ജനതാ കര്‍ഫ്യൂവിന് പിന്തുണ അര്‍പ്പിച്ച് താരങ്ങള്‍; ട്വിറ്ററില്‍ മറുപടി കൊടുത്ത് പ്രധാനമന്ത്രി

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണ അര്‍പ്പിച്ച താരങ്ങള്‍ക്ക് ട്വിറ്ററില്‍ മറുപടി കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോളിവുഡ് അഭിനേതാക്കളുടെയും ഗായകരുടെയും ട്വീറ്റുകള്‍ പ്രധാനമന്ത്രി മോദി പങ്കുവെച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അതിനുള്ള മുന്‍കരുതലുകള്‍ എടുത്ത്് മാരകമായ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ സോഷ്യല്‍ മീഡിയ പ്രശംസിച്ചു.

ഹൃത്വിക് റോഷന്‍, കമല്‍ ഹാസന്‍, അനുപം ഖേര്‍, കാര്‍ത്തിക് ആര്യന്‍, ഗായകന്‍ ബാദ്ഷാ, ശങ്കര്‍ മഹാദേവന്‍ എന്നിവരുടെ ട്വീറ്റുകളാണ് മോദി പങ്കുവച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം നല്‍കിയത്. ഇന്ത്യയില്‍ 258 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 265,867 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.