ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ (53) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

2018- ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.

ശനിയാഴ്ച ഇര്‍ഫാന്‍ ഖാന്റെ മാതാവ് സയീദ ബീഗം മരിച്ചിരുന്നു. ലോക്ഡൗണ്‍ കാരണം ജയ്പുരിലെത്തി മാതാവിനെ അവസാനമായി കാണാന്‍ ഇര്‍ഫാനു സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കള്‍ക്കുമൊപ്പം ഇര്‍ഫാന്‍ മുംബൈയിലായിരുന്നു താമസിക്കുന്നത്.

“അംഗ്രേസി മീഡിയം” ആണ് അവസാന സിനിമ. മാര്‍ച്ച് 13-ന് റിലീസിനെത്തിയ ചിത്രം കൊറോണ ഭീഷണിയെ തുടര്‍ന്ന് ഒടിടി റിലീസ് ചെയ്തിരുന്നു. “മക്ബൂല്‍”, “പികു” എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. “സ്ലം ഡോഗ് മില്യണയര്‍”, “ഇന്‍ഫെര്‍ണോ”, “ലൈഫ് ഓഫ് പൈ” എന്നീ ഹോളിവുഡ് ചിത്രങ്ങളിലും ഇര്‍ഫാന്‍ വേഷമിട്ടിരുന്നു.