പർദ്ദയിലെ മതരാഷ്ട്രീയം; കേരളത്തിൽ ഇസ്ലാമിസ്റ്റ് പ്രവർത്തനങ്ങൾക്കായി വിദേശ യൂണിവേഴ്സിറ്റിയിൽനിന്ന് ശമ്പളം വാങ്ങുന്നവർ- എം.പി ബഷീർ

കേരളത്തിലെ മുസ്ലിം സ്ത്രീകൾക്കിടയിൽ പർദ്ദ വ്യാപിച്ചതിനെക്കുറിച്ച് ക്ലബ് ഹൗസിൽ പറഞ്ഞ കാര്യങ്ങൾ പലവ്യാഖ്യാനങ്ങളിലും പുറത്ത് വന്ന പശ്ചാത്തലത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി ബഷീർ നിലപാട് വ്യക്തമാക്കുന്നു.

മകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച “പർദ്ദയിലെ മത രാഷ്ട്രീയം” എന്ന ദീർഘ ലേഖനം ഉൾപ്പെടെ നൽകിയാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ വിശദമായ കുറിപ്പെഴുതിയത്.

ക്ലബ്ബ് ഹൗസ് ചർച്ചയെ മുൻനിർത്തി ബഷീറും പർദ്ദയും എന്ന പേരിൽ അഡ്വ ജയശങ്കർ പുറത്തിറക്കിയ ഒരു വീഡിയോയിൽ പറയുന്ന ഒരു കാര്യത്തോട് ഉള്ള പ്രതികരണം കൂടി ഉൾപ്പെടുത്തിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ്

മൂന്നോ നാലോ ആഴ്ചകൾക്ക് മുമ്പ് ക്ലബ് ഹൗസിൽ നടന്ന ഒരു ചർച്ചയിൽ കേരളത്തിലെ മുസ്ലിം സ്ത്രീകൾക്കിടയിൽ പർദ്ദ വ്യാപിച്ചതിനെക്കുറിച്ച് ഞാൻ പറഞ്ഞ കാര്യങ്ങളിൽ ചിലത് സാമൂഹ്യ മാധ്യമങ്ങളിൽ പലപല വ്യാഖ്യാനങ്ങളോടെ പറന്നു നടക്കുന്നുണ്ട്.

സംഘ്പരിവാറും ഇസ്ലാമിസ്റ്റുകളും, ഇതൊന്നുമല്ലാത്തവരും, അവ അവരവർക്ക് തോന്നുംപടി എടുത്തുപയോഗിക്കുന്നുണ്ട്. അതിനുള്ള അവരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ല, ഞാൻ പറഞ്ഞത് ഒന്നുകൂടി തെളിച്ച് പറയാനാണ് ഈ കുറിപ്പ്. പല സുഹൃത്തുക്കളും ചില കാര്യത്തിൽ വ്യക്തത ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഒന്ന്
രണ്ടായിരാമാണ്ട് മെയ് മാസത്തിൽ ആവണം രാജേഷ് എന്ന് ഒന്നാം പേരുള്ള ഒരാൾ ഒരു കേന്ദ്ര അന്വേഷണ വിഭാഗത്തിൽ നിന്നാണെന്ന് പരിചയപ്പെടുത്തി എന്നെ തേടിവന്നത്. ഞാനന്ന് ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡ് പത്രത്തിന്റെ നാഷണൽ ഡെസ്‌കിൽ സബ് എഡിറ്റർ ആയിരുന്നു. ആദ്യം ഫോൺ കോൾ വന്നു, രണ്ടുദിവസം കഴിഞ്ഞ് അയാൾ നേരിട്ട് എത്തി.

