ഈദിനെ ഷഹ്ബാസ് അമനോട് കൂട്ടികെട്ടുന്നത് വര്‍ഗീയത, മീഡിയ വണ്ണിനെതിരെ ഗായകന്‍

മലയാളത്തിലെ പ്രമുഖ ചാനലായ മീഡിയ വണ്ണില്‍ പെരുന്നാള്‍ ദിനത്തില്‍ തന്റെ പ്രോഗ്രാം റീടെലികാസ്റ്റ് ചെയ്യുന്നതിനെതിരെ ഗായകന്‍ ഷഹ്ബാസ് അമന്‍. “ഉദ്ദേശ്യപൂര്‍വ്വമോ അല്ലാതെയോ “ഈദിനെ” “ഷഹബാസ് അമനിലേക്ക്” കൂട്ടിക്കെട്ടി ചെറുതായൊന്ന് കച്ചോടമാക്കുന്ന അതീവസൂക്ഷ്മമായ ഒരു വര്‍ഗ്ഗീയ ധ്രുവീകരണവിഷാംശം” അതിലുണ്ടെന്നാണ് ചാനലിന്റെ പേര് വെളിപ്പെടുത്താതെ ഗായകന്‍ ആരോപിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷഹ്ബാസ് നിലപാട് വ്യക്തമാക്കിയത്.

ഷഹ്ബാസ് അമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

“സ്നേഹം നിറഞ്ഞ കൂട്ടുകാരേ…

ഷഹബാസ്‌ അമന്റെ മുഖമോ കുടുംബ ചിത്രങ്ങളോ സ്റ്റേജ്‌ പ്രോഗ്രാമോ മറ്റു വല്ല തരം പാട്ടോ വല്ല സംഭാഷണ ശകലങ്ങളോ നാളെ “ഈദ്‌ പ്രോഗ്രാം” എന്ന നിലക്ക്‌ വല്ല ചാനലിലും നിങ്ങൾ കാണുകയാണെങ്കിൽ ദയവായി അറിയേണ്ടത്‌ ഇത്ര മാത്രം! ഉദ്ദേശ്യപൂർവ്വമോ അല്ലാതെയോ “ഈദിനെ” “ഷഹബാസ്‌ അമനിലേക്ക്”‌ കൂട്ടിക്കെട്ടി ചെറുതായൊന്ന് കച്ചോടമാക്കുന്ന അതീവസൂക്ഷ്മമായ ഒരു വർഗ്ഗീയ ധ്രുവീകരണവിഷാംശം അതിലുണ്ട്‌‌! മാധ്യമങ്ങളുടെ സ്വതസിദ്ധമായ ഒരു രീതിയാണത്‌! ആരു ചെയ്താലും അതിനെ അത്ര നിഷ്കളങ്കായി കാണണ്ട! ഏത് മഹാമാരിയിലും തളിക്കാവുന്ന ആ വിഷദ്രാവകം മാത്രമാണു അത്തരക്കാർക്ക്‌ ഏതു പാൻഡമിക്കിലും കണ്ട്പിടിക്കാൻ കഴിയുന്ന ആത്യന്തികമായ ഒരേയൊരു വാക്സിൻ! പരസ്പരം കഥയറിഞ്ഞും അറിയാതെയും സ്നേഹിക്കുന്ന നമ്മൾ അതിൽ ദയവായി വീഴരുത്‌! ഒരു “ഈദ്‌സ്പെഷൽ” പരിപാടിയിലും മുഖം കാട്ടാൻ ആർക്കും പ്രത്യേകിച്ച്‌ ഒരു അനുവാദവും ഇവിടുന്ന് നൽകിയിട്ടില്ല.മുൻപ്‌ എപ്പോഴെങ്കിലും ഇടപാട്‌ കഴിഞ്ഞു പോയ വല്ല പരിപാടികളും എടുത്ത്‌ ഇത്തരം ഒക്കേഷനുകളുമായി “ചേരും വിധം” കൂട്ടിക്കെട്ടി‌ സ്വന്ത ഉപജീവനാർത്ഥം വല്ല പാവങ്ങളും അങ്ങനെ എടുത്തുപയോഗിക്കുന്നുണ്ടെങ്കിൽ നടക്കട്ടെ! വന്ന കോവിഡിലും വലുതല്ലല്ലൊ !(വ്യാജ “മനുഷ്യ” സ്നേഹികൾ ഇതിൽ ഇടിച്ച്‌ കയറാതിരിക്കുക! ബസ്സിൽ പ്രായമായവരും രോഗികളുമുണ്ട്.‌കൂടാതെ നിറഞ്ഞിരിക്കയുമാണു)

പറഞ്ഞു വന്നത്‌ ഇത്രേയുള്ളു! വ്യക്തിപരമായി വളരേ വെറുക്കുന്ന ഐറ്റമാണു “അജ്ജാതി എന്തും” എന്നതിനാൽ അങ്ങനെയുള്ള വല്ല പരിപാടിയും നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ കഴിയുമെങ്കിൽ ദയവ്‌ ചെയ്ത്‌ ഇഗ്നോർ ചെയ്യുക! ഇനി അതല്ല “ഒരു പ്രത്യേക മാനസികാവസ്ഥ”യിൽ എങ്ങാനും കണ്ട്‌,ഇഷ്ടപ്പെട്ടാൽത്തന്നെ ആ അക്കൗണ്ടിലുള്ള യാതൊരു വക അഭിനന്ദനസന്ദേശവും ഇവിടെയോ പെർസ്സണലായോ അറിയിക്കാതിരിക്കുന്നതിനു ഹൃദയത്തിൽ നിന്നും ഇപ്പൊഴേ നൂറു നന്ദി! നമുക്ക്‌ നല്ല സ്നേഹ വേദികളില്ലേ വേറെ! ഉണ്ടാകും! തീർച്ചയായും ഇനിയും ഇനിയും ഉണ്ടാകും! കൂടാതെ ഇവിടുന്നും കിട്ടുന്നില്ലേ ഒരു ഇറ്റെങ്കിലും സ്നേഹം! അതൊക്കെ പോരേ നമുക്ക്‌!?

ഈ പ്രപഞ്ചത്തിലെ മുഴുവൻ ചരാചരങ്ങൾക്കും ഹൃദയം നിറഞ്ഞ ഈദുൽ ഫിത്‌ർ ആശംസകൾ”