എന്നും ചിത്രാജീയുടെ ആലാപനത്തിന് മുന്നില്‍ ഭയഭക്തിയോടെ നില്‍ക്കുകയാണ്, കൂടെ പാടാന്‍ അവസരം ലഭിച്ചത് കരിയറിലെ നാഴികക്കല്ല്: ബോളിവുഡ് ഗായകന്‍

കെ.എസ് ചിത്രയ്ക്ക് ഒപ്പം ആദ്യമായി ഗാനം ആലപിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്. ഇന്ത്യയിലെ പ്രമുഖരായ ഏഴ് ഗായകരെ ഉള്‍ക്കൊള്ളിച്ച് എ.ആര്‍ റഹ്മാന്‍ ഒരുക്കിയ “മേരി പുക്കര്‍ സുനോ” എന്ന ഗാനത്തിലാണ് അര്‍മാനും ചിത്രയും ഒന്നിച്ചെത്തിയത്.

“”കരിയറിലെ നാഴികകല്ല്: പ്രിയപ്പെട്ട ചിത്രാജീക്കൊപ്പം പാട്ടുപാടാന്‍ സാധിച്ചു. എന്തൊരു ഐതിഹാസിക ഗായികയ! ഞാന്‍ എന്നും എപ്പോഴും ചിത്രാജീയുടെ നിഷ്‌കളങ്കമായ ആലാപനത്തിന് മുന്നില്‍ ഭയഭക്തിയോടെ നില്‍ക്കുകയാണ്. ഈ അവസരം നല്‍കിയതിന് എ.ആര്‍ റഹ്മാന്‍ സാറിന് നന്ദി അറിയിക്കുന്നു”” എന്ന് അര്‍മാന്‍ മാലിക് കുറിച്ചു.

അര്‍മാന് ഒപ്പം പ്രവര്‍ത്തിച്ചതില്‍ സന്തോമുണ്ടെന്ന് ചിത്ര മറുപടിയും നല്‍കി. പ്രിയപ്പെട്ടസഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ റഹ്മാന് നന്ദി. ഈ സൃഷ്ടിയുടെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും ചിത്ര ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് “മേരി പുക്കര്‍ സുനോ” എന്ന ഗാനം റിലീസ് ചെയ്തത്. അല്‍ക യാഗ്‌നിക്, ശ്രേയ ഘോഷാല്‍, സാധന സര്‍ഗം, ശാഷാ തിരുപ്പതി, അസീസ് കൗര്‍ എന്നിവരാണ് ഗാനം ആലപിച്ച മറ്റു ഗായകര്‍. ഗുല്‍സറിന്റേതാണു വരികള്‍. പ്രത്യാശയുടെയും രോഗശാന്തിയുടെയും ഗീതമായാണ് “മേരി പുക്കര്‍ സുനോ” പ്രേക്ഷകര്‍ക്കരികിലെത്തിയത്.