വില കോടികൾ! റാ വൺ സ്യൂട്ട് മുതൽ പദ്മാവത് ലെഹങ്ക; സിനിമയ്ക്കായി താരങ്ങൾ ധരിച്ച വസ്ത്രങ്ങൾ..

പണത്തിനും ആഡംബര വസ്ത്രങ്ങൾക്കും പേരുകേട്ടതാണ് ബോളിവുഡ് സിനിമകൾ. അതിൽ തന്നെ ഏറ്റവും ശ്രദ്ധ നേടാറുള്ളത് നടന്മാരുടെയും നടിമാരുടെയും വസ്ത്രധാരണത്തിലാണ്. ഇതിഹാസ ചിത്രങ്ങൾ മുതൽ സൈഫൈ സൂപ്പർഹീറോ സിനിമകൾ വരെ ബോളിവുഡിൽ പുറത്തിറങ്ങിയിട്ടുണ്ട്. എംബ്രോയിഡറികളും വിലയേറിയ കല്ലുകളും കൊണ്ട് അലങ്കരിച്ച പല മാസ്റ്റർപീസുകളും നമ്മൾ ഇവയിൽ പലപ്പോഴും കണ്ടിട്ടുണ്ട്. ബോളിവുഡിൽ ഇതുവരെ അണിഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും വിലയേറിയ വസ്ത്രങ്ങളിൽ ഷാരൂഖ് ഖാന്റെ കോടിക്കണക്കിന് വിലയുള്ള റാ വൺ സ്യൂട്ട് മുതൽ ദീപിക പദുക്കോണിന്റെ പദ്മാവത് ലെഹങ്ക വരെയുണ്ട്.

2011-ൽ പുറത്തിറങ്ങിയ റാ.വൺ എന്ന ചിത്രത്തിലെ ജി.വൺ എന്ന കഥാപാത്രത്തിനായി ഷാരൂഖ് ഖാൻ ഹൈടെക്, ഫ്യൂച്ചറിസ്റ്റിക് സൂപ്പർഹീറോ സ്യൂട്ട് ആണ് ധരിച്ചത്. 2010ൽ ഷാരൂഖ് ഖാൻ തന്റെ വസ്ത്രത്തിന്റെ വില വെളിപ്പെടുത്തിയാതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ‘ശരിക്കും ഇത് ഒരു ദശലക്ഷം ഡോളറിന്റെ വസ്ത്രമാണ്. അതായത് ഒരു വസ്ത്രത്തിന് നാലര കോടി രൂപ. ഒരു വസ്ത്രമല്ല, ഇതുപോലെ 20 എണ്ണമുണ്ട്!’ എന്നാണ് ഷാരൂഖ് അന്ന് പറഞ്ഞത്.

പത്മാവതിലെ ‘ഘൂമർ’ എന്ന ഗാനത്തിൽ റാണി പത്മാവതിയായി അതിമനോഹരിയായി എത്തിയത് നടി ദീപിക പദുക്കോൺ ആയിരുന്നു. താരം ചിത്രത്തിൽ അണിഞ്ഞ റിംപിളും ഹർപ്രീത് നരുലയും ചേർന്ന് രൂപകൽപ്പന ചെയ്ത ചുവപ്പ്, കറുപ്പ്, സ്വർണ്ണ നിറങ്ങളിലുള്ള ലെഹങ്കയ്ക്ക് 30 ലക്ഷം രൂപയാണ് വില കണക്കാക്കപ്പെടുന്നത്. മാത്രമല്ല ഈ ലഹങ്കയ്‌ക്ക് ഏകദേശം 30 കിലോ ഭാരമുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. 200 ഓളം ആളുകൾ ചേർന്നാണ് ഈ വസ്ത്രം നിർമിച്ചത്.

