വലിയ മണ്ടത്തരമാണ് ഞാന്‍ ചെയ്തത്, അന്ന് അമ്മയോട് അങ്ങനെ പറയാനേ പാടില്ലായിരുന്നു; തെറ്റ് ഏറ്റു പറഞ്ഞ് ജാന്‍വി

താന്‍ അമ്മയ്ക്ക് മുന്നില്‍ വച്ച നിബന്ധനകള്‍ വലിയ മണ്ടത്തരമായി പോയെന്ന് നടി ജാന്‍വി കപൂര്‍. അന്തരിച്ച നടി ശ്രീദേവിയുടെ മകളാണ് ജാന്‍വി. 2018ല്‍ ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ അമ്മ വരുന്നത് താന്‍ വിലക്കിയിരുന്നു എന്നാണ് ജാന്‍വി ഇപ്പോള്‍ പറയുന്നത്.

2018 ഫെബ്രുവരിയില്‍ ആയിരുന്നു നടി ശ്രീദേവി അന്തരിച്ചത്. ഈയടുത്ത് ആയിരുന്നു ശ്രീദേവിയുടെ മരണത്തിന്റെ കാരണം ഭര്‍ത്താവായ ബോണി കപൂര്‍ തുറന്നു പറഞ്ഞത്. ശ്രീദേവി അന്തരിച്ച് മൂന്ന് മാസം പിന്നിട്ടപ്പോഴായിരുന്നു മകള്‍ ജാന്‍വി കപൂറിന്റെ ആദ്യ ചിത്രമായ ‘ധടക്’ റിലീസ് ചെയ്തത്.

അമ്മയുടെ മേല്‍നോട്ടത്തില്‍ നിന്നും എന്നും വിട്ടുനില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് ജാന്‍വി വെളിപ്പടുത്തുന്നത്. ”ശ്രീദേവിയുടെ മകളായതു കൊണ്ടാണ് നിനക്ക് ആദ്യ സിനിമ കിട്ടിയത്” എന്ന് ആളുകള്‍ നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ആദ്യ ചിത്രത്തില്‍ അമ്മയില്‍ നിന്നും ഒരു സഹായവും സ്വീകരിക്കില്ലെന്ന് തീരുമാനിച്ചിരുന്നു.

”എന്റെ മുകളില്‍ അമ്മയ്ക്ക് ഒരു ശ്രദ്ധയുണ്ടെന്ന് മനസിലാക്കിയതിനാല്‍ ആദ്യ സിനിമ തുടങ്ങുമ്പോള്‍ തന്നെ പറഞ്ഞു. ‘ദയവായി സെറ്റില്‍ വരരുത്, എനിക്ക് സ്വന്തമായി ജോലി ചെയ്യണം’ എന്ന്. ഇന്ന് അത് എന്നെ സബന്ധിച്ചിടത്തോളം എത്രത്തോളം മണ്ടത്തരമാണെന്ന് ഞാന്‍ മനസിലാക്കുന്നു.”

Read more

”ഞാന്‍ അന്ന് ഇത്തരം വിഡ്ഢിത്തരങ്ങളെല്ലാം അല്‍പ്പം ഗൗരവമായാണ് കണ്ടിരുന്നത്. അതില്‍ ഞാന്‍ ഇപ്പോള്‍ ഖേദിക്കുന്നു. എനിക്കറിയാം അവര്‍ സെറ്റില്‍ വന്ന് ഒരു അമ്മയായി എന്നെ സഹായിക്കാന്‍ അവര്‍ ഒരുക്കമായിരുന്നു. പക്ഷെ ഞാന്‍ അത് സമ്മതിച്ചില്ല. ഇപ്പോള്‍ ‘അമ്മേ, ദയവായി വരൂ, എനിക്ക് ഷൂട്ട് ഉണ്ട്. എനിക്ക് നിന്നെ വേണം’ എന്ന് പറയാന്‍ ആഗ്രഹിക്കുന്നു എന്നാണ് ജാന്‍വി ആജ് തക്കിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.