ആമിര്‍ ഖാനെ പോലെയാകാന്‍ ശ്രമിച്ചു, അവസാനം വൃക്കകള്‍ തകരാറിലായി ആശുപത്രിലായി: നടന്‍ ഫവാദ് ഖാന്‍ 

ആമിര്‍ ഖാനെ പോലെ ആകാന്‍ ശ്രമിച്ച് ആശുപത്രിയിലായി എന്ന് പാകിസ്ഥാനി നടന്‍ ഫവാദ് ഖാന്‍. ‘ദ ലെജന്‍ഡ് ഓഫ് മൗലാ ജാട്ട്’ എന്ന ചിത്രത്തിനായി 25 കിലോയോളമാണ് ഫവാദ് വര്‍ധിപ്പിച്ചത്. 74 കിലോയുണ്ടായിരുന്ന ഫവാദ് 100 കിലോയോളം ശരീര ഭാരം വര്‍ധിപ്പിച്ചിരുന്നു.

താനിപ്പോള്‍ വൃക്കകള്‍ തകരാറിലായി ആശുപത്രിയിലാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫവാദ്. ആമിര്‍ ഖാനില്‍നിന്നും ക്രിസ്റ്റിയന്‍ ബെയ്ലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ശരീരത്തില്‍ മാറ്റം വരുത്തിയതെന്നും, അത് കാരണം ആശുപത്രിയില്‍ ആയതില്‍ ഖേദിക്കുന്നുവെന്നും ഫവാദ് പറഞ്ഞു.

2008ല്‍ ‘ഗജനി’ എന്ന സിനിമയ്ക്കായി ആമിര്‍ ഖാന്‍ തന്റെ ശരീരത്തില്‍ വലിയ പരിവര്‍ത്തനം നടത്തിയിരുന്നു. 13 മാസം കൊണ്ടാണ് ആമിര്‍ അത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. ‘ദങ്കല്‍’ എന്ന ചിത്രത്തിന് വേണ്ടിയും ശരീരഭാരം വര്‍ധിപ്പിച്ച് മേക്കോവര്‍ നടത്തിയിരുന്നു.

ക്രിസ്റ്റിയന്‍ ബെയ്ലും ഇത്തരത്തില്‍ വലിയ ശാരീരിക പരിവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ്. എന്നാല്‍ ഫവാദ് വേണ്ടത്ര സമയം എടുക്കാതെ, ഒന്നരമാസം കൊണ്ട് സ്വയം പരിശീലനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഒടുവില്‍ ആശുപത്രിയിലായത്.

Read more

”ഞാന്‍ എന്നോട് ചെയ്ത നല്ല കാര്യമല്ല ഇത്. ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ല. ഇത് എന്നെ പ്രതികൂലമായി ബാധിച്ചു. ഈ ശാരീരിക പരിവര്‍ത്തനങ്ങള്‍ക്കെല്ലാം ഇരുണ്ട ഒരു മറുവശം ഉണ്ട്. നിങ്ങള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത് ആരോഗ്യത്തിന് വലിയ ദോഷം വരുത്തുമെന്ന് അറിഞ്ഞിരിക്കണം. അത് എനിക്ക് സംഭവിച്ചു. ഞാന്‍ ആശുപത്രിയിലായി. എന്റെ വൃക്കകള്‍ തകരാറിലായി” എന്നാണ് ഒരു അഭിമുഖത്തിനിടെ ഫവാദ് പറഞ്ഞത്.