നിശബ്ദയാകാന്‍ ഒരുക്കമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് മുഖവും പേരും വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് പി ടി കുഞ്ഞുമുഹമ്മതിനെതിരെ പരാതി നല്‍കിയ ഡോ. ആശ ആച്ചി ജോസഫ്. നിര്‍മാതാവും സംവിധായകനും ഗുരുവായൂരീല്‍ സിപിഎമ്മിന്റെ മുന്‍ സ്വതന്ത്ര എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദാണ് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് തുറന്നു പറഞ്ഞ് ഡോ. ആശ മലയാള മനോരമയിലാണ് തുറന്നെഴുത്ത് നടത്തിയത്.
മലയാള മനോരമയുടെ എഡിറ്റോറിയല്‍ പേജില്‍ ഡോ. ആശ ആച്ചി ജോസഫ് താന്‍ നേരിട്ട ട്രോമയും ഒത്തുതീര്‍പ്പ് ശ്രമങ്ങളുമെല്ലാം വിവരിക്കുന്നുണ്ട്. നിശബ്ദത ഒരിക്കലും പുരുഷാധിപത്യത്തെ തകര്‍ത്തിട്ടില്ലെന്നും ചരിത്രത്തില്‍ നിന്ന് മായ്ക്കപ്പെടാന്‍ തയ്യാറല്ലെന്നും അവര്‍ ഉറച്ചു പറയുന്നു. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തിട്ടും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഏറെ വൈകിയെന്നും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത് വരെ കാത്തിരുന്നുവെന്നും ആശ ലേഖനത്തില്‍ പറയുന്നുണ്ട്. ഒത്തുതീര്‍പ്പിനും പിന്തിപ്പിക്കാനുമുള്ള ശ്രമമായിരുന്നു പിന്നീട് കണ്ടതെന്നും എന്നാല്‍ ഒത്തുതീര്‍പ്പെന്ന അപമാനത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും വ്യക്തമാക്കിയാണ് ആശയുടെ തുറന്നെഴുത്ത്. നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കുക, കാര്യങ്ങള്‍ സങ്കീര്‍ണമാക്കരുത്, സംരക്ഷണം ലഭിക്കും’ ഇതായിരുന്നു ഉപദേശംമെന്നും എന്നാല്‍ മിണ്ടാതിരിക്കുക്കുക എന്നത് തന്റെ അന്തസിന് മേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമായി തോന്നിയെന്നും ആശ ആച്ചി ജോസഫ് കുറിയ്ക്കുന്നു.
ഞാന്‍ ഡോ ആശ ആച്ചി ജോസഫ്, തൊഴിലിടത്തെ ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരു സ്ത്രീ എന്ന് പറഞ്ഞാണ് മലയാള മനോരമയിലെ ലേഖനം ആശ തുടങ്ങുന്നത്. നിഗൂഢമായ ഇടവഴിയിലോ ഇരുണ്ടതും ഒറ്റപ്പെട്ടതുമായ സ്ഥലത്തോ അല്ല, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, പുരോഗമന മൂല്യങ്ങള്‍ അവകാശപ്പെടുന്ന സാംസ്‌കാരിക സ്ഥാപനമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിര്‍വഹിക്കുമ്പോഴാണു താന്‍ അപമാനിക്കപ്പെട്ടതെന്ന് ആശ പറയുന്നു.
2025ലെ കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) സിലക്ഷന്‍ കമ്മിറ്റി അധ്യ ക്ഷനും മലയാളസിനിമയിലെ അറിയപ്പെടുന്ന നിര്‍മാതാവും സംവിധായകനും കൈരളി ടിവി മുന്‍ ഡയറക്ടറും ഗുരുവായൂര്‍ മുന്‍ എംഎല്‍എ യുമായ പി.ടി.കുഞ്ഞുമുഹമ്മദ് ആണ് എനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. അതിക്രമം ഒരുവിധ തെറ്റിദ്ധാരണയുടെയും ഭാഗമല്ല; ഒറ്റപ്പെട്ട പെരുമാറ്റദൂഷ്യവുമല്ല. സ്വന്തം സ്ഥാനത്തിന്റെ അധികാരപരമായ നേട്ടം എന്താണെന്ന് അറിയുന്ന ഒരാള്‍ ബോധപൂര്‍വം : ചെയ്ത പ്രവൃത്തിയാണ്.
ലൈംഗികാതിക്രമത്തിനോ ബലാത്സംഗത്തിനോ ഇരയായിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീകളുടെ പേര് ഇര, അതിജീവിത, യുവതി എന്നൊക്കെയാണ്. എന്നാല്‍ ഈ പേരുകളൊന്നും വിളിച്ച് തന്നെ നിശബ്ദയാക്കേണ്ടെന്ന് സധൈര്യം തുറന്നുപറയുകയാണ് ആശ ആച്ചി ജോസഫ്. അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമോ ഒറ്റപ്പെട്ട പെരുമാറ്റദൂഷ്യമോ അല്ലെന്നും സ്വന്തം പദവിയും അധികാരവും അതിന്റെ നേട്ടങ്ങളും എന്താണെന്നറിയുന്ന ഒരാള്‍ ബോധപൂര്‍വം ചെയ്ത പ്രവൃത്തിയാണെന്നും ആശ വ്യക്തമാക്കുന്നു. തന്നെക്കുറിച്ച് പറയാന്‍ ‘ഇര’, ‘അതിജീവിത’ എന്നീ പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വ്യക്തി എന്ന അടിസ്ഥാന അവകാശം പോലും മായ്ച്ചുകളയാന്‍ സമൂഹം ശ്രമിക്കുന്നതായി അനുഭവപ്പെടുന്നു. സംരക്ഷണത്തിന്റെയോ സുരക്ഷയുടെയോ പേരില്‍ സ്ത്രീ നിശബ്ദയാകാന്‍ പാടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് ഈ തുറന്നെഴുത്ത് എന്നും ആശ വിവരിക്കുന്നു.
