ഒന്ന് തൊട്ടാലും 'വിവാദം' ! ഇസ്‌ലാമോഫോബിയ മുതൽ ലൈംഗികവിദ്യാഭ്യാസം വരെ; ഈ വർഷത്തെ വിവാദ സിനിമകൾ...

വിവാദങ്ങൾ സിനിമകളെ സൂപ്പർ ഹിറ്റ് ആക്കുകയും പലപ്പോഴും അട്ടർ ഫ്‌ലോപ്പുകൾ ആക്കാറുമുണ്ട്. 2023 ഏറെ വിവാദമായ സിനിമകൾ എത്തിയ വർഷം കൂടിയാണ്. മതവികാരം വ്രണപ്പെടുത്തിയത് മുതൽ നടി ധരിച്ച ബിക്കിനിയുടെ കളർ വരെ വിവാദമായ വർഷമാണിത്. പല സിനിമകളും റിലീസിന് മുമ്പ് തന്നെ ബഹിഷ്‌ക്കരണ ആഹ്വാനങ്ങൾക്കും ഇരയായിരുന്നു.

2023 വർഷം അവസാനിക്കുമ്പോൾ, ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതും വിവാദത്തിലേക്കും സംവാദത്തിലേക്കും നയിച്ച സിനിമകൾ നോക്കാം. ആദിപുരുഷ് മുതൽ കേരള സ്റ്റോറി വരെയുള്ള ചിത്രങ്ങൾ ഈ ലിസ്റ്റിലുണ്ട്.

അനിമൽ

രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന തുടങ്ങിയവർ അഭിനയിച്ച സന്ദീപ് റെഡ്ഡി വംഗയുടെ ‘അനിമൽ’ പ്രശംസയും അതേസമയം വിമർശനവും നേടിയിരുന്നു. അക്രമത്തെയും വിഷലിപ്തമായ പുരുഷത്വത്തെയും മഹത്വവൽക്കരിക്കുന്നതിനും സ്ത്രീവിരുദ്ധമായ ഉള്ളടക്കത്തിനും ചിത്രം വിമർശിക്കപ്പെട്ടു.

‘ജവാൻ’, ‘പഠാൻ’ എന്നിവയ്ക്ക് ശേഷം 2023-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ മൂന്നാമത്തെ ചിത്രമായ ‘ആനിമൽ’ ലോകമെമ്പാടും 110 മില്യൺ യുഎസ് ഡോളറിലധികം നേടിയിട്ടുണ്ട്.

പഠാൻ

ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഷാരൂഖ് ഖാന്റെ പഠാൻ. എസ്ആർകെയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തിന്റെ പേരിലാണ് ചിത്രം വിവാദത്തിൽ പെട്ടത്.

ഗാനത്തിന്റെ വീഡിയോയിൽ നടി ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ച് നൃത്തം ചെയ്തത് ഹിന്ദു സന്യാസിമാരെയും നേതാക്കളെയും ചൊടിപ്പിച്ചു. ബിക്കിനിയുടെ നിറം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമുയർന്നു. കാരണം ഹിന്ദുമതത്തിലെ വിശുദ്ധ പുരുഷന്മാർ ധരിക്കുന്ന നിറമാണ് കാവി എന്നതായിരുന്നു ഇവരുടെ വാദം.

OMG 2

ലൈംഗിക വിദ്യാഭ്യാസത്തെ ചുറ്റിപ്പറ്റിയുള്ള ‘OMG2’ എന്ന സിനിമയിൽ ശിവന്റെ ദൂതനായി അഭിനയിച്ച ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ, ഭക്ഷണക്രമത്തെയും മതവികാരത്തെയും അവഹേളിച്ചുവെന്നാരോപിച്ച് കടുത്ത വിമർശനം നേരിട്ടിരുന്നു. മഹാകാലേശ്വർ ക്ഷേത്രത്തിലെ പൂജാരിമാർ സിനിമയെ കുറിച്ച് സിനിമാ പ്രവർത്തകർക്കും അഭിനേതാക്കൾക്കും മറ്റുള്ളവർക്കും നോട്ടീസ് അയച്ചിരുന്നു. ചിത്രം ആക്ഷേപകരമാണെന്നും അത് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.

ആദിപുരുഷ്

ടീസർ ഇറങ്ങിയത് മുതൽ മോശം വിഎഫ്എക്സ് കാരണം ഏറെ വിമർശനങ്ങൾ നേരിട്ട സിനിമയാണ് ആദിപുരുഷ്. ‘ലങ്ക ലഗാ ഡെങ്കേ’ പോലുള്ള ചിത്രത്തിലെ ഡയലോഗുകൾക്ക് കാര്യമായ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, സംഭാഷണങ്ങൾ, തിരക്കഥ, ദൃശ്യങ്ങൾ, പ്രകടനം, അഭിനേതാക്കളുടെയും കഥാഗതിയുടെയും രാമായണത്തിൽ നിന്നുള്ള അവലംബത്തിന്റെയും പേരിൽ ചിത്രം വിവാദമായിരുന്നു.

‘ആദിപുരുഷ’ ന്റെ നിർമ്മാതാവ് ഓം റൗത്തും അതിലെ അഭിനേതാക്കളായ പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവരും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ വളച്ചൊടിച്ചുവെന്നാരോപിച്ച് നിരവധി രാഷ്ട്രീയക്കാരും മതസംഘടനാ അംഗങ്ങളും നിയമപരമായ പരാതികൾ നൽകിയതിനെത്തുടർന്ന് നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെട്ടിരുന്നു.

ദി കേരള സ്റ്റോറി

സംവിധായകൻ സുദീപ്തോ സെന്നിന്റെ ‘ദി കേരള സ്റ്റോറി’ ഏറെ കോളിളക്കമുണ്ടാക്കി ഒരു സിനിമയായിരുന്നു. മതപരിവർത്തനത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സിനിമയായ ഇതിനെ പലരും ഇസ്‌ലാമോഫോബിക് പ്രൊപ്പഗാണ്ട സിനിമയെന്നും മറ്റു ചിലർ മതസൗഹാർദം തകർക്കുന്നുവെന്നും വിമർശിച്ചു.

ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രം, കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനും ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനും പ്രേരിപ്പിക്കുന്നതാണ് കാണിക്കുന്നത്. രാജ്യവ്യാപകമായി നിരവധി ചർച്ചകൾക്ക് ഈ ചിത്രം തുടക്കമിട്ടിരുന്നു.

ടിക്കു വെഡ്സ് ഷേരു

21കാരിയായ നടി അവ്‌നീത് കൗറും 49 കാരനായ നായകൻ നവാസുദ്ദീനും ഉൾപ്പെടുന്ന ചുംബന രംഗങ്ങൾ കാരണമാണ് ഈ ചിത്രം വലിയ വിവാദം സൃഷ്ടിച്ചത്.

റോക്കി ഔർ റാണി കി പ്രേം കഹാനി

സിനിമയിലെ പ്രമേയവും മുതിർന്ന അഭിനേതാക്കളായ ധർമേന്ദ്രയും ഷബാന ആസ്മിയും തമ്മിലുള്ള ചുംബന രംഗവും വിവാദമായിരുന്നു.

ഏറെ വിവാദങ്ങൾ ഉയർന്നിരുന്നെങ്കിലും പഠാൻ, ആദിപുരുഷ്, അനിമൽ , ദി കേരള സ്റ്റോറി തുടങ്ങി പല വിവാദ ചിത്രങ്ങളും ബോക്സ് ഓഫീസിൽ കളക്ഷൻ നേടുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്.