'പത്ത് വയസുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ കൺട്രോള്‍ പോകുന്നത് പോലെ മൂന്ന് വയസില്‍ താഴെയുള്ള കുഞ്ഞിന്റെ കഷ്ടപ്പാട് കണ്ടാലും ലേശം കൺട്രോള്‍ പോകാം; അയ്യപ്പന്‍ കുറച്ച് സമൂഹബോധം പുലര്‍ത്തണം'

ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊണ്ട് ശബരിമലയുടെ തിരക്കിലേക്ക് എത്തിയ പിതാവിനെ വിമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തക. അഞ്ചര മണിക്കൂര്‍ ശബരിമലയില്‍ ക്യൂ നിന്ന അച്ഛന്റെ ‘കണ്ണീരിനെ’ കുറിച്ച് വാര്‍ത്ത കണ്ടു. അയ്യപ്പന്‍ കുറച്ചുകൂടി സമൂഹ്യബോധം പുലര്‍ത്തണം. 10 വയസ്സ് കഴിഞ്ഞുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ കണ്ട്രോള്‍ പോകുന്നത് പോലെ മൂന്ന് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ കഷ്ടപ്പാട് കണ്ടാലും ലേശം കണ്ട്രോള്‍ പോകാമെന്ന് അനഘ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അന്ധമായ ഭക്തിയുടെയും സ്വാര്‍ത്ഥ താത്പര്യങ്ങളുടെയും പേരില്‍ കുഞ്ഞിനെ ഈ യാതനയ്ക്ക് പാത്രമാക്കിയ പിതാവിന്റെ കണ്ണീരിനെ കുറിച്ച് വാര്‍ത്ത കൊടുക്കുന്നവര്‍ക്ക് ഏത് കാലത്ത് ഇനി നേരം വെളുക്കാന്‍ ആണ് ആ കുട്ടിയുടെ അച്ഛനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുക്കുകയാണ് വേണ്ടതെന്ന് അവര്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊണ്ട് അഞ്ചര മണിക്കൂര്‍ ശബരിമലയില്‍ ക്യൂ നിന്ന അച്ഛന്റെ ‘കണ്ണീരിനെ’ കുറിച്ച് വാര്‍ത്ത കണ്ടു. അയ്യപ്പന്‍ കുറച്ചുകൂടി സമൂഹ്യബോധം പുലര്‍ത്തണം. 10 വയസ്സ് കഴിഞ്ഞുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ കണ്ട്രോള്‍ പോകുന്നത് പോലെ മൂന്ന് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ കഷ്ടപ്പാട് കണ്ടാലും ലേശം കണ്ട്രോള്‍ പോകാം. ഇത്ര തിക്കും തിരക്കുമുള്ള ഒരിടത്ത്, സമാധാനമായി ഇരിക്കാനോ കിടക്കാനോ കഴിയാത്ത സാഹചര്യത്തില്‍, അച്ഛന്റെ ഇറുക്കി പിടിച്ച കൈകളില്‍ ഡയപ്പര്‍ മാറ്റാന്‍ പോലും സൗകര്യമില്ലാതെ പല തവണ കരഞ്ഞും മയങ്ങിയും കഴിച്ചു കൂട്ടിയ ആ കുഞ്ഞിന്റെ കഷ്ടപ്പാട് കാണാതെ, സ്വന്തം അന്ധമായ ഭക്തിയുടെയും സ്വാര്‍ത്ഥ താത്പര്യങ്ങളുടെയും പേരില്‍ കുഞ്ഞിനെ ഈ യാതനയ്ക്ക് പാത്രമാക്കിയ പിതാവിന്റെ കണ്ണീരിനെ കുറിച്ച് വാര്‍ത്ത കൊടുക്കുന്നവര്‍ക്ക് ഏത് കാലത്ത് ഇനി നേരം വെളുക്കാന്‍ ആണ് ആ കുട്ടിയുടെ അച്ഛനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുക്കുകയാണ് വേണ്ടത്.

അഞ്ചര മണിക്കൂര്‍ യാതന സഹിച്ച് അയ്യപ്പനെ കണ്ട് തൊഴാനുള്ള ഭക്തിയൊന്നും ഒന്നര വയസ്സുള്ള കുഞ്ഞിന് ഇല്ല. മേലാല്‍ അമ്പലങ്ങളിലും പള്ളികളിലും മറ്റേത് ആരാധനാലയങ്ങളിലും സ്വന്തം സാഡിസത്തിന്റെ പേരില്‍ കുഞ്ഞുങ്ങളെ കഷ്ടപ്പെടുത്തുന്ന മുതിര്‍ന്നവര്‍ക്ക് ഇതൊരു പാഠമാകണം.

‘പാല് കുടിക്കാതെ കരഞ്ഞ കുഞ്ഞിനോട് പോലീസ് ദയ കാണിച്ചില്ല’ പോലും. ആദ്യം ദയ കാണിക്കേണ്ടത് കുറഞ്ഞിന്റെ രക്ഷിതാക്കള്‍ ആയിരുന്നു. തീര്‍ത്ഥാടന സീസണില്‍ അമ്മയെ പോലും കൂട്ടാതെ മുലകുടി-പ്രായത്തില്‍ ഉള്ള കുഞ്ഞിനെ ശബരിമല പോലുള്ള ഒരു സ്ഥലത്തേക്ക് കൊണ്ട് വരുമ്പോള്‍ എന്ത് കരുതി? തൊട്ടിലും ശുദ്ധവായുവും നേഴ്സിങ് സ്റ്റേഷനും കാണുമെന്നോ?! അയാള്‍ ആവശ്യപ്പെട്ടിട്ടും പുറത്ത് പോകാന്‍ സമ്മതിക്കാത്ത പോലീസ് അതിലും സാഡിസ്റ്റുകള്‍..

Footnote: അഞ്ചര മണിക്കൂര്‍ ഒരു കുഞ്ഞ് മൂത്രമൊഴിക്കാതെ കഴിച്ചുകൂട്ടി എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. അപ്പോള്‍ ശരീരത്തില്‍ നിന്ന് വരുന്ന മാലിന്യം പുറത്തെത്താതിരിക്കാന്‍ തുണിയും പഞ്ഞിയും ചേര്‍ന്ന ആവരണം അണിയുന്നത് കൊണ്ട് അയ്യപ്പനും ഭക്തര്‍ക്കും കുഴപ്പമില്ലല്ലേ. മാലിന്യത്തിന്റെ നിറമാണ് കുഴപ്പം. അല്ല, ചുമ്മാ ചോദിച്ചെന്നേ ഉള്ളൂ.