'മഹാദവേി അക്ക നഗ്ന ആയാണ് അവിടെ നിന്നും ഇറങ്ങിയത്'; ഉര്‍ഫി ജാവേദിനോട് കങ്കണ, ട്വിറ്ററില്‍ പോര്

‘പഠാന്‍’ സിനിമയുടെ വിജയത്തില്‍ പരിഹസിച്ചു കൊണ്ട് കങ്കണ റണാവത് പങ്കുവച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഖാന്‍മാരെ എന്നും രാജ്യം സ്‌നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലീം അഭിനേതാക്കളോട് പ്രേക്ഷകര്‍ക്ക് അഭിനിവേശമാണെന്നും പറഞ്ഞ കങ്കണയ്ക്ക് നടി ഉര്‍ഫി ജാവേദ് നല്‍കിയ മറുപടിയും വൈറലായിരുന്നു.

മുസ്ലീം അഭിനേതാക്കള്‍, ഹിന്ദു അഭിനേതാക്കള്‍ എന്ന് പറഞ്ഞ് വിമര്‍ശിക്കുന്നത് എന്തിനാണ് കലയെ മതത്തിന്റെ പേരില്‍ വിഭജിക്കണോ? എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഉര്‍ഫി ജാവേദിന്റെ മറുപടി. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഉര്‍ഫിക്ക് മറുപടിയുമായി കങ്കണയും രംഗത്തെത്തി. ഇതോടെ കങ്കണ-ഉര്‍ഫി പോരാണ് ട്വിറ്ററില്‍ ശക്തമാകുന്നത്.

”ഉര്‍ഫി, അത് വളരെ ആദര്‍ശ ലോകമായിരിക്കും. പക്ഷേ, നമുക്ക് ഏകീകൃത സിവില്‍ കോഡില്ലാതെ അത് സാധ്യമല്ല. ഭരണഘടനയില്‍ തന്നെ രാജ്യം വേര്‍തിരിച്ചിരിക്കുമ്പോള്‍ ഈ വേര്‍തിരിവ് അങ്ങനെതന്നെ നിലനില്‍ക്കും. അതുകൊണ്ട് നമുക്കെല്ലാവര്‍ക്കും ഒരു ഏകീകൃത സിവില്‍ കോഡിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാം” എന്നാണ് കങ്കണയുടെ ട്വീറ്റ്.

ഇതിന് മറുപടിയുമായി ഉര്‍ഫിയും രംഗത്തെത്തി. ”അത് എന്നെ സംബന്ധിച്ച് ഒരു മോശം തീരുമാനമായിരിക്കും. കാരണം ഞാന്‍ എന്റെ വസ്ത്രധാരണത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്” എന്നാണ് ഉര്‍ഫി തമാശരൂപേണെ പ്രതികരിച്ചത്. കന്നഡയിലെ പ്രമുഖ കവയിത്രിയായ അക്ക മഹാദേവിയുടെ ഒരു കഥ പറഞ്ഞാണ് കങ്കണ ഉര്‍ഫിക്ക് വീണ്ടും മറുപടി നല്‍കിയത്.

മഹാദേവി അക്ക എന്നൊരു രാജ്ഞി ഇന്ത്യയില്‍ ഉണ്ടായിരുന്നു. അവര്‍ ശിവനെ വളരെ അധികം സ്നേഹിച്ചിരുന്നു. തന്നേക്കാള്‍ കൂടുതല്‍ ശിവനെ സ്‌നേഹിക്കുന്നതിനാല്‍ തന്റേതായ ഒന്നും ഉപയോഗിക്കരുത് എന്ന് മഹാദേവിയുടെ ഭര്‍ത്താവ് അവരോട് പറഞ്ഞു. അതോടെ അവര്‍ വസ്ത്രം ഉപേക്ഷിച്ച് നഗ്നയായി കൊട്ടാരത്തില്‍ നിന്നും ഇറങ്ങി.

മഹാദേവി അക്ക കന്നഡ സാഹിത്യത്തിലെ ഒരു തിളങ്ങുന്ന താരമായിരുന്നു. അവര്‍ കാടുകളില്‍ ജീവിച്ചു, ഒരിക്കലും വസ്ത്രം ധരിച്ചില്ല. അതുപോലെ ഒരിക്കലും മറ്റൊരാള്‍ നിങ്ങളുടെ ശരീരത്തെ കുറിച്ച് കുറ്റപ്പെടുത്താന്‍ അനുവദിക്കരുത്. അത് പരിശുദ്ധവും ദിവ്യവുമാണ് എന്നാണ് കങ്കണ ഉര്‍ഫിയോട് പറയുന്നത്.