ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റ് ‘ക്രൂ’ എന്ന ചിത്രം. കരീന കപൂര്‍, കൃതി സനോന്‍, തബു എന്നിവര്‍ ഒന്നിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. മാര്‍ച്ച് 29ന് റിലീസ് ചെയ്ത ചിത്രം ഓപ്പണിംഗ് ദിനത്തില്‍ 20 കോടിയിലേറെയാണ് കളക്ഷന്‍ നേടിയത്. റിലീസ് ചെയ്ത് നാല് ദിവത്തിനുള്ളില്‍ സിനിമ 65 കോടിയിലേറെ കളക്ഷന്‍ ആണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
40 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് ദിവസങ്ങള്‍ കൊണ്ട് മിന്നും വിജയം നേടുന്നത്. രാജേഷ് എ കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദില്‍ജിത്ത് ദൊസാഞ്ജ്, കപില്‍ ശര്‍മ്മ, രജേഷ് ശര്‍മ്മ, സ്വാസ്ത ചാറ്റര്‍ജി, കുല്‍ഭൂഷണ്‍ കര്‍ബാന്ദ, തൃപ്തി കാംകര്‍, ചാരു ശങ്കര്‍ എന്നിവരും വേഷമിട്ടിട്ടിട്ടുണ്ട്.
കോഹിനൂര്‍ എന്ന എയര്‍ലൈന്‍സില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഗീത സേഠി, ജാസ്മിന്‍ കോലി, ദിവ്യ റാണ എന്നീ കഥാപാത്രങ്ങളായാണ് തബു, കരീന കപൂര്‍, കൃതി സനോന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.
മുംബൈ, ഗോവ, അബുദാബി എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. നിധി മെഹ്‌രയും മെഹുല്‍ സുരിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ. അനുജ് രാകേഷ് ധവാന്‍ ഛായാഗ്രഹണവും മനന്‍ സാഗര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ബാലാജി ടെലിഫിലിംസും അനില്‍ കപൂര്‍ ഫിലിംസ് ആന്‍ഡ് കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.