കോഴിക്കോട് നിന്ന് യാത്രചെയ്തു വരികയാണ് എന്നാണ് പറഞ്ഞത്. മെയ് മാസം എന്ന് പറയാൻ കാരണം, തൊട്ടുമുമ്പത്തെ മാസം ഞാനെഴുതിയ “പർദ്ദയിലെ മത രാഷ്ട്രീയം” എന്ന ദീർഘ ലേഖനം പ്രസിദ്ധപ്പെടുത്തിയ സമകാലിക മലയാളം വാരികയുടെ കോപ്പിയും ആ ലേഖനത്തിനോടുള്ള പ്രതികരണമായി നെടുങ്കൻ മറു ലേഖനങ്ങൾ അച്ചടിച്ച ഇരുപതോളം മുസ്ലിം പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നു.

എന്റെ ഡ്യൂട്ടി കഴിയുന്നതുവരെ അദ്ദേഹം കാത്തിരുന്നു. 75, എംജി റോഡിലെ ഒരു കോഫി ഷോപ്പിൽ വെച്ച് ഞങ്ങൾ രണ്ടു മൂന്നു മണിക്കൂർ നേരം സംസാരിച്ചു. എന്റെ ലേഖനത്തിലെയും മറു ലേഖനങ്ങളിലെയും ചില പരാമർശങ്ങളുടെയും പ്രയോഗങ്ങളുടെയും വിശദീകരണങ്ങളും വിശദാംശങ്ങളുമാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.

ഈ ലേഖനത്തിൽ ഞാൻ പറഞ്ഞ ചില കണക്കുകൾക്ക് ഉള്ള തെളിവുകളും ചില വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങളും ചോദിച്ചു മനസ്സിലാക്കി. ദേശാഭിമാനിയുടെ ബാംഗ്ലൂർ ബ്യൂറോ ചീഫും കേരള പ്രസ് അക്കാദമിയിലെ എന്റെ സഹപാഠിയുമായിരുന്ന അന്തരിച്ച രാജീവൻ കാവുമ്പായിയോടൊപ്പം മത്തിക്കരെ എന്ന സ്ഥലത്തായിരുന്നു എന്റെ താമസം. കാറിൽ എന്നെ താമസസ്ഥലത്ത് കൊണ്ടുവിട്ടാണ് അദ്ദേഹം മടങ്ങിയത്.

1990നും രണ്ടായിരാമാണ്ടിനുമിടയിൽ കേരളത്തിലെ മുസ്ലിം സ്ത്രീകളിൽ പടർന്നുപിടിച്ച പർദ്ദാ ജ്വരത്തെക്കുറിച്ചായിരുന്നു അദ്ദേഹം അന്വേഷിച്ചു വന്ന ആ സ്റ്റോറി. ആയിരത്താണ്ടുകൾ കേരളത്തിലെ ഇതര ജനവിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകളുടേതിൽ നിന്ന് ഏറെയൊന്നും വ്യത്യാസപ്പെടാത്ത ഒരു വസ്ത്രധാരണരീതി പുലർത്തിപ്പോന്ന മുസ്ലിം സ്ത്രീകൾ, തികച്ചും മതപരമായ ഐഡൻഡിറ്റി ഉള്ള ഒരു വസ്ത്ര സംഹിതയിലേക്ക് പൊടുന്നനെ മാറുന്നതിന് പിന്നിലെ കഥയായിരുന്നു ഞാൻ പറയാൻ ശ്രമിച്ചത്.

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമം ദിനപത്രം, പ്രബോധനം വാരിക, ആരാമം മാഗസിൻ, കുട്ടികളുടെ പ്രസിദ്ധീകരണണമായ മലർവാടി, നിരോധിക്കപ്പെട്ട കാലത്ത് പ്രബോധനത്തിനു പകരംവന്ന ബോധനം തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ പർദ്ദയ്ക്ക് നൽകിയ എഡിറ്റോറിയൽ പിന്തുണയായിരുന്നു എന്റെ അന്വേഷണ വിഷയങ്ങളിൽ ഒന്ന്. ജമാഅത്തിന്റെ ചുവടുപിടിച്ച് മറ്റു മുസ്ലിം പ്രസിദ്ധീകരണങ്ങൾ പർദ്ദക്ക് വേണ്ടി നടത്തിയ എഡിറ്റോറിയൽ കാമ്പയിനുകളും മത ചിഹ്നങ്ങൾ ഉപയോഗിച്ച് തയ്യാറാക്കപ്പെട്ട പരസ്യങ്ങളും അവയുടെ വിശദാംശങ്ങളും അതിലുണ്ടായിരുന്നു.

