മുന്‍ഗണന നിങ്ങള്‍ക്കു തന്നെ; കാട്ടാനയ്ക്ക് പോവാന്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റുമാര്‍; വൈറലായി ദൃശ്യങ്ങള്‍; വീഡിയോ

കാട്ടാനയെ കടത്തി വിടാന്‍ ട്രെയിന്‍ നിര്‍ത്തിക്കൊടുത്ത് ലോക്കോ പൈലറ്റുമാര്‍. നിര്‍ത്തിയിട്ട ട്രെയിന് അടുത്തെത്തിയ കാട്ടാന തുമ്പിക്കൈ കൊണ്ട് ട്രെയിനിനെ തൊടുകയും പാളത്തിന് കുറുകെ കയറി നില്‍ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിലാണ് സംഭവം.

പാളത്തിന് സമീപം ആനയെ കണ്ടതോടെയാണ് ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിന്‍ നിര്‍ത്തിയതോടെ ലോക്കോ ക്യാബിന് അടുത്തേക്ക് നടന്നെത്തിയ ആന ചെറിയ രീതിയില്‍ ട്രെയിന്‍ തള്ളി നീക്കാന്‍ ശ്രമിച്ചു. ഇതോടെ ഭയന്ന ലോക്കോ പൈലറ്റ് ട്രെയിന്‍ ഹോണ്‍ അടിച്ചു.

ഹോണ്‍ ശബ്ദം കേട്ട് ഭയന്നതോടെ ആന ക്യാബിന് അടുത്ത് നിന്ന് പിന്‍വാങ്ങിയെങ്കിലും പാളത്തില്‍ കയറി നിന്നു. വാതിലുകള്‍ അടയ്ക്കാനും ഹോണ്‍ അടിക്കാനും പറയുന്ന ലോക്കോ പൈലറ്റുമാരുടെ ശബ്ദത്തോട് കൂടിയുള്ള വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.