'കര്‍ഷകരെ എല്ലാം തെരുവില്‍ ഇരുത്തിയിട്ട് വിദേശത്തെ തണുപ്പില്‍ അവധിയാഘോഷം'; ദില്‍ജിത്തിനെ പരിഹസിച്ച് കങ്കണ, ട്വിറ്ററില്‍ വാക്‌പോര്

ട്വിറ്ററില്‍ വീണ്ടും വാക്‌പോരുമായി കങ്കണ റണൗട്ടും ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ജും. വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന ദില്‍ജിത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് കങ്കണയുടെ വിമര്‍ശനം. കര്‍ഷക സമരത്തിന് പിന്തുണ നല്‍കി കൂടെയിരുന്നു ദില്‍ജിത്ത് ഈ സമയത്ത് അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയത് ശരിയായില്ല എന്നാണ് കങ്കണ പറയുന്നു.

“”കൊള്ളാം സഹോദരാ, നാട്ടില്‍ തീ പിടിപ്പിച്ച്, കര്‍ഷകരെയെല്ലാം ഓരോ കാര്യങ്ങള്‍ പറഞ്ഞ് തെരുവിലിരുത്തിയിട്ട് ലോക്കല്‍ വിപ്ലവകാരി വിദേശത്ത് തണുപ്പില്‍ അവധി ആഘോഷിക്കുന്നു. ഇതാണ് ശരിയായ ലോക്കല്‍ വിപ്ലവം”” എന്നാണ് കങ്കണയുടെ ട്വീറ്റ്.

പിന്നാലെ ദില്‍ജിത്തിന്റെ മറുപടിയും എത്തി. “”പഞ്ചാബ് മുഴുവന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. ദയവ് ചെയ്ത് ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ദിവസവും നോക്കി നടക്കാതിരിക്കുക. നിങ്ങളില്‍ നിന്നും ഒരുപാട് ഉത്തരങ്ങള്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. അതൊരിക്കലും ഞങ്ങള്‍ മറക്കില്ല”” എന്ന് ദില്‍ജിത്ത് കുറിച്ചു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ആരാണ് പോരാടുന്നതെന്ന് കാലം തെളിയിക്കും എന്നാണ് കങ്കണയുടെ മറുപടി. പഞ്ചാബികള്‍ തനിക്ക് എതിരാണെന്നാണോ നിങ്ങള്‍ കരുതുന്നത്. ഇങ്ങനെ വലിയ സ്വപ്നങ്ങളൊന്നും കാണരുതേ, അതിനുള്ള കരുത്ത് നിന്റെ ഹൃദയത്തിന് ഉണ്ടാകണമെന്നില്ലെന്നും കങ്കണ കുറിച്ചു.

Read more

കര്‍ഷക സമരത്തില്‍ നേരിട്ടെത്തി പിന്തുണയര്‍പ്പിച്ച താരങ്ങളില്‍ ഒരാളാണ് ദില്‍ജിത്ത് ദൊസാഞ്ജ്. ഡല്‍ഹിയിലെ കൊടുംതണുപ്പിലും സമരം തുടരുന്ന കര്‍ഷകര്‍ക്ക് കമ്പിളി വസ്ത്രങ്ങളും ഒരു കോടി രൂപയും താരം സഹായമായി നല്‍കിയിരുന്നു.