ആ മിഴികളില്‍ പ്രണയത്തിന്റെ ആഴക്കടലില്ല; പക്ഷേ, ഏത് പ്രതിസന്ധിയിലും ഞാനുണ്ടാകും എന്ന ഉറപ്പാണ് ഞങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നത്; വൈറലായി മാധ്യമപ്രവര്‍ത്തക ലേബി സജീന്ദ്രന്റെ കുറിപ്പ്

18-ാം വിവാഹവാര്‍ഷികത്തില്‍ ഓര്‍മ്മകള്‍ പങ്കു വെച്ച് വി.പി സജീന്ദ്രന്‍ എം.എല്‍.എയുടെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ ലേബി സജീന്ദ്രന്‍. 1998-ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 1070 വോട്ടിന് തോറ്റ വിപി സജീന്ദ്രനെ ആശ്വസിപ്പിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍, “ഞാന്‍ ലേബിയെ കല്യാണം കഴിച്ചോട്ടേ?” എന്നായിരുന്നു ചോദ്യം. മലയാള മനോരമയില്‍ തിരഞ്ഞെടുപ്പ് സമയത്ത് പ്രസിദ്ധീകരിച്ച സ്ഥാനാര്‍ത്ഥി പരിചയം ഒന്നുമതി സജീന്ദ്രനെ കണ്ണും പൂട്ടി ഇഷ്ടപ്പെടാന്‍! എന്ന് ലേബി ഫെയ്സ് ബുക്കില്‍ എഴുതുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

ഇടതുകോട്ടയായ വൈക്കത്ത് 1998- ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 1070 വോട്ടിന് തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.പി.സജീന്ദ്രനെ ആശ്വസിപ്പിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍, “ഞാന്‍ ലേബിയെ കല്യാണം കഴിച്ചോട്ടേ?” എന്നാണ് ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് കേട്ടത്. എം.എല്‍.എ. ആകാന്‍ പോകുന്നയാള്‍ സുഹൃത്തായിരിയ്ക്കട്ടെ എന്നതിനപ്പുറം ചിന്തിയ്ക്കാന്‍ അന്ന് എനിയ്ക്ക് ധൈര്യമുണ്ടായിരുന്നില്ല.

മലയാളമനോരമയില്‍ ആ തിരഞ്ഞെടുപ്പ് സമയത്ത് പ്രസിദ്ധീകരിച്ച സ്ഥാനാര്‍ത്ഥി പരിചയം ഒന്നുമതി സജീന്ദ്രനെ കണ്ണും പൂട്ടി ഇഷ്ടപ്പെടാന്‍! സജീന്ദ്രനു വേണ്ടി അന്നത്തെ കെ.എസ്.യു.സംസ്ഥാന പ്രസിഡന്റായിരുന്ന
ജയ്‌സണ്‍ ജോസഫ് തയ്യാറാക്കിയ ഗംഭീര “സ്ഥാനാര്‍ത്ഥി അഭ്യര്‍ത്ഥന ” വായിച്ചാല്‍ 20- കാരിയായ ഏത് പെണ്ണും വീണുപോകും

പക്ഷേ ഇതൊന്നുമായിരുന്നില്ല, ഞാന്‍ വി.പി.സജീന്ദ്രന്‍ എന്ന 28- കാരനില്‍ അന്ന് കണ്ടത്. ദളിതത്വത്തിന്റെ അരക്ഷിത ബാല്യം. അച്ഛനുപേക്ഷിച്ച് പോയതിന്റെ അനാഥത്വം മൂന്നര വയസ്സില്‍ അറിഞ്ഞ മകന്‍. ആറു മക്കളുമായി ജീവിതത്തോട് പടവെട്ടിയ, ഉരുക്കു പോലെ ഉള്ളുറപ്പുള്ള ഒരമ്മയുടെ വയറ്റില്‍ പിറന്നതിന്റെ പുണ്യം. അഞ്ചു വയസു മുതല്‍ പത്രം വിതരണം ചെയ്ത് ബുക്ക് വാങ്ങി സ്വയം പര്യാപ്തനായതിന്റെ കരുത്ത്.

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് മുന്നേറാന്‍ കാണിച്ച ഇച്ഛാശക്തി. എല്‍.എല്‍.എം.എത്തും വരെ ഉയര്‍ന്ന മാര്‍ക്കില്‍ വിജയിച്ച്, ഇല്ലായ്മകളെ തോല്‍പ്പിച്ചവന്റെ ഉറച്ച കാല്‍വയ്പ്…. മതി, എന്റെ ആണ്‍സങ്കല്പത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ഇത്രയും ധാരാളമായിരുന്നു. വിവാഹത്തിന് സമ്മതം എന്ന് മറുപടി നല്‍കി….