ജമാഅത്ത് ഉൾപ്പെടെയുള്ള ഇസ്ലാമിസ്റ്റുകളും സമസ്ത ഉൾപ്പെടെയുള്ള മതസംഘടനകളും എങ്ങനെയാണ് പർദ്ദാ വിപ്ലവം കൊണ്ടുവന്നത് എന്ന് അന്വേഷണമായിരുന്നു അത്. രാജ്യത്തെ പ്രധാന മാധ്യമ ഫെല്ലോഷിപ്പുകളിൽ ഒന്നായിരുന്ന എൻ.എഫ്.ഐ ഫെലോഷിപ്പിന് കീഴിലായിരുന്നു ആ സ്റ്റോറി ചെയ്തത്. നൂറിലധികം ആളുകളുമായി സംസാരിക്കുകയും മുപ്പതോളം പ്രസിദ്ധീകരണങ്ങളുടെ ഒരു പതിറ്റാണ്ട് കാലത്തെ ആർക്കൈവുകൾ പരിശോധിക്കുകയും ചെയ്തതാണ് ആ ലേഖനം തയ്യാറാക്കിയത്. എങ്കിലും പ്രതിലോമകരമായ ഒരു സാംസ്‌കാരിക പരിണാമ കഥയ്ക്കപ്പുറം മറ്റൊന്നും ഞാനതിൽ സംശയിച്ചിരുന്നില്ല.

ഒരു രഹസ്യാന്വേഷകന് പ്രസക്തമായി തോന്നുന്ന എന്താണ് ആ സ്റ്റോറിയിൽ ഉള്ളത് എന്ന് കൗതുകമായിരുന്നു എനിക്ക് അക്കാലത്ത്.2000 ജൂൺ മാസത്തിൽ “ശശികുമാറിന്റെ നേതൃത്വത്തിൽ സിപിഐഎം തുടങ്ങുന്ന “മലയാളം” ചാനലിൽ” ചേരാനായി ഞാൻ ഡെക്കാൻ ഹെറാൾഡ് വിട്ടുപോന്നു. ശശികുമാർ ചാനൽ തുടങ്ങുംമുമ്പേ പിൻവാങ്ങി, മലയാളം, കൈരളിയായി. കൈരളിയുടെ കൊച്ചി, കാക്കനാട്ടുള്ള ന്യൂസ്റൂമിൽ ഇരിക്കുമ്പോഴാണ്, 2000 ഒക്ടോബർ-നവംബർ മാസത്തിലാവണം, രാജേഷ് എന്ന് ഒന്നാം പേരുള്ള രഹസ്യാന്വേഷകൻ വീണ്ടും എന്നെ കാണാൻ വന്നത്. മുൻകൂട്ടി പറയാതെയുള്ള വരവായിരുന്നു. അദ്ദേഹം താമസിക്കുന്ന എറണാകുളത്തെ എംജി റോഡിനോട് ചേർന്നുള്ള ഇന്റർനാഷണൽ ഹോട്ടലിലെ കോഫീ ഷോപ്പിൽ വെച്ച് അന്ന് വൈകുന്നേരം ഞങ്ങൾ കണ്ടു.

