ഓഖി:'ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് തീരദേശത്ത് കലാപം സൃഷ്ടിക്കരുത്'; മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ #GetLostMediaLiars ക്യാംപെയിന്‍

ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. മുന്നറിയിപ്പ് നല്‍കുന്നതിനെ ചൊല്ലി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഭിന്നാഭിപ്രായം നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന വാര്‍ത്തകൂടി പ്രചരിച്ചതോടെ ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയ്ക്കും മന്ച്രിമാര്‍ക്കുമെതിരെ കടുത്ത പ്രതിഷേധവും ഉയര്‍ന്നിരുന്നു.

എന്നാല്‍ രക്ഷാപ്രര്‍ത്തനം കാര്യക്ഷമമായി നടക്കുമ്പോള്‍ ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയ. #GetLostMediaLiars എന്ന ഹാഷ്ടാഗുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ആയിരത്തിലേറെ സ്റ്റാറ്റസുകള്‍ ഈ ഹാഷ്ടാഗിനൊപ്പം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കി യഥാര്‍ത്ഥ വസ്തുതകളെ മറച്ചുവെക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് പോസ്റ്റുകളിലൂടെ പലരും വ്യക്തമാക്കുന്നു. രക്ഷപെട്ട് വരുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സമയം മാധ്യമങ്ങള്‍ പോലും നല്‍കുന്നില്ലെന്നും അനാവശ്യ ധൃതി കാട്ടുകയാണെന്നും സോഷ്യല്‍മീഡിയ പറയുന്നു. കൂടാതെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരില്‍ നിന്നും പ്രതികരണം വാങ്ങുന്നതും വലിയ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്.

സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും ഈ സമയത്ത് വിവാദങ്ങളല്ല വേണ്ടതെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ #GetLostMediaLiars എന്ന ഹാഷ്ടാഗ് വൈറലായി കഴിഞ്ഞു.