ഓരോ സിനിമയ്ക്ക് ശേഷം ഷാരൂഖ് എനിക്ക് കാര്‍ വാങ്ങിത്തരും.. അടുത്ത കാര്‍ വാങ്ങാന്‍ സമയമായി: ഫറാ ഖാന്‍

ഷാരൂഖ് ഖാനൊപ്പം ഓരോ സിനിമകള്‍ ചെയ്യുമ്പോഴും തനിക്ക് കാര്‍ വാങ്ങി തരാറുണ്ടെന്ന് പറഞ്ഞ് സംവിധായിക ഫറാ ഖാന്‍. ബോളിവുഡില്‍ ഫറയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാരൂഖ് ഖാന്‍. ഫറയും ഷാരൂഖും ഒന്നിച്ച സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുമാണ്. കാര്‍ വാങ്ങി തരുന്ന ഷാരൂഖിന്റെ സ്വഭാവത്തെ കുറിച്ചുള്ള ഫറയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

നടി അര്‍ച്ചന പുരന്‍ സിംഗിന്റെ വസതിയില്‍ സൗഹൃദ സന്ദര്‍ശനം നടത്തവെയാണ് ഫറ സംസാരിച്ചത്. ഒരു സെലിബ്രിറ്റിയില്‍ നിന്ന് സ്വീകരിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്താണെന്ന അര്‍ച്ചനയുടെ ചോദ്യത്തോടാണ് ഫറ പ്രതികരിച്ചത്. ഒരുമിച്ച് ചെയ്യുന്ന ഓരോ സിനിമകള്‍ കഴിയുമ്പോഴും ഷാരൂഖ് തനിക്ക് കാര്‍ വാങ്ങിത്തരുമായിരുന്നു എന്നാണ് ഫറയുടെ മറുപടി.

അങ്ങനെയാണെങ്കില്‍ താങ്കള്‍ ഉടനെ ഒരു സിനിമ ചെയ്യൂ എന്നായിരുന്നു അര്‍ച്ചനയുടെ തമാശയോടെയുള്ള മറുപടി. ”ഉറപ്പായിട്ടും. എനിക്ക് ഉടന്‍ ഒരു സിനിമ ചെയ്യണം. പുതിയ കാര്‍ വാങ്ങാന്‍ സമയമായി” എന്നാണ് ഇതിന് മറുപടിയായി ഫറ പറയുന്നത്. അതേസമയം, ഓം ശാന്തി ഓം, മേം ഹൂം നാ എന്നീ ചിത്രങ്ങളാണ് ഷാരൂഖിനെ നായകനാക്കി ഫറ ഒരുക്കിയ ചിത്രങ്ങള്‍.

അതേസമയം, ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയി ബോളിവുഡില്‍ കരിയര്‍ ആരംഭിച്ച ഫറ എണ്‍പതോളം സിനിമകളില്‍ നൂറോളം ഗാനങ്ങള്‍ക്ക് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. 2003ല്‍ ഷാരൂഖ് ചിത്രം മേം ഹൂ നാ സംവിധാനം ചെയ്താണ് സംവിധായികയായി ഫറ അരങ്ങേറ്റം കുറിച്ചത്. ഹാപ്പി ന്യൂ ഇയര്‍ എന്ന ഷാരൂഖ് ചിത്രമാണ് ഫറ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

Read more