പാര്‍വതിയെ ആരാധകക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടിട്ടും മൗനം പാലിക്കുന്ന “മമ്മൂക്ക”യുടെ നിലപാട് കുറ്റകരമായ മൗനമാണെന്ന് ഷിംനാ അസീസ്. ഇന്‍ഫോക്ലിനിക്ക് എന്ന ഡോക്ടര്‍മാരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗമായ ഷിംന ഫെയ്സ്ബുക്കില്‍ സ്ഥിരമായി എഴുതുന്ന വ്യക്തിയും മലപ്പുറത്തെ ആശുപത്രിയില്‍ ഡോക്ടറുമാണ്. മീസില്‍സ് റൂബെല്ലാ വാക്സിന് കുത്തിവെയ്പ്പ് പ്രചരിപ്പിക്കാനായി ഷിംനയും കൂട്ടരും നടത്തിയ പ്രയത്നങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന സ്ത്രീകളെ ഫെമിനിച്ചികള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവര്‍ മുസ്ലീം സ്ത്രീകളെ മാപ്പിള ഫെമിനിച്ചികള്‍ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്ന് ഷിംന തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ എഴുതി. പാര്‍വതി കഴിവുള്ളതും മൊഞ്ചുള്ളതും തലയ്ക്കകത്ത് ആള്‍ത്താമസവുമുള്ള നടിയാണെന്നും അവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണെന്നും ഷിംന അഭിപ്രായപ്പെട്ടു.
ഷിംന എഴുതിയത് ഇങ്ങനെ.
നല്ല തന്റേടവും മൊഞ്ചും അഭിനയശേഷിയും തലക്കകത്ത് ആള്‍ത്താമസവുമുള്ള അസ്സല് പെണ്ണാണ് പാര്‍വ്വതി. ഓളൊന്ന് തലയുയര്‍ത്തി നെഞ്ചും വിരിച്ച് കുറച്ച് സത്യങ്ങള്‍ വിളിച്ച് പറഞ്ഞപ്പോ ഭൂലോകമലയാളത്തിലെ സകല ആണധികാരവാദികള്‍ക്കും ഒന്നിച്ചു കുരുപൊട്ടിയത് കണ്ടുകൊണ്ടിരിക്കുന്നു സ്ട്രീമില്‍.
പെണ്ണുങ്ങള്‍ക്ക് വേണ്ടി മിണ്ടിയാല്‍ കുറ്റം, ആണുങ്ങള് എന്ന് വെച്ചാല്‍ പടച്ചോന്റെ പര്യായമാണ് എന്ന് തീരുമാനിച്ചുറപ്പിച്ച ചിലതുങ്ങളുടെ താന്തോന്നിത്തരത്തെ കുറിച്ച് തുറന്നെഴുതിയാല്‍ കുഴപ്പം, ആ പോട്ടെ, സ്വന്തം മനസ്സിലുള്ളത് എവിടേലുമൊന്ന് കുത്തിക്കുറിച്ച് കണ്ടാല്‍ സഹിക്കൂല, ആകെ മൊത്തം ഡിസോര്‍ഡര്‍. ഞങ്ങള്‍ സുജൂദ് ചെയ്യണം പോലും, മനസ്സിലായില്ലേ? അതന്നെ, നമ്മുടെ സാഷ്ടാംഗപ്രണാമം. നടന്നത് തന്നെ !
ആണുങ്ങളുടെ ലൈക്കും ഷെയറും കയ്യടിയും യഥേഷ്ടം കിട്ടുന്നത് എഴുതുന്നതും പറയുന്നതും പെണ്ണായത് കൊണ്ടാണെന്ന് ചില അവന്മാരുടെ കരക്കമ്പി. അല്ല, അവര്‍ക്ക് ഞങ്ങളെ മനുഷ്യനായി കാണാന്‍ പറ്റുന്നത് കൊണ്ടാണ്. നല്ല കണ്ടീഷനിലുള്ള അവയവം ഒരെണ്ണം ഞങ്ങള്‍ക്കും കാതുകള്‍ക്കിടയിലുമുണ്ട് മിസ്റ്റര്‍. തനിക്കത് കാണൂല, തന്റെയൊക്കെ ചിന്ത വരെ അരക്കെട്ടില്‍ നിന്നാകുമല്ലോ ഉരുത്തിരിയുന്നത് !
