79 ന്റെ നിറവില്‍ ബിഗ് ബി

ഇന്ത്യന്‍ സിനിമയുടെ അപൂര്‍വ്വ പ്രതിഭ ബിഗ് ബിയ്ക്ക് ഇന്ന് 79-ാം പിറന്നാളാണ്. ഈ അവസരത്തില്‍ ആരാധകര്‍ക്കായി പുതിയ ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍ രംഗത്തു വന്നിട്ടുണ്ട്. ചിത്രം പങ്കുവെച്ചുകൊണ്ട്, ’80 -ലേക്ക് കടക്കുന്നു ..’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ എഴുതിയത്. ട്വീറ്റിനു താഴെ നിരവധി ചലച്ചിത്ര താരങ്ങളും ആരാധകരുമാണ് ബിഗ് ബിയ്ക്ക് ആശംസകളുമായി എത്തുന്നത്.

തന്റെ അഭിനയ സപര്യയ്ക്കിടയില്‍ ദേശീയ പുരസ്‌കാരം 4 തവണയാണ് താരത്തെ തേടിയെത്തിയത്. ഫാല്‍കെ അവാര്‍ഡ്, പത്മശ്രീ, പത്മഭൂഷണ്‍,പത്മവിഭൂഷണ്‍ എന്നിങ്ങനെ പട്ടിക നീളുന്നു. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്റെ സീമന്ത പുത്രനായി 1942 ഒക്ടോബര്‍ 11-നു ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് താരത്തിന്റെ ജനനം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ മുദ്രാവാക്യമായ ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന വാക്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബച്ചനെ തുടക്കത്തില്‍ ഇന്‍ക്വിലാബ് എന്നാണ് നാമകരണം ചെയ്തത്. എന്നാല്‍ അച്ഛന്റെ സുഹൃത്ത് സുമിത്ര നന്ദന്‍ പന്താണ് കെടാത്ത നാളം എന്ന അര്‍ത്ഥമുള്ള അമിതാഭ് എന്ന പേര് നല്‍കിയത്. ശേഷം അച്ഛന്റെ തൂലികാനാമമായ ബച്ചനും ചേര്‍ത്താണ് അമിതാബ് ബച്ചന്‍ എന്ന പേര് വന്നത്.

1969 ല്‍ മൃണാള്‍ സെന്നിന്റെ ഭുവന്‍ ഷോം എന്ന ദേശീയ അവാര്‍ഡ് സിനിമയില്‍ ശബ്ദം നല്‍കി കൊണ്ടാണ്  ബച്ചന്‍ ചലച്ചിത്ര രംഗത്ത് തന്റെ അരങ്ങേറ്റം നടത്തിയത്. ഖ്വാജാ അഹ്‌മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. ഈ ചിത്രത്തിലെ ഏഴ് നായകന്മാരില്‍ ഒരാളായിട്ടാണ് അദ്ദേഹത്തിന്റെ അഭിനയരംഗത്തേയ്ക്കുള്ള തുടക്കം.

ബോക്‌സോഫീസില്‍ വിജയിച്ചില്ലെങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു. തുടര്‍ന്ന് ഒട്ടനവധി ചിത്രങ്ങള്‍ തന്റെ കൈപ്പിടിയിലൊതുക്കിയെങ്കിലും അവയെല്ലാം ബോക്‌സോഫീസ് പരാജയങ്ങളായിരുന്നു. പിന്നീട് ഒരു ‘പരാജയപ്പെട്ട പുതുമുഖം’ ആയിട്ടാണ് ബച്ചന്‍ രംഗത്തു പിടിച്ചുനില്‍ക്കാനുള്ള തീവ്രശ്രമം നടത്തുന്നത്.

എന്നാല്‍ സലിം ഖാനും ജാവേദ് അക്തറും ബച്ചനിലെ നടനെ കണ്ടെത്തി. പ്രകാശ് മെഹ്‌റയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആക്ഷന്‍ ത്രില്ലര്‍ ‘സഞ്ജീര്‍’ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. പിന്നീടിങ്ങോട്ട് അദ്ദേഹം രചിച്ചത് ചരിത്രമായിരുന്നു. 1975 ഓഗസ്റ്റ് 15നു തിയേറ്ററുകളിലെത്തിയ ഷോലെ ഇന്ത്യന്‍ സിനിമയില്‍ അതുവരെയുണ്ടായിരുന്ന മുഴുവന്‍ കളക്ഷന്‍ റെക്കോഡുകളും മാറ്റിയെഴുതി.

2000ത്തിനു ശേഷം റൊമാന്റിക് ഹീറോ പരിവേഷത്തിന് വിട ചൊല്ലി പക്വതയാര്‍ന്ന കഥാപാത്രങ്ങളുമായി ബിഗ് ബി സ്‌ക്രീനില്‍ നിറഞ്ഞു. സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക്, രാം ഗോപാല്‍ വര്‍മ്മയുടെ സര്‍ക്കാര്‍, നിശ്ശബ്ദ്, ചീനീ കം, പാ, പികു, പിങ്ക് എന്നിവയൊക്കെയാണ് പില്‍ക്കാലത്തെ അമിതാഭ് ബച്ചന്റെ ശ്രദ്ധേയ പ്രകടനങ്ങള്‍. നാഗരാജ് മഞ്ജുളെയുടെ ‘ഝൂണ്ഡ്’, അയന്‍ മുഖര്‍ജിയുടെ ബ്രഹ്‌മാസ്ത്ര, രമേഷ് അരവിന്ദിന്റെ ബട്ടര്‍ഫ്‌ളൈ, അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന മെയ് ഡേ, വികാസ് ബാലിന്റെ ഗുഡ്‌ബൈ എന്നിവയാണ് അമിതാഭ് ബച്ചന്റേതായി പുറത്തുവരാനുള്ള പ്രോജക്ടുകള്‍.