കല്ലേറില്‍ പരിക്കേറ്റിട്ടില്ല, ആ വാര്‍ത്ത തെറ്റാണ്.. കാശ്മീര്‍ ജനത ഊഷ്മളമായാണ് സ്വീകരിച്ചത്: ഇമ്രാന്‍ ഹാഷ്മി

കാശ്മീരില്‍ തനിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വച്ച് ഇമ്രാന്‍ ഹാഷ്മിക്ക് നേരെ കല്ലേറുണ്ടായെന്നും നടന് പരുക്കേറ്റു എന്നുമുള്ള വാര്‍ത്തകളാണ് വന്നത്. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി.

‘ഗ്രൗണ്ട് സീറോ’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഇമ്രാന്‍ ഹാഷ്മി കാശ്മീരില്‍ എത്തിയത്. തനിക്ക് നേരെ ആക്രമണമുണ്ടായി എന്നത് തെറ്റായ വാര്‍ത്തയാണ്. കാശ്മീര്‍ ജനത തന്നെ ഏറെ ഊഷ്മളമായാണ് സ്വീകരിച്ചത് എന്നാണ് നടന്‍ ട്വിറ്ററില്‍ കുറിച്ചത്.

”കാശ്മീര്‍ ജനത ഏറെ ഊഷ്മളമായാണ് സ്വീകരിച്ചത്. ശ്രീനഗറിലും പഹല്‍ഗാമിലും ചിത്രീകരണത്തിന് എത്താന്‍ കഴിഞ്ഞു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് നേരെ കല്ലേറുണ്ടായെന്ന വാര്‍ത്ത തെറ്റാണ്” എന്ന് ഇമ്രാന്‍ ഹാഷ്മി ട്വീറ്റ് ചെയ്തു.

Read more

അതേസമയം, ‘ടൈഗര്‍ 3’, ‘സെല്‍ഫി’ എന്നീ സിനിമകളും ഇമ്രാന്‍ ഹാഷ്മിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സല്‍മാന്‍ ഖാന്‍ പ്രധാന കഥാപാത്രമാകുന്ന ടൈഗര്‍ 3 അടുത്ത വര്‍ഷം റിലീസ് ചെയ്യും. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി.