നട്ടെല്ലിന് സര്‍ജറി കഴിഞ്ഞ സെയ്ഫ് എങ്ങനെ നടന്നുപോയി? എല്ലാം പിആര്‍ സ്റ്റണ്ടോ? വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

സെയ്ഫ് അലിഖാന് നേരെ നടന്ന ആക്രമണം വെറും പിആര്‍ സ്റ്റണ്ട് ആണെന്ന് സോഷ്യല്‍ മീഡിയ. ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സെയ്ഫ് അലിഖാന്‍ ആരാധകരെ അഭിവാദ്യം ചെയ്ത് നടന്നു പോകുന്ന വീഡിയോ വൈറലായതോടെയാണ് വിമര്‍ശകര്‍ ആക്രമണത്തിനെതിരെ ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്.

നട്ടെല്ലിന് ഉള്‍പ്പടെ ഗുരുതുര പരുക്കേറ്റ താരം പെട്ടന്ന് എങ്ങനെയാണ് ഇത്ര ആരോഗ്യവാനായി നടന്നു പോയത് എന്നതാണ് വീഡിയോ കണ്ട പലരും ചോദിക്കക്കുന്നത്. ആക്രമണത്തില്‍ കഴുത്തിലും നട്ടെല്ലിന് സമീപവും ഉള്‍പ്പെടെ നടന് ആഴത്തില്‍ കുത്തേറ്റു എന്നായിരുന്നു റിപ്പോര്‍ട്ട്.

സെയ്ഫിന്റെ നട്ടെല്ലിന് സമീപത്ത് തറച്ച കത്തിയുടെ ഭാഗങ്ങള്‍ പുറത്തെടുക്കാന്‍ ന്യൂറോശസ്ത്രക്രിയ നടന്നെന്നും, ഇതിന് പുറമേ ഒരു പ്ലാസ്റ്റിക് സര്‍ജറി കൂടിയുണ്ടായിരുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഒടിഞ്ഞ കത്തിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ഇത്രയും ഗുരുതര പരുക്കേറ്റ മനുഷ്യന്‍ ഒരാഴ്ച കൊണ്ട് എങ്ങനെ എഴുന്നേറ്റു നടന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. സ്ട്രച്ചറിന്റെ പോലും സഹായമില്ലാതെ സ്വയം നടന്നാണ് താരം വീട്ടിലേക്ക് കയറിയത്. കയ്യില്‍ ഒരു ബാന്‍ഡേജും കഴുത്തില്‍ മുറിവേറ്റതിന്റെ അടയാളവും വീഡിയോയില്‍ കാണാം. എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും കാണാനില്ല.

ഇതെല്ലാം വെറും പിആര്‍ സ്റ്റണ്ട് ആണെന്നും പൊലീസും രാഷ്ട്രീയക്കാരും ചേര്‍ന്ന് സിനിമാക്കാര്‍ക്കൊപ്പം മികച്ചൊരു തിരക്കഥ മെനയുകയാണ് ചെയ്യുന്നതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ മോഷണത്തിനെത്തിയ ഒരാള്‍ സെയ്ഫിനെ കുത്തിയത്. ബംഗ്ലദേശ് സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.