'വിജയ്‌യെ കുറിച്ച് ഒരു വാക്ക് പറയാമോ..?'; ട്രെന്‍ഡിംഗായി ഷാരൂഖ് ഖാന്റെ മറുപടി

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് വിജയ്‌യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയില്‍ 29 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ഷാരൂഖ് ഖാന്‍ കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിക്കാന്‍ എത്തിയിരുന്നു.

ട്വിറ്ററിലെത്തിയ ഒരു ചോദ്യത്തിന് ഷാരൂഖ് നല്‍കിയ മറുപടിയാണ് ട്രെന്‍ഡിംഗ് ആയത്. വിജയ്‌യെ കുറിച്ച് ഒരു വാക്കു പറയാമോ എന്ന ആരാധകന്റെ ചോദ്യത്തിന്. വെരി കൂള്‍ എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്.

ഷാരൂഖിന്റെ ഈ മറുപടിക്ക് 34,000ല്‍ ഏറെ ലൈക്കുകളും 11,000ല്‍ ഏറെ ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. പല ചോദ്യങ്ങള്‍ക്കും നര്‍മ്മം നിറഞ്ഞ മറുപടികളാണ് ഷാരൂഖ് ഖാന്‍ നല്‍കിയിരിക്കുന്നത്. താങ്കളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന ചോദ്യത്തിന് “മുംബൈയിലെ മഴ പോലെ” എന്നായിരുന്നു പ്രതികരണം.

രാജ്കുമാര്‍ ഹിറാനിക്കൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ടോ എന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്. “”ഇപ്പോള്‍ അദ്ദേഹത്തെ വിളിച്ച് ഈ അഭ്യര്‍ഥന നടത്താന്‍ ഒരുങ്ങുകയായിരുന്നു, അദ്ദേഹം താമസിച്ചാണ് ഉറങ്ങാറ്”” എന്നാണ് നര്‍മ്മം കലര്‍ത്തിയുള്ള ഷാരൂഖിന്റെ മറുപടി.