പിന്നെ മൂന്നര വര്‍ഷം. കത്തുകള്‍ മാത്രം. കോട്ടയത്തു വെച്ച് അപൂര്‍വ്വമായി നേരില്‍ കണ്ടു. അതിനിടയില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഓട്ടം പൂര്‍ത്തീകരിച്ച് ഗ്യാസ് ഏജന്‍സി ആരംഭിച്ച് സജീന്ദ്രന്‍ വരുമാനമാര്‍ഗം കണ്ടെത്തി. “രാഷ്ട്രീയം വരുമാന മാര്‍ഗമാക്കരുത്; സജീവ രാഷ്ട്രീയ പ്രവര്‍ത്തകന് സ്വന്തമായി വരുമാനം ഉണ്ടാകണം”, അമ്മാവനായ മുന്‍ രാഷ്ട്രപതി ശ്രീ.കെ.ആര്‍.നാരായണന്‍ നല്‍കിയ ഉപദേശമാണ് ഫലം കണ്ടത് എന്ന് ഏറ്റുമാനൂര്‍ കാരിത്താസ് ആശുപത്രിയ്ക്ക് മുന്നില്‍ വച്ച് അന്തസ്സോടെ, തല ഉയര്‍ത്തി സജീന്ദ്രന്‍ പറഞ്ഞപ്പോള്‍ ഞാനാ കൈകളില്‍ മുറുകെപ്പിടിച്ചിട്ട് പറഞ്ഞു, “” വരുമാന മാര്‍ഗം ഉണ്ടായിരുന്നില്ലയെങ്കിലും ഞാന്‍ ഒപ്പം ജീവിയ്ക്കുമായിരുന്നു!”.

പ്രണയവാര്‍ത്ത അറിഞ്ഞതോടെ രണ്ടു വീടുകളും ഇളകിമറിഞ്ഞു. ഒരു ദളിതനെ അംഗീകരിയ്ക്കാന്‍ മടിച്ച് എന്റെ കുടുംബാന്തരീക്ഷം കലുഷിതമായി. സുന്ദരിയായ എം.ബി.ബി.എസ്.കാരിയുടെ ആലോചന കുടുംബത്തിനുള്ളില്‍ നിന്ന് മുറുകിയപ്പോള്‍ എന്നെ മറക്കാന്‍ സജീന്ദ്രനു മേലും കടുത്ത സമ്മര്‍ദ്ദമുണ്ടായി. ആറ് മാസം… ഞങ്ങള്‍ ഉറച്ചുനിന്നു. എന്റെ പാവം പപ്പ, ബന്ധുക്കളെയെല്ലാം പറഞ്ഞ് സമ്മതിപ്പിച്ച്
മോളെ വിവാഹപന്തലില്‍ എത്തിച്ച് സജീന്ദ്രന് നല്‍കി! 18 വര്‍ഷം മുമ്പ് ഇതേ ദിവസം, ഇതേ സമയത്തായിരുന്നു അത്…..??

എതിര്‍ത്തവരെയെല്ലാം ആശ്ചര്യപ്പെടുത്തി, ഞങ്ങള്‍ ഒരുമിച്ച് ഒരേ മനസ്സോടെ മുന്നോട്ടു പോകുന്നു. ചുള്ളിക്കാടിന്റെ കവിതയിലെ നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍ കിരണമേറ്റെന്റെ ചില്ലകളൊന്നും പൂത്തിട്ടില്ല. പരുക്കന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഇന്നലെകളില്‍ പാകപ്പെട്ട ആ മിഴികളില്‍ പ്രണയത്തിന്റെ ആഴക്കടലുമില്ല. പക്ഷേ ” നിനക്കൊപ്പം എന്നും ഏത് പ്രതിസന്ധിയിലും ഞാനുണ്ടാകും” എന്ന ഉറപ്പ് ആ കണ്ണുകളിലുണ്ട്.
അതുകൊണ്ടാണ് എല്ലാ പ്രതിസന്ധികളും ഒരുമിച്ച് മറികടന്ന് ഞങ്ങളിങ്ങനെ ചേര്‍ന്നു നില്‍ക്കുന്നത്. സ്‌നേഹം….