എന്നോട് പോയിന്റഡായി ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറേക്കൂടി സൗഹാർദത്തോടെയാണ് ഇടപെട്ടത്. സംസാരം പകുതി പിന്നിട്ടപ്പോൾ അദ്ദേഹം ബാഗിൽനിന്ന് കുറെ രേഖകൾ എടുത്ത് എന്നെ കാണിച്ചു. കോഴിക്കോട് ജില്ലയിലെ ചേന്നമങല്ലൂരിലുള്ള ഇസ്ലാഹിയ കോളേജിന്റെ ലെറ്റർ ഹെഡിൽ എഴുതിയ ഒരു കത്തായിരുന്നു അതിലൊന്ന്. അറബിക് ടൈപ്പ്റൈറ്റർ ഉപയോഗിച്ച് എഴുതിയ കത്തിന് “ഏജൻസി” തയ്യാറാക്കിയ ഇംഗ്ലീഷ് ട്രാൻസ്ലേഷനും കൂടെയുണ്ടായിരുന്നു.

1996-97 കാലത്തെ തീയതിയായിരുന്നു കത്തിൽ എന്നാണ് ഓർമ്മ. സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ ഒരു കൾച്ചറൽ പ്രോജക്ടിന് തങ്ങളെക്കൂടി പരിഗണിക്കണം എന്ന ആവശ്യമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. കേരളത്തിലെ മുസ്ലിം സ്ത്രീകൾക്കിടയിൽ തങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക് ഡ്രസ്സ് കോഡിനെ കുറിച്ച് കത്തിൽ പരാമർശിക്കുന്നുണ്ടായിരുന്നു.
അദ്ദേഹം എന്നെ കാണിച്ച രേഖകളിൽ മറ്റൊന്ന് 15നും 20നും ഇടയിൽ ആളുകളുടെ പേരുകളും ഓരോരുത്തരെയും കുറിച്ചുള്ള ലഘു വിവരണങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു.

കേരളത്തിൽ ഇസ്ലാമിസ്റ്റ് പ്രവർത്തനങ്ങൾക്കായി വിദേശ യൂണിവേഴ്സിറ്റിയിൽനിന്ന് ശമ്പളം വാങ്ങുന്നവർ എന്ന വിവരണമാണ് അദ്ദേഹം നൽകിയത്. രേഖയിലും അത്തരത്തിലുള്ള പരാമർശമുണ്ടായിരുന്നു. ആ ലിസ്റ്റിലെ മറ്റുള്ളവരുടെ പേരുകൾ ഇപ്പോൾ ഞാൻ ഓർക്കുന്നില്ല. രണ്ടുപേരുകൾ അന്ന് എന്നെ അത്ഭുതപ്പെടുത്താനും ഇപ്പോഴും അതോർത്ത് വെക്കാനുമുള്ള കാരണം, അവർ മൂന്നു വർഷം മുന്പ് എന്റെ മേലധികാരികൾ ആയിരുന്നു എന്നതാണ്.

ക്ലബ് ഹൗസിലെ ചർച്ച പിന്നീട് ചർച്ചയായപ്പോൾ ഒരുപാട് പേർ എന്നെ വിളിച്ചു. ജമാഅത്തുകാരായ പണ്ഡിതർക്ക് സൗദിയിൽനിന്ന് ശമ്പളം കിട്ടിയിരിക്കാൻ ഇടയില്ലെന്നും, അവർ പണം പറ്റിയത് ഖത്തർ മതകാര്യ വകുപ്പിൽ നിന്നാണെന്നും എന്നെക്കാൾ ഇക്കാര്യത്തിൽ ഗ്രാഹ്യമുള്ളവർ പറയുന്നു. 21 വർഷം മുമ്പ് നടന്ന ഒരു കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഓർമ്മകൾ അടുക്കിയപ്പോൾ എനിക്ക് പറ്റിയ തെറ്റായിരിക്കാം. പക്ഷേ അക്കാലത്തുതന്നെ മാധ്യമത്തിൽ ജോലി ചെയ്തിരുന്ന മുതിർന്ന ആളുകൾ ഉൾപ്പെടെ ചില മാധ്യമപ്രവർത്തകരോട് ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു.

