രണ്ട് ദിവസം കൊണ്ട് ഗംഭീര മുന്നേറ്റവുമായി ബോളിവുഡ് ചിത്രം ഛാവ. ആദ്യ രണ്ട് ദിവസങ്ങളിൽ ഇന്ത്യൻ ബോക്സോഫീസിൽ നിന്നും 67 കോടിയിലധികം സമ്പാദിച്ചു ബോളിവുഡിൽ വീണ്ടും വിജയത്തിളക്കം നിറയ്ക്കുകയാണ് വിക്കി കൗശൽ-രശ്മിക മന്ദാന ചിത്രം. വാലന്റൈൻസ് ദിനത്തിലാണ് ഛാവ തിയേറ്ററുകളിലെത്തിയത്.
ആദ്യത്തെ ആഴ്ച തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. മാത്രമല്ല, തിരക്ക് കൂടിയതോടെ പല സ്ഥലങ്ങളിലും തീയേറ്ററുകളിലും രാവിലെ ഏഴ് മണി ഷോകളും അർധരാത്രി ഷോകളും ഏർപെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയിലാണ് ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കുന്നത്. മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മഹാരാജാവിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോൻസാലെ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന വേഷമിട്ടത്.
ലക്ഷ്മൺ ഉടേക്കർ ആണ് ഛാവ സംവിധാനം ചെയ്തത്. ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമായാണ് ഛാവ പ്രേക്ഷകരിലേക്കെത്തിയത്. അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. എആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.