'ഇത് ഇരട്ടത്താപ്പ്, 'ചപാകി'ല്‍ അക്രമി ഹിന്ദുവായി'; ബഹിഷ്‌കരണം ഏറ്റില്ല, ദീപികയ്ക്ക് എതിരെ പുതിയ പ്രചാരണവുമായി സംഘപരിവാര്‍ അനുകൂലികള്‍

ജെഎന്‍യുവില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി ദീപിക പദുക്കോണ്‍ എത്തിയത് വലിയ ചര്‍ച്ചയ്ക്കാണ് വഴി തെളിച്ചത്. ഇതിന് പിന്നാലെ ദീപികയുടെ പുതിയ ചിത്രം ചപാക് ബഹിഷ്‌കരിക്കാനും അണ്‍ഫോളോ ചെയ്യാനും സംഘപരിവാര്‍ അനുകൂല സംഘടനകളും വ്യക്തികളും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ അവയെല്ലാം വിപരീതഫലമാണ് സൃഷ്ടിച്ചത്. സോഷ്യല്‍ മീഡിയയില്‍ ദീപികയ്ക്ക് ഫോളോവേഴ്‌സ് കൂടാനേ ബഹിഷ്‌കരണ കാമ്പയിനുകള്‍ കാരണമായുള്ളു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അടുത്ത പ്രചാരണവുമായി എത്തിയിരിക്കുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന ചപാകില്‍ അക്രമിയുടെ മതം മാറ്റിയെന്നാണ് ആരോപണം. നദീം ഖാന്‍ എന്നാണ് ലക്ഷ്മി അഗര്‍വാളിനെതിരെ ആസിഡ് ആക്രമണം നടത്തിയ വ്യക്തിയുടെ പേരെന്നും എന്നാല്‍ സിനിമയില്‍ അത് രാജേഷ് എന്നാക്കി മാറ്റിയെന്നുമാണ് ആരോപണം. ഇത്തരത്തിലുള്ള ധാരാളം ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ദീപികയ്ക്കെതിരെ അരങ്ങേറിയ ഹേറ്റ് കാമ്പയിനുകള്‍ നടിയുടെ ഇമേജും ജനപ്രീതിയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ചപക് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ ട്വിറ്ററില്‍ ദീപികയെ ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ വമ്പന്‍ വര്‍ദ്ധന തന്നെയാണ് ഉണ്ടായിരിക്കുന്നത്.