അവരെയൊന്നും ഈ ഘട്ടത്തിൽ ഈ സീനിലേക്ക് വലിച്ചിഴക്കാൻ ഉദ്ദേശിക്കുന്നില്ല.
പ്യൂരിറ്റാനിക്കൽ സലഫികളായ സൗദിക്കാർ ഇഖ്വാനികളായ ജമാഅത്തുകാർക്ക് ഫണ്ട് നൽകാൻ ഇടയില്ല എന്ന തിയറിയും പുറമേക്ക് ലോജിക്കലായി തോന്നാം. ഞാൻ പറഞ്ഞത് എന്റെ മുന്നിൽ വന്നുപെട്ട ഒരു വിവരത്തെക്കുറിച്ച് മാത്രമാണ്. ഖത്തർ സൗദിയുടെ അയൽക്കാരാണ് എന്ന കാര്യം മറക്കണ്ട. പ്യൂരിട്ടാനിക്കൽ സലഫിയുടെ മൂത്ത അമ്മാവന്റെ മകനാണ് ഇഖ്വാനി എന്ന കാര്യവും.

തിരുവനന്തപുരം സർക്കാർ സെക്രട്ടറിയേറ്റിലെ പിആർഡി ചേംബറിനോട് ചേർന്നുള്ള തെക്കേ ഗേറ്റിൽ വച്ച് ഏതാനും വർഷങ്ങൾക്കു ശേഷം ഒരിക്കൽക്കൂടി യാദൃശ്ചികമായി കാണുകയും അഞ്ചോ പത്തോ മിനുട്ട് സംസാരിക്കുകയും ചെയ്തതൊഴിച്ചാൽ രാജേഷ് എന്ന ഒന്നാം പേരുള്ള ആ രഹസ്യാന്വേഷകൻ പിന്നെ എന്റെ വഴി വന്നിട്ടില്ല.

ജമാഅത്തെ ഇസ്ലാമി അടക്കമുള്ള പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളെക്കുറിച്ചോ, സൗദി അറേബ്യയിൽനിന്ന് കയറ്റി അയക്കുന്ന സലഫി-വഹാബിസം ലോകത്തെ മുസ്ലിം ജനസംഖ്യ കൂടുതലുള്ള ഇന്തോനേഷ്യ ഉൾപ്പെടെയുള്ള ഇരുപതിലധികം രാജ്യങ്ങളിൽ നടപ്പാക്കുന്ന മത രാഷ്ട്ര പ്രോജക്ടുകളെക്കുറിച്ചോ ഇന്നത്തെ ധാരണ അന്നെനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ രേഖകളിലെ തുടർ വാർത്താ സാധ്യതകൾ ഞാൻ അന്വേഷിച്ചതുമില്ല.

രണ്ട്
2011 പകുതിക്കു ശേഷമോ 2012-ലോ ആണ് ജമാഅത്തെ ഇസ്ലാമി ഓഫീസിൽ നിന്ന് എന്നെ മൊബൈൽ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ് കാരക്കുന്നിന് എന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്. കൊച്ചിയിൽ വെച്ച് പിറ്റേന്ന് കാണാൻ കഴിയുമോ എന്നായിരുന്നു അന്വേഷണം. ഞാൻ പിറ്റേന്ന് തിരുവനന്തപുരത്ത് പോവുകയാണെന്നും അടുത്ത ആഴ്ച കാണാം എന്നും പറഞ്ഞപ്പോൾ, എങ്കിൽ മൂന്നാംനാൾ തിരുവനന്തപുരത്ത് വച്ച് കാണാമോ എന്ന് ചോദിച്ചു.

അങ്ങനെയാണ് തിരുവനന്തപുരത്ത് പാളയത്തുള്ള ഇസ്ലാമിക് സെന്ററിൽ വച്ച് ആ കൂടിക്കാഴ്ച നിശ്ചയിച്ചത്. അവിടെ എത്തിയപ്പോഴാണ് ടി. ആരിഫലിയും ഉണ്ടെന്ന കാര്യമറിഞ്ഞത്. ഇപ്പോൾ പേര് ഓർമ്മയിലില്ലാത്ത രണ്ടുപേർകൂടി അക്കൂട്ടത്തിലുണ്ടായിരുന്നു.