2015-ൽ പുറത്തിറങ്ങിയ സിംഗ് ഈസ് ബ്ലിംഗ് എന്ന സിനിമയിലെ സിഖ് ലുക്കിന് വേണ്ടി അക്ഷയ് കുമാർ പ്രത്യേകം രൂപകൽപ്പന ചെയ്ത തലപ്പാവ് ധരിച്ചിരുന്നു. യഥാർത്ഥ വജ്രം കൊണ്ട് അലങ്കരിച്ച തലപ്പാവിന് ഏകദേശം 65 ലക്ഷം രൂപ വില വരുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.

ജോധാ അക്ബറിൽ ജോധാ ബായിയായി അഭിനയിച്ച ഐശ്വര്യ റായ് ചിത്രത്തിലെ വിവാഹ വേളയിൽ ഒരു ചുവന്ന ലെഹങ്ക ധരിച്ചിരുന്നു. ഐശ്വര്യ റായ് ധരിച്ച ഓരോ വസ്ത്രത്തിനും രണ്ട് ലക്ഷം രൂപ വിലയുണ്ടായിരുന്നു എന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട്. നീത ലുല്ല രൂപകൽപ്പന ചെയ്ത ഈ ലെഹങ്ക സങ്കീർണ്ണമായ സർദോസി എംബ്രോയ്ഡറി കൊണ്ട് അലങ്കരിച്ച ഒന്നായിരുന്നു.

2002-ൽ സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിൽ മാധുരി ദീക്ഷിത് നിരവധി വിലയേറിയ വസ്ത്രങ്ങൾ ധരിച്ചിരുന്നു. അതിലൊന്നാണ് കാഹേ ച്ഛേദ് മോഹേ എന്ന ഗാനത്തിലെ അവരുടെ പ്രശസ്തമായ വസ്ത്രം. അബു ജാനിയും സന്ദീപ് ഖോസ്ലേയും ചേർന്ന് രൂപകൽപ്പന ചെയ്ത മാധുരിയുടെ മെറൂൺ നിറത്തിലുള്ള ലെഹങ്കയ്ക്ക് 15 ലക്ഷം രൂപ വിലയുണ്ടെന്നാണ് റിപ്പോർട്ട്. ഈ പരമ്പരാഗത വസ്ത്രം അതിമനോഹരമായ എംബ്രോയ്ഡറി ഉൾകൊള്ളുന്ന ഒരു മാസ്റ്റർപീസായിരുന്നു. മാത്രമല്ല അതിന്റെ വിലയും അന്നത്തെ കാലത്ത് ഏറെ ചർച്ചയായിരുന്നു.

ക്രിഷ് 3 യിൽ രൂപമാറ്റം വരുത്തുന്ന മ്യൂട്ടന്റ് കായ എന്ന കഥാപാത്രത്തെയാണ് കങ്കണ റണാവത്ത് അവതരിപ്പിച്ചത്. മുംബൈയിലെ ഒരു ഹൈസ്ട്രീറ്റിൽ നിന്നുപോലും വാങ്ങാൻ സാധിക്കാത്ത തരത്തിലുള്ള ലാറ്റക്സ് സ്യൂട്ടുകൾ ആയിരുന്നു ഈ കഥാപാത്രത്തിന് വേണ്ടി ഉപയോഗിച്ചത്. ആഞ്ജലീന ജോളിയുടെ ലാറ ക്രോഫ്റ്റ് സ്യൂട്ടിന് ലാറ്റക്സ് നൽകിയ അതേ വിതരണക്കാരനായ ഫ്രാൻസിൽ നിന്നാണ് ഈ മെറ്റീരിയലും കൊണ്ടുവന്നത്. ഡിസൈനർ ഗാവിൻ മിഗുവൽ ആണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. ഓരോ സ്യൂട്ടിനും ഏകദേശം 10 ലക്ഷം രൂപ വിലവന്നിരുന്നു. ഇതുപോലെ പത്ത് സ്യൂട്ടുകൾ ഡിസൈൻ ചെയ്തതായാണ് റിപ്പോർട്ട്.

Read more