പങ്കാളിയോടും മകളോടും സഹോദരങ്ങളോടുമൊക്കെ സംഭവം പങ്കുവയ്ക്കാന്‍ തനിക്കു സമയം വേണ്ടിവന്നെന്നും കേട്ടപ്പോള്‍ പരാതി കൊടുക്കുന്നില്ലേ എന്നായിരുന്നു മകളുടെ ആദ്യ ചോദ്യമെന്നും ആശ പറയുന്നു. എല്ലാം പരാതിയില്‍ ഒതുങ്ങുമോ എന്ന ചോദ്യം ഭയപ്പെടുത്തി. നിരാശയ്ക്കിടയിലും ഉത്തരവാദിത്തബോധത്തോടെ നവംബര്‍ 24ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ എല്ലാ കാര്യങ്ങളും വിവരിച്ചിരുന്നുവെന്നും ആശ പറയുന്നു. നാലു ദിവസത്തിനകം രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ഉടന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന് അറിയിച്ചു. ഇതിനിടെ ഫോണിലൂടെ ദുഃഖവും ഐക്യ ദാര്‍ഢ്യവും അറിയിച്ച അക്കാദമി ഭാരവാഹികള്‍ പ്രതിയെ അകറ്റി നിര്‍ത്തുമെന്നും വാഗ്ദാനം ചെയ്തു. ‘പ്രതി ഐഎഫ്എഫ്‌കെയില്‍ ഉണ്ടാവില്ല, വിവര പുസ്തകത്തില്‍ പേര് ഉള്‍പ്പെടുത്തില്ല, ചലച്ചിത്ര മേഖലയിലെ ലൈംഗികാതിക്രമത്തിനെതിരെ സീറോ ടോളറന്‍സ്’ പ്രഖ്യാപിക്കും എന്നിവയായിരുന്നു വാഗ്ദാനങ്ങള്‍.
‘വിചിത്രമെന്നു പറയട്ടെ, ഡിസംബര്‍ എട്ടിന് ചാനലുകളില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതിനിടയില്‍ തദ്ദേശ തിരഞ്ഞെടുപ്പും ഐഎഫ്എഫ്‌കെയും നടന്നു. എന്റെ ശബ്ദം ഉയരാതിരിക്കാനാണോ നീക്കങ്ങള്‍ വേഗത്തിലായതെന്നു ചോദിക്കാതെവയ്യ. സംഭവത്തിനുശേഷം ചിലര്‍ നിശ്ശബ്ദതയെ സുരക്ഷയായി നിര്‍വചിക്കാന്‍ ഉപദേശിച്ചു, ‘നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കുക, കാര്യങ്ങള്‍ സങ്കീര്‍ണമാക്കരുത്, സംരക്ഷണം ലഭിക്കും’ ഇതായിരുന്നു ഉപദേശം. പക്ഷേ അവരാവശ്യപ്പെട്ട നിശബ്ദത തന്റെ അന്തസ്സിനുമേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമായാണ് തോന്നിയതെന്നും ആശ എഴുതുന്നു.
എളുപ്പമായത് കൊണ്ടല്ല താന്‍ സംസാരിക്കു്ന്നതെന്നും നിശബ്ദത തന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട രണ്ടാമത്തെ അതിക്രമമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും ആശപറയുന്നുണ്ട്. അതിക്രമം റിപ്പോര്‍ട്ട് ചെയ്തില്ലായിരുന്നെങ്കില്‍ കുറ്റവാളി അടുത്ത ഔദ്യോഗിക കര്‍ത്തവ്യം ഏറ്റെടുക്കാന്‍ ഭയപ്പെടുമായിരുന്നോ എ്ന്നും ഈ സംഭവം അയാളെ ഊണിലും ഉറക്കത്തിലും പിന്തുടരുമായിരുന്നോ എന്നും ആശ ചോദിക്കുന്നു.
ചരിത്രത്തില്‍നിന്ന് മായ്ക്കപ്പെടാന്‍ തയാറല്ല. നിശ്ശബ്ദത ഒരിക്കലും പുരുഷാധിപത്യത്തെ തകര്‍ത്തിട്ടില്ലെന്നും ധൈര്യവും ധാര്‍മികവ്യക്തതയും മാത്രമാണ് മാറ്റങ്ങള്‍ സൃഷ്ടിച്ചതെന്നും ആശ കൂട്ടിച്ചേര്‍ക്കുന്നു. ‘എന്റെ ശബ്ദം നാളെ മറ്റൊരു സ്ത്രീക്കു സംസാരിക്കാനുള്ള ഭയം കുറച്ചുകൂടി കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇത് പറയുന്നത്. സുരക്ഷ വാഗ്ദാനം ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തമേല്‍ക്കണം എന്ന ആവശ്യം ഉയര്‍ത്താന്‍ കൂടിയാണ് ഈ തുറന്നെഴുത്തെന്ന് പറഞ്ഞാണ് ആശ ലേഖനം അവസാനിപ്പിക്കുന്നത്.
ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കെന്ന പേരില്‍ തലസ്ഥാനത്തെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ചലച്ചിത്ര പ്രവര്‍ത്തകയെ പി ടി കുഞ്ഞുമുഹമ്മദ് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.
Read more
NOTE : ലേഖനത്തിന്റെ പൂര്‍ണരൂപത്തിനായി ഇന്നത്തെ മലയാള മനോരമ ദിനപത്രത്തിലെ എഡിറ്റോറിയല്‍ പേജ് വായിക്കാവുന്നതാണ്.