പിന്നെ വന്ന് എടീ, പോടീ, പെണ്ണേ, ചെലക്കാതെ പോടീ, മറ്റോളേ, മറിച്ചോളേ വിളിക്കുന്നത്… അത് തന്റെ തറവാട്ടിലെ കണ്ണാടിയുടെ മുന്നില്‍ പുറത്തെടുത്താല്‍ മതി. ഉശിരുള്ള പെണ്ണുങ്ങളുടെ അടുത്ത് ഉണ്ടാക്കേണ്ട.
തലയിലൊരു തട്ടമുള്ളത് കൊണ്ട് ഞമ്മള് പിന്നെ വെറും ഫെമിനിച്ചിയല്ല- “മാപ്പിള ഫെമിനിച്ചി” ആണ് പോലും! ഏതോ മഹാന്റെ കമന്റില്‍ കണ്ടതാണ്. പാര്‍വ്വതി എന്നല്ല, ഏത് പെണ്ണിനും ഉള്ളത് വിളിച്ച് പറയാം, വിളിച്ച് പറയുകയും ചെയ്യും. കുരങ്ങ് ചാടിക്കലും പുച്ഛിക്കലും അവഹേളിക്കലുമൊക്കെ കൈയില്‍ വെച്ചോണ്ടിരുന്നാല്‍ മതി.
ആ പിന്നേ, മമ്മൂക്കാന്റെ ഫാനായാലും കൊള്ളാം കാറ്റാടി ആയാലും കൊള്ളാം, പാര്‍വ്വതി സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പച്ചത്തെറി വിളിക്കുന്നോര്‍ക്ക് നേരെ അരവാക്ക് മിണ്ടാതെ കുറ്റകരമായ മൗനം പാലിക്കുന്ന ഇക്കാനോട് നല്ല അസ്സല് അഭിപ്രായവ്യത്യാസം ഉണ്ട്. വല്ല്യോരു സ്റ്റാറാന്ന് വെച്ചിട്ട് ആര്‍ക്കും വിമര്‍ശിച്ചൂടാ എന്നൊന്നുമില്ല. അതോട് കൂടി കടന്നല്‍കൂടിന് കല്ലേറ് കൊണ്ട മാതിരി ഇളകിയവരെ തിരിച്ച് കൂട്ടില്‍ കേറ്റാന്‍ നല്ലോണം ഒന്ന് തുറിച്ച് നോക്കിയാല്‍ പോരായിരുന്നോ? അതോ ഇനി പാര്‍വ്വതി ഉറക്കെയൊന്ന് കരഞ്ഞിരുന്നെങ്കില്‍ ഉണരാമായിരുന്നൂ എന്നും കരുതി കണ്ണിലെണ്ണ കോരിയൊഴിച്ച് കട്ട വെയിറ്റിംഗ് ആണോ? ഓള് അതെല്ലാം പിന്‍വലിച്ചിട്ട് ഇങ്ങളെ പ്ലാന്‍ നടന്നത് തന്നെ. ഓളേയ്, നല്ല അസ്സല് പെങ്കുട്ട്യാ…
പെണ്ണായത് കൊണ്ട് നാല് തെറിവിളിയും രണ്ട് ആരോപണവും മൂന്നര കമന്റും ഒന്നേ കാല് ചുഴിഞ്ഞ്നോട്ടവും കൊണ്ട് മൂലക്കിരുത്താമെന്നാണേല്, തെറ്റി മന്ഷമ്മാരേ… ഇത് കാലം വേറെയാ…
അങ്ങനത്തവന്മാര്ക്കൊക്കെ ഒരു റൗണ്ട് ഓടീട്ട് വരാവുന്നതേയുള്ളൂ… പോ, പോയി #OMKV
അതെ, ഇതത് തന്നെയാണ് #FeminichiSpeaking , എന്ത്യേയ്…
Read more
https://www.facebook.com/shimnazeez/posts/10156128581567755