അക്ഷയ് കുമാറിനെ കാണാന്‍ യുവാവ് നടന്നത് 900 കിലോമീറ്റര്‍; ദ്വാരകയില്‍ നിന്ന് മുംബൈയില്‍ എത്തിയത് 18 ദിവസം കൊണ്ട്

താരാരാധന പുതുമയുള്ള വാര്‍ത്തയല്ല. എന്നാല്‍ ചില കടുത്ത ആരാധകരുടെ വാര്‍ത്തകള്‍ എന്നും ചൂടുള്ള വാര്‍ത്തയാണ്. അത്തരത്തിലൊരു ആരാധനയുടെ വാര്‍ത്തയാണ് ബോളിവുഡില്‍ നിന്ന് വരുന്നത്. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിനെ കാണാന്‍ ഒരു യുവാവ് താണ്ടിയത് 900 കിലോമീറ്ററാണ്. തന്റെ പ്രിയതാരത്തെ കാണാന്‍ പര്‍ബത് എന്ന യുവാവ് ദ്വാരകയില്‍ നിന്ന് മുംബൈ വരെ 900 കിലോമീറ്റര്‍ കാല്‍നടയായാണ് എത്തിയത്.

അക്ഷയ് കുമാര്‍ തന്നെയാണ് ഈ ആരാധക വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. “ഇന്ന് പര്‍ബതിനെ കണ്ടു. ദ്വാരകയില്‍ നിന്നും 900 കിലോമീറ്ററോളം നടന്നാണ് അവന്‍ ഇവിടെ എത്തിയത്. 18 ദിവസംകൊണ്ട് മുംബൈയിലെത്തി ചേര്‍ന്ന അവന്‍ എന്നെ ഇന്നു കാണാന്‍ പദ്ധതിയിടുകയായിരുന്നു. നമ്മുടെ യുവാക്കള്‍ അവരുടെ ലക്ഷ്യം കണ്ടെത്താനായി ഇത്തരത്തിലുള്ള ആസൂത്രണവും ദൃഢനിശ്ചയവുമാണ് ഉപയോഗിക്കുന്നതെങ്കില്‍, പിന്നെ അവരെ തടയാന്‍ ഒന്നിനുമാകില്ല.” ആരാധകനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

Read more

ആരാധകനെ നിരാശനാക്കാതെ ആഗ്രഹം സാധിച്ചു കൊടുത്ത അക്ഷയ് കുമാര്‍ ആരാധകരോട് ചില കാര്യങ്ങളും പങ്കുവെച്ചു. നിങ്ങളെ കാണുന്നതില്‍ താന്‍ വളരെ സന്തോഷവാനാണെങ്കിലും, ഇത്തരം സാഹസങ്ങളും പ്രവൃത്തികളും ഒഴിവാക്കണമെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. സമയവും ഊര്‍ജ്ജവും ദൃഢനിശ്ചയവുമെല്ലാം നിങ്ങളുടെ ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ ഉപയോഗിക്കൂ എന്നാണ് അക്ഷയ് കുമാര്‍ ആരാധകരോടായി പറഞ്ഞത്.