തകർപ്പൻ സ്മാഷുമായി 'ഒടിയൻ' ഗ്രൗണ്ടിൽ; ആരാധകർ ആവേശത്തിൽ

പുതിയ ‘മേക്ക് ഓവറി’ൽ കണ്ണൂരിനെ ഇളക്കിമറിച്ച് മോഹൻലാൽ. പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ജേണലിസ്റ്റ് വോളിബോൾ ടൂർണമെന്റിന്റെ പ്രചാരണത്തിനായി നടത്തിയ സൗഹൃദവോളി മത്സരത്തിൽ ടെറിട്ടോറിയൽ ആർമിയെ വിജയത്തിലെത്തിച്ചാണു മോഹൻലാൽ മടങ്ങിയത്. മോഹൻലാലുൾപ്പെട്ട ആർമി ടീമും ജില്ലാ പൊലീസ് മേധാവി നയിച്ച പ്രസ് ക്ലബ് ടീമും തമ്മിലായിരുന്നു മത്സരം. ഒന്നിനെതിരെ രണ്ടു സെറ്റുകൾ‌ക്കാണ് ആർമി ടീമിന്റെ ജയം.

ഒടിയനു വേണ്ടി പുതിയ ശരീരഭാരം കുറച്ചെത്തിയ മോഹൻലാലിന്റെ ന്യൂലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. പുതിയ ലുക്കിൽ ഇതാദ്യമാണ് മോഹൻലാൽ കണ്ണൂരിലെത്തുന്നത്. ടെറിട്ടോറിയൽ ആർമിയുടെ കണ്ണൂരിലെ ബറ്റാലിയനിൽ ഓണററി ലഫ്റ്റനന്റ് കേണൽ കൂടിയാണ് മോഹൻ ലാൽ. ഏറെകാലത്തിന് ശേഷം ക്യാമ്പിലെത്തിയ ലാൽ സൈനിക പരിശീലനത്തിനു കൂടിയാണു വന്നത്.

മത്സരത്തിന് തലേന്ന് രാത്രിതന്നെ കണ്ണൂരിലെത്തിയ മോഹൻലാൽ പിറ്റേന്ന് രാവിലെ ടെറിട്ടോറിയൽ ആർമി ആസ്ഥാനത്തു പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്തു. ശേഷമാണ് ആർമി കോർട്ടിൽ വോളിബോൾ മത്സരത്തിൽ പങ്കെടുത്തത്.

കഴിഞ്ഞ തവണ കണ്ണൂരിലെ മത്സരത്തിൽ അൽപസമയം മാത്രം കളത്തിലിറങ്ങിയ ലാൽ ഇന്നലെ മൂന്നു സെറ്റിലുമായി മുക്കാൽ മണിക്കൂറോളം കളം നിറഞ്ഞു കളിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു കളി കാണാൻ അവസരം. ഹിറ്റുകളും ബ്ലോക്കുകളും അറ്റാക്കിങ്ങുമായി ഒൻപതാം നമ്പർ ജഴ്സിയിൽ‌ താരം കളം നിറഞ്ഞപ്പോൾ ഗാലറിയിൽ ആർപ്പുവിളിയും ആവേശവും അണപൊട്ടി. കുറി തൊട്ട് കുറ്റിത്താടിയുമായി ട്രാക്ക്സ്യൂട്ടിലായിരുന്നു ലാൽ.

ടെറിട്ടോറിയൽ‌ ആർമി ബറ്റാലിയൻ കമാൻ‌ഡിങ് ഓഫിസർ കേണൽ രാജേഷ് കനോജിയ നയിച്ച സൈനിക ടീമിനു വേണ്ടി മോഹൻലാലിനൊപ്പം സംവിധായകൻ മേജർ രവിയും കളിക്കാനെത്തി. പ്രസ്ക്ലബ് ടീമിനെ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം നയിച്ചു.

ആദ്യ രണ്ടു സെറ്റിൽ പട്ടാളവും മൂന്നാം സൗഹൃദ സെറ്റിൽ പ്രസ് ക്ലബ്ബും മുന്നിലെത്തി. സ്കോർ: (25–21), (25–23), (26–24).