ആ കൂടിക്കാഴ്ചയെക്കുറിച്ച് ഞാൻ പറഞ്ഞത്, ഇന്ത്യാവിഷനിലെ മുസ്ലിം വനിതാ ജേണലിസ്റ്റുകളുടെ ഡ്രസ്സ് കോഡിനെക്കുറിച്ച് ശാസന നൽകാൻ എഡിറ്ററായ എന്നെ ജമാഅത്തുകാര് വുളിച്ചുവരുത്തി എന്ന മട്ടിൽ മനസ്സിലാക്കപ്പെട്ടത് തെറ്റാണ്. രാത്രി വളരെ വൈകി നടന്ന ഒരു ചർച്ചയിൽ വിശദാംശങ്ങളിലേക്ക് പോകാതെ ഞാൻ മർമ്മം മാത്രം പറയാൻ ശ്രമിച്ചത് കൊണ്ടുണ്ടായ തെറ്റിദ്ധാരണയാവാം ഇത്. അങ്ങോട്ട് ചെന്ന് കാണാമെന്ന് ഞാൻ തീരുമാനിച്ചതാണ്.

രണ്ടു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ മറ്റനേകം കാര്യങ്ങൾ സംസാരിച്ചിരുന്നു. ഡ്രസ്സ് കോഡ് അതിൽ ഒന്നുമാത്രമായിരുന്നു. മുസ്ലിം വനിതാ ജേർണലിസ്റ്റുകൾ കുറേകൂടി മതപരമായ വസ്ത്രം ധരിച്ചാൽ മുസ്ലിം കുടുംബങ്ങളിൽനിന്ന് കുറേയധികം പെൺകുട്ടികളെ ജേണലിസത്തിലേക്ക് വിടാൻ കാരണമാകും എന്ന മട്ടിലായിരുന്നു ആ ഗുണദോഷം.

തെരഞ്ഞെടുപ്പുകളിലെ ഇന്ത്യാവിഷൻ റോളിനെക്കുറിച്ചാണ് അവർ കൂടുതലും സംസാരിച്ചത്. 2011 പകുതിക്ക് ശേഷമെന്ന് ഞാൻ പറയാൻ കാരണം വിഎസിനെ രണ്ടുസീറ്റിന്റെ തുടർ ഭരണനഷ്ടം ചർച്ചാവിഷയമായി എന്നോർക്കുന്നതുകൊണ്ടാണ്. വാർത്തയുടെ സബ്ജക്ടായ മനുഷ്യർ സംസാരിക്കുമ്പോൾ, ക്യാമറക്ക് മുന്നിലല്ലെങ്കിൽ പ്രത്യേകിച്ചും, എത്ര നേരവും കേട്ടിരിക്കുക എന്നത് എന്റെ ഒരു സന്തോഷമാണ്.

ജമാഅത്തെ ഇസ്ലാമിക്കാരുടെ ബോഡി ലാഗ്വേജ് നിരീക്ഷിക്കലും. അതുകൊണ്ട് സഹപ്രവർത്തകർ ഔറത്ത് മറക്കാത്ത കാര്യം ഷെയ്ക്കും (അസി) അമീറും ഓർമ്മിപ്പിച്ചപ്പോൾ ഞാൻ ചിരിച്ചതേയുള്ളൂ. പക്ഷേ, അവർ ഏറ്റവും ആത്മാർത്ഥമായി പറഞ്ഞകാര്യം വനിതാ ജേണലിസ്റ്റുകളുടെ വേഷം തന്നെയായിരുന്നു.

മൂന്ന്
ക്ലബ്ബ് ഹൗസ് ചർച്ചയെ മുൻനിർത്തി ബഷീറും പർദ്ദയും എന്ന പേരിൽ അഡ്വ ജയശങ്കർ പുറത്തിറക്കിയ ഒരു വീഡിയോയിൽ പറയുന്ന ഒരു കാര്യത്തോട് ഉള്ള എന്റെ പ്രതികരണം കൂടി ഇവിടെ പറയാമെന്ന് കരുതുന്നു. എല്ലാം ഒന്നിച്ചാവട്ടെ. ഇന്ത്യാവിഷനിൽ ട്രെയിനീ ജേർണലിസ്റ്റുകളുടെ അഭിമുഖം നടക്കുമ്പോൾ, അന്യത്ര സർവ്വ യോഗ്യതകളും ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ മൂടിക്കെട്ടിയ മക്കന ഇടണം എന്ന് വാശിപിടിച്ചതിന്റെ പേരിൽ ഞാൻ ഒഴിവാക്കി എന്നാണ് വക്കീൽ പറഞ്ഞത്. ഞാനിത് പലകോണുകളിൽ നിന്നായി കുറച്ചധികം കാലമായി കേൾക്കുന്ന ഒരു ആക്ഷേപമാണ്.
അവിടെ അന്തിമതീരുമാനം എന്റേത് ആയിരുന്നില്ലെങ്കിലും ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടാകണം.

അതിനു പക്ഷേ വക്കീൽ പറയാത്ത പല കാരണങ്ങളുമുണ്ട്. ഇന്ത്യാവിഷൻ മലയാളം ടെലിവിഷൻ വാർത്താ രംഗത്ത് ട്രെൻഡ് സെറ്റർ ആയ സ്ഥാപനമായിരുന്നു. എഴുതപ്പെട്ട ഒരു സ്റ്റൈൽ ബുക്കിന്റെ അടിസ്ഥാനത്തിലാണ് ആ ന്യൂസ്റൂം പ്രവർത്തിച്ചത്. ലോകത്തെ പല മാധ്യമ സ്ഥാപനങ്ങളുടേയും ശൈലീ പുസ്തകങ്ങൾ പരിശോധിച്ചും ഭാഷാ പണ്ഡിതരോട് ഉൾപ്പെടെ സംസാരിച്ചും എ സഹദേവൻ സാറാണ് കാലാകാലങ്ങളിൽ അത് പുതുക്കി കൊണ്ടിരുന്നത്.

ആ സ്‌റ്റൈൽ ബുക്ക് പ്രകാരം മത-രാഷ്ട്രീയ ഐഡന്റിറ്റി കഠിനമായി പ്രതിഫലിപ്പിക്കുന്ന ഒന്നും, ചിഹ്നങ്ങളും വേഷവിധാനവുമൊന്നും, ജേണലിസ്റ്റുകൾ സ്‌ക്രീനിൽ വരുമ്പോൾ ഉപയോഗിച്ചുകൂടാ എന്ന് അവിടെ നിഷ്‌കർഷ ഉണ്ടായിരുന്നു. സഹദേവൻ സാർ എന്നെക്കാൾ കഠിന ഹൃദയനാണ്. കൈയിലെ ചരടുകൂട്ടങ്ങൾ, കഴുത്തിലെ കുരിശുമാല, ആണുങ്ങളുടെ നെറ്റിയിലെ നീണ്ട കുറി, ഹിജാബ്, മുഖം മുടികെട്ടുന്ന മക്കന- എല്ലാം അദ്ദേഹം ഇന്ത്യാവിഷനിൽ നിയമവിരുദ്ധമാക്കി. സ്ത്രീകളുടെ നെറ്റിയിലെ പൊട്ടിനും തലയിലേക്ക് കയറ്റി ഇടാവുന്ന തട്ടത്തിനും വിലക്കില്ലായിരുന്നു എന്നാണ് ഓർമ്മ. സ്‌ക്രീനിൽ വരുന്ന ആളുകളുടെ മത-രാഷ്ട്രീ സ്വത്വം പരമാവധി കുറയ്ക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശം.

വക്കീലിന് കുട്ടികളുടെ വിവരവും അറിവും നോക്കി മാർക്കിട്ടാൽ മാത്രം മതി. ഞങ്ങളെ സംബന്ധിച്ചിടത്തോളം, സ്ഥാപനത്തിന്റെ സ്റ്റൈൽ ബുക്കുകൂടി പാലിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ കണ്ടാൽ മതി. സ്റ്റൈൽ ബുക്ക് ഇല്ലാതെയും മാധ്യമസ്ഥാപനങ്ങൾ നടത്താൻ ആളുകൾക്ക് സ്വാതന്ത്ര്യമുണ്ട്. പർദ്ദയും മക്കനയും ഇടാതെ തന്നെ സ്റ്റേറ്റ് അവാർഡുകൾ ഉൾപ്പെടെ വാങ്ങിക്കൂട്ടിയ ഒരു വനിതാ ജേണലിസ്റ്റിനോട് പർദ്ദ ഇടാമോ ജോലി തരാം എന്ന് പറയാനും ആളുകൾക്ക് സ്വാതന്ത്ര്യമുണ്ട്.

ഒരു കാര്യം എനിക്കുറപ്പാണ്. മലയാളത്തിലെ മാധ്യമ സ്ഥാപനങ്ങളുടെ അതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകളും ദളിതുകളും മുസ്ലിങ്ങളുമായ ജേണലിസ്റ്റുകൾ ഒന്നിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനം ഇന്ത്യാവിഷനായിരുന്നു. മക്കനയിട്ട് സ്‌ക്രീനിൽ കയറാനാവില്ല എന്നുപറഞ്ഞ ഇന്ത്യാവിഷനിൽ അതുമാത്രമല്ല സംഭവിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുൻപിൽ നിന്ന് മുണ്ടും വേഷ്ടിയും ഉടുത്ത് പുലർകാല റിപ്പോർട്ടിംഗിന് പോയ കുലപുരുഷനായ റിപ്പോർട്ടർക്ക് ഷോകോസ് നോട്ടീസ് കൊടുത്തിട്ടുമുണ്ട്.

പർദ്ദയെയും മതരാഷ്ട്ര വേഷസംഹിതയെയും രാഷ്ട്രീയ ഇസ്ലാമിന്റെ അജണ്ടകളെയും കുറിച്ച് പറയുമ്പോൾ നിങ്ങൾ സംഘ്പരിവാറിന്റെ ഉപകരണമാവുകയാണെന്ന് പറയുന്ന ശുദ്ധഗതിക്കാരായ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്. ഞാനൊരു മതവിശ്വാസിയോ ദൈവഭക്തനോ അല്ല. മതം, ഈ അൻപത്തൊന്നാം വയസ്സിലും, ഇടറച്ച കൂടാതെ പറയാൻ കഴിയാത്ത പല നികൃഷ്ഠകതളും എന്റെ ജീവിതത്തോട് ചെയ്തിട്ടുണ്ട്. എങ്കിലും ഞാനൊരു മതവിരുദ്ധനല്ല.

സ്വത്വപരമായി ഞാനൊരു മുസ്ലിമാണ്. കുടുംബത്തിന്റെ വേരുകളും സാമൂഹിക സാഹചര്യങ്ങളും വച്ചുനോക്കുമ്പോൾ, ഒരു ദളിത് മുസ്ലിം. ഈ സ്വത്വമാണ് ഇന്ത്യയിലെ സംഘപരിവാർ ഫാസിസത്തിനറെ ഒന്നാമത്തെ ടാർഗറ്റ് എന്നറിയാത്തതല്ല. മതനിരപേക്ഷമായ ജീവിതമൂല്യങ്ങൾ മാത്രമാണ് അങ്ങനെയുള്ളവർക്ക് പരിച. ഫാസിസത്തി ത്തിന്റെ കാട് വെട്ടാൻ പോകും മുമ്പ് അങ്ങനെയുള്ളവർക്ക് സ്വന്തം തോട്ടത്തിൽ തഴച്ച മത-രാഷ്ട്രവാദത്തിന്റെ കള പറിക്കാനുണ്ട്, അൽപനേരം. അത്രമാത്രം.