ്ട്.