'ആരോഗ്യപ്രവര്‍ത്തകരെ ഉപദ്രവിക്കരുത്, കൊറോണ യുദ്ധത്തില്‍ നാം ഒരുമിച്ച് വിജയിക്കണം'; ഋഷി കപൂറിന്റെ അവസാന ട്വീറ്റ്

എത്ര വിവാദമായാലും തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ഒരു വ്യക്തി കൂടിയായിരുന്നു അന്തരിച്ച ഋഷി കപൂര്‍. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങളുമായി ട്വിറ്ററില്‍ സജീവമായിരുന്നു താരം. അസുഖം കാരണം ഏപ്രില്‍ രണ്ടിനായിരുന്നു താരത്തിന്റെ ഒടുവിലത്തെ ട്വീറ്റ്. കോവിഡിനെ പ്രതിരോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തരുതെന്നുള്ള അഭ്യര്‍ത്ഥനയുമായാണ് ഋഷി കപൂര്‍ എത്തിയത്.

എല്ലാ സാമൂഹിക പദവിയിലുള്ളവരോടും വിശ്വാസങ്ങളിലുള്ളവരോടും കൈകൂപ്പി ഒരു അപേക്ഷ. അക്രമം, കല്ലെറിയല്‍, കൈയേറ്റം ചെയ്യല്‍ എന്നിവ അവലംബിക്കരുത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പൊലീസുകാര്‍ തുടങ്ങിയവര്‍ നിങ്ങളെ രക്ഷിക്കാനായി അവരുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. ഈ കൊറോണ വൈറസ് യുദ്ധത്തില്‍ നാം ഒരുമിച്ച് വിജയിക്കണം. ദയവായി. ജയ് ഹിന്ദ്!”” എന്നായിരുന്നു ഋഷി കപൂറിന്റെ അവസാനത്തെ ട്വീറ്റ്.

അതേ ദിവസം തന്നെ സംവിധായകന്‍ കുനാല്‍ കോഹ്ലിയുമായും ഋഷി കപൂര്‍ സംവദിച്ചു. 1979-ല്‍ പുറത്തെത്തിയ “സര്‍ഗം” എന്ന സിനിമയിലെ “”ഡഫ്‌ളി വാലേ ഹെ”” എന്ന ഗാനത്തില്‍ ഋഷി കപൂര്‍ അഭിനയിച്ചതിനെ പ്രശംസിച്ചാണ് കുനാല്‍ ട്വീറ്റ് ചെയ്തത്. ഇതോടെ അതിന്റെ ക്രെഡിറ്റ് അന്തരിച്ച കൊറിയോഗ്രാഫര്‍ പി.എല്‍ രാജിന് നല്‍കി ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു.