പേര് മാറ്റി ആലിയ ഭട്ട്; രണ്ട് വര്‍ഷത്തിന് ശേഷം തുറന്നു പറഞ്ഞ് താരം

തന്റെ പേര് മാറ്റിയ കാര്യം തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആലിയ ഭട്ട്. 2022ല്‍ രണ്‍ബിര്‍ കപൂറിനെ വിവാഹം ചെയ്തപ്പോള്‍ തന്നെ തന്റെ പേരില്‍ പരിഷ്‌കാരം വരുത്തിയിരുന്നതായാണ് ആലിയ വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ചിത്രമായ ‘ജിഗ്ര’യുടെ പ്രമോഷന്റെ ഭാഗമായി ദ കപില്‍ ശര്‍മ്മ ഷോയില്‍ എത്തിയപ്പോഴാണ് ആലിയ ഇക്കാര്യം പരസ്യമാക്കിയത്.

രണ്‍ബിര്‍ കപൂറുമായുള്ള വിവാഹത്തിന് പിന്നാലെ തന്റെ പേരിനോടൊപ്പം കപൂര്‍ എന്ന പേര് ചേര്‍ത്ത് ആലിയ ഭട്ട് കപൂര്‍ എന്നാക്കി മാറ്റി എന്നാണ് ആലിയ തുറന്നു പറഞ്ഞിരിക്കുന്നത്. കപില്‍ ശര്‍മ്മ ഷോയുടെ ടീസര്‍ കട്ടിലാണ് ആലിയ സംസാരിച്ചത്. 2022ല്‍ വിവാഹിതരായ ആലിയക്കും രണ്‍ബിറിനും റാഹ എന്ന മകളുണ്ട്.

തന്റെ കഥാപാത്രമായ ഡാഫ്ലിയുടെ വേഷം ധരിച്ച് ഷോയില്‍ എത്തിയ സുനില്‍ ഗ്രോവറുമായുള്ള നര്‍മ്മ സംഭാഷണത്തിലാണ് ആലിയ തന്റെ പേര് പറഞ്ഞത്. സുനില്‍ ഗ്രോവര്‍ നടിയെ ‘ആലിയ ഭട്ട്’ എന്ന് അഭിസംബോധന ചെയ്തപ്പോള്‍ ആലിയ അത് സ്വയം തിരുത്തി, ‘ഇത് ആലിയ ഭട്ട് കപൂര്‍’ ആണ് എന്ന് പറയുകയായിരുന്നു.

അതേസമയം, വാസന്‍ ബാല സംവിധാനം ചെയ്യുന്ന ജിഗ്ര എന്ന ചിത്രത്തില്‍ വേദാംഗ് റെയ്നയും അഭിനയിക്കുന്നുണ്ട്.ചിത്രം ഒക്ടോബര്‍ 11ന് ആണ് റിലീസ് ചെയ്യുന്നത്. ജിഗ്രയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് ആലിയ. 1993ല്‍ പുറത്തിറങ്ങിയ ഗുമ്രാഹ് എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ജിഗ്ര എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more