'ബില്‍കിസ് ബാനു' സിനിമയാക്കാന്‍ ഒരുങ്ങി കങ്കണ; തിരക്കഥ തയാറാക്കി, ഏറ്റെടുക്കാന്‍ ആരും തയാറല്ലെന്ന് താരം

ഒരു സ്ത്രീ നടത്തിയ അസാധരണ പോരാട്ടമാണ് ബില്‍കിസ് ബാനു കേസ്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തെ തുടര്‍ന്നാണ് കൂട്ടബലാത്സംഗവും കൂട്ടക്കൊലയും ചെയ്ത പ്രതികള്‍ക്ക് ശിക്ഷ നേടികൊടുക്കാന്‍ ബില്‍കിസ് ബാനു നടത്തിയത്. ബില്‍കിസ് ബാനുവിന്റെ ജീവിതം സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ഒരുങ്ങി നടി കങ്കണ റണാവത്ത്.

എക്‌സ് പോസ്റ്റിലൂടെയാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘സ്ത്രീശാക്തീകരണത്തോടുള്ള താങ്കളുടെ പാഷന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. ബില്‍കിസ് ബാനുവിന്റെ കഥ ചെയ്യാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലേ’ എന്ന് ഒരാള്‍ കങ്കണയോട് എക്‌സില്‍ ചോദിക്കുകയായിരുന്നു.

ഇതിന് മറുപടിയായാണ് ബില്‍കിസ് ബാനുവിന്റെ സിനിമയ്ക്കുള്ള സ്‌ക്രിപ്റ്റ് റെഡിയാണെന്ന് കങ്കണ വ്യക്തമാക്കിയത്. ”ആ കഥ എനിക്ക് ചെയ്യണം, 3 വര്‍ഷം റിസേര്‍ച്ച് ചെയ്ത് സ്‌ക്രിപ്റ്റ് റെഡിയാക്കിയിട്ടുണ്ട്. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സും ആമസോണും രാഷ്ട്രീയപേരിത സിനിമകള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു.”

”ബിജെപികാരി ആയതിനാല്‍ കങ്കണയ്‌ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് ജിയോ സിനിമ വ്യക്തമാക്കി. സീ ഗ്രൂപ്പ് ഒരു ലയനത്തിലൂടെ കടന്നു പോവുകയാണ്. ഇനി എനിക്ക് എന്ത് ഓപ്ഷന്‍ ആണുള്ളത്?” എന്നാണ് കങ്കണ എക്‌സില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നത്.

അതേസമയം, ‘എമര്‍ജന്‍സി’ എന്ന ചിത്രമാണ് കങ്കണയുടെതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും കങ്കണയാണ്. ഇന്ദിരാ ഗാന്ധിയായി ചിത്രത്തില്‍ കങ്കണ വേഷമിടുന്നുമുണ്ട്.