ആശുപത്രിയില്‍ അല്ല, ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ആസ്വദിക്കുകയായിരുന്നു! ബച്ചന് ആരോഗ്യപ്രശ്‌നങ്ങളില്ല..

അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നത് വ്യാജ വാര്‍ത്ത. ആന്‍ജിയോപ്ലാസ്റ്റിക് ശേഷം കാലില്‍ രക്തം കട്ടപിടിച്ചതോടെ നടനെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ബച്ചന്‍ ഇന്നലെ ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരം കാണാന്‍ എത്തിയിരുന്നു എന്നാണ് ഇപ്പോള്‍ എത്തുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരം കാണാന്‍ താനെയിലെ ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തില്‍ മകന്‍ അഭിഷേക് ബച്ചനൊപ്പമാണ് നടന്‍ എത്തിയത്.

താരം മത്സരം കാണാനെത്തിയ വീഡിയോയും ചിത്രങ്ങളും അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടൈഗേഴ്‌സ് ഓഫ് കൊല്‍ക്കത്തയും മാജ്ഹി മുംബൈയും പോരാട്ടം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഒപ്പമാണ് അമിതാഭ് ബച്ചന്‍ ആസ്വദിച്ചത്.

മാച്ച് കഴിഞ്ഞ ശേഷം തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ തിരക്കിയപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കഴിഞ്ഞ ദിവസം നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വാര്‍ത്തകള്‍ എത്തിയെങ്കിലും നടന്റെ കുടുംബമോ ആശുപത്രി അധികൃതരോ പ്രതികരിച്ചിരുന്നില്ല.