കിംഗ് ഖാന്‍ വിളിച്ചാല്‍ നോ പറയാനാകുമോ? ജവാന്റെ ഭാഗമാകാന്‍ അല്ലു അര്‍ജുനും

അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനാകുന്ന ‘ജവാന്‍’ ചിത്രത്തില്‍ അല്ലു അര്‍ജുനും ഭാഗമാകുന്നു. മാസങ്ങള്‍ക്ക് മുമ്പ് നിരസിച്ച ഓഫറാണ് അല്ലു വീണ്ടും സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഒരു മാസം മുമ്പ് അല്ലുവിന്റെ ഭാഗം മുംബൈയില്‍ ചിത്രീകരിച്ചുവെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അര ദിവസത്തെ ജോലി മാത്രം ആവശ്യമുള്ള ചെറിയൊരു അതിഥി വേഷം ആയിരുന്നു അല്ലുവിന്റെത്. അത് അല്ലു പൂര്‍ത്തിയാക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നേരത്തെ ചിത്രത്തിനായി അല്ലു അര്‍ജുനെ സമീപിച്ചപ്പോള്‍ താരം ഓഫര്‍ സ്വീകരിച്ചിരുന്നില്ല.

‘പുഷ്പ 2’വില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ആയിരുന്നു ജവാനിലെ അതിഥി വേഷം അല്ലു വേണ്ടെന്ന് വച്ചത്. അതേസമയം, ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ തിയറ്ററില്‍ എത്തുക.

നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലുമാണ് എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. പ്രിയാമണി, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍, യോഗി ബാബു, സുനില്‍ ഗ്രോവര്‍, ആസ്ത അഗര്‍വാള്‍, റിദ്ധി ദോഗ്ര എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വിജയ്, ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങള്‍ കാമിയോ റോളിലും എത്തും. ജവാന്റെ ഒ.ടി.ടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്‌സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്.