രണ്‍വീറിന് നല്‍കുന്ന അതേ പ്രതിഫലം വേണമെന്ന് ദീപിക; സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ നിന്നും പുറത്ത്

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബൈജു ബവ്ര എന്ന ചിത്രത്തില്‍ നിന്നും ദീപക പദുക്കോണ്‍ പുറത്ത്. സഹതാരവും ഭര്‍ത്താവുമായ രണ്‍വീര്‍ സിംഗിന് കൊടുക്കുന്ന അതേ പ്രതിഫലം ആവശ്യപ്പെട്ടത് നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതോടെ പുറത്ത് പോയതായാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. തനിക്ക് രണ്‍വീറിനേക്കാള്‍ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്ന് ദീപിക ആവശ്യപ്പെട്ടതായി ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബോളിവുഡിലെ ലിംഗ വിവേചനത്തിന് എതിരെ ശക്തമായി പ്രതികരിച്ച താരങ്ങളില്‍ ഒരാളാണ് ദീപിക.

തുല്യവേതനം ഉറപ്പാക്കുന്നതിലെ പ്രധാന്യത്തെ സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ മൂന്ന് ചിത്രങ്ങളില്‍ ദീപിക നായികയായി എത്തിയിരുന്നു. പദ്മാവത്, ബാജി റാവു മസ്താനി, രാം ലീല തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. ഈ മൂന്ന് ചിത്രങ്ങളിലും രണ്‍വീര്‍ സഹതാരമായിരുന്നു.

രാം ലീലയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. അതേസമയം, ബൈജു ബവ്‌ര 1952ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചിത്രത്തിന്റെ റീമേക്ക് ആണ്. മുഗള്‍ ഭരണാധികാരി അക്ബറിന്റെ കൊട്ടാരത്തില്‍ സംഗീത മാന്ത്രികന്‍ ടാന്‍സനെ വെല്ലുവിളിച്ച ഒരു യുവ സംഗീതജ്ഞന്റെ കഥയാണ് ചിത്രം.