'ഐശ്വര്യ റായ് ദേവത, മാധുരി ദീക്ഷിത് കുഷ്ഠരോഗിയായ വേശ്യ' എന്ന് നെറ്റ്ഫ്‌ളിക്‌സ് സീരിസ്; പ്രതിഷേധം

നടി മാധുരി ദീക്ഷിത്തിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നെറ്റ്ഫ്‌ളിക്‌സ് ഷോയ്‌ക്കെതിരെ നോട്ടീസ്. രാഷ്ട്രീയ നിരീക്ഷകനായ മിഥുന്‍ വിജയകുമാറാണ് ‘ബിഗ് ബാങ് തിയറി’ എന്ന സീരിസില്‍ നിന്നുള്ള എപ്പിസോഡുകള്‍ നീക്കം ചെയ്യണം ംന്നാവശ്യപ്പെട്ട് നിയമനപടി സ്വീകരിച്ചിരിക്കുന്നത്.

ബിഗ് ബാങ് തിയറി സ്ത്രീവിരുദ്ധതയും ലൈംഗികച്ചുവയുള്ള പരാമര്‍ശവും പ്രചരിപ്പിക്കുന്നതാണെന്ന് മിഥുന്‍ വിജയകുമാര്‍ ആരോപിച്ചു. ബിഗ് ബാങ് തിയറിയുടെ ഒരു എപ്പിസോഡില്‍ മാധുരി ദീക്ഷിത്തിനെ അധിക്ഷേപകരവും അശ്ലീലം നിറഞ്ഞതുമായ വാക്ക് ഉപയോഗിച്ച് സംബോധന ചെയ്തു.

മാധുരിയുടെ ആരാധകന്‍ എന്ന നിലയില്‍ ആ സംഭാഷണം കടുത്ത വേദനയുണ്ടാക്കി. ഇന്ത്യന്‍ സ്ത്രീകളെയും സംസ്‌കാരത്തെയും അപമാനിക്കുന്നതിന് തുല്യമാണ്, അതിനാല്‍ നിയമനടപടി സ്വീകരിക്കുന്നു എന്നാണ് വിജയകുമാര്‍ പറയുന്നത്. സീരിസില്‍ ഐശ്വര്യ റായിയെയും മാധുരി ദീക്ഷിതിനെയും താരതമ്യം ചെയ്യുന്ന ഭാഗമുണ്ട്.

ഷെല്‍ഡന്‍ കൂപ്പര്‍ എന്ന കഥാപാത്രം ‘മാധുരി ദീക്ഷിത് പാവപ്പെട്ടവരുടെ ഐശ്വര്യ റായ്’ എന്ന് പറയുകയും അതിന് മറുപടിയായി കുനല്‍ നയ്യാര്‍ അവതരിപ്പിക്കുന്ന രാജ് കൂത്രപ്പള്ളി എന്ന കഥാപാത്രം ഐശ്വര്യ റായിയെ ദേവതയെന്നും മാധുരി ദീക്ഷിതിനെ ‘കുഷ്ഠരോഗിയായ വേശ്യ’ എന്നുമാണ് പരാമര്‍ശിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സ് സംസ്‌കാരത്തെ തകര്‍ക്കുന്നതും മൂല്യങ്ങളെ ഇല്ലാതാക്കുന്നതുമായ പരിപാടികള്‍ സംപ്രേഷണം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ഓരോ കണ്ടന്റുകള്‍ സംപ്രേക്ഷണം ചെയ്യുമ്പോഴും കൃത്യമായ സ്‌ക്രീനിങ് നടത്തേണ്ടതാണ്. സ്ത്രീ വിരുദ്ധത, വംശീയത എന്നിവയെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല എന്നാണ് നെറ്റ്ഫ്‌ളിക്‌സിന് അയച്ച നോട്ടീസില്‍ പറയുന്നത്.