ഇന്ത്യയില്‍ ആദ്യമായി സീപ്ലെയിന്‍ ഉപയോഗിച്ചത് മോഡിയോ? മറ്റൊരു തള്ള് കൂടി പൊളിയുന്നു

‘ഇന്ത്യയില്‍ ആദ്യത്തെ ജലവിമാനത്തില്‍ ആദ്യം യാത്ര ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോഡി ‘. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റായ www.narendramodi.in ല്‍ പ്രത്യക്ഷപ്പെട്ട വാചകങ്ങളാണിവ. ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനദിവസമായ ഇന്നലെയാണ് അഹമ്മദാബാദ് സബര്‍മതി നദിയില്‍ നിന്നും മെഹ്‌സനയിലെ ധാരോയ് അണക്കെട്ട് വരെ മോഡി പ്രചരാണാര്‍ത്ഥം ജലവിമാനത്തില്‍ സഞ്ചരിച്ചത്.

എന്നാല്‍ ഇന്ത്യയില്‍ ആദ്യമായാണോ ഒരാള്‍ ജലവിമാനത്തില്‍ കയറുന്നത് ? തുടക്കത്തില്‍ വീമ്പു പറഞ്ഞ വെബ്‌സൈറ്റ് അമളിപറ്റിയതോര്‍ത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ വാചകം തിരുത്തുകയും ചെയ്തു.

മോഡിയെ വാഴ്ത്തുന്ന ബിജെപി നേതാക്കളും, പ്രമുഖ ഹിന്ദി മാധ്യമങ്ങളും പ്രധാനമന്ത്രിയുടെ യാത്രയെ വാനോളമാണ് പുകഴ്ത്തിയത്.

എന്നാല്‍ സത്യമിതല്ല…. ഇതിനു മുമ്പും ഇന്ത്യയില്‍ ജലവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. 2010 ലാണ് ആദ്യമായി ഇന്ത്യയില്‍ വാണിജ്യാവശ്യത്തിന് ഒരു ജലവിമാനം പറന്നിറങ്ങുന്നത്. ജല്‍ ഹന്‍സ് എന്ന ജലവിമാനം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പൊതുജനത്തിനു വേണ്ടി പവന്‍ ഹന്‍സ് എന്ന വ്യക്തിയും ആന്‍ഡമാന്‍ നിക്കോബാര്‍ അഡ്മിനിസ്‌ട്രേഷനും സംയുക്തമായി നിര്‍മ്മിച്ചതായിരുന്നു. 2010 ഡിസംബറിലായിരുന്നു ജല്‍ ഹന്‍സ് പ്രയാണം തുടങ്ങിയത്. തുടര്‍ന്ന് അന്നത്തെ സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ ഈയിടെ ജല്‍ ഹന്‍സിനെ ക്കുറിച്ച് ട്വീറ്ററില്‍ കുറിച്ചത് ഇങ്ങനെ.

ഇതു മാത്രമല്ല. കേരളത്തിന്റെ തീരങ്ങളിലും ഒരു ജലവിമാനം പറന്നിറങ്ങിയിട്ടുണ്ട്. കേരളത്തിന്റെ ജലഗതാഗതത്തെ പരിപോഷിപ്പിക്കുന്നതിനായി കേരളാ ടൂറിസം വകുപ്പ് 2013 ലാണ് ജലവിമാനം കൊണ്ടുവരുന്നത്. പക്ഷെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഇതിന്റെ സേവനം എത്തിക്കാന്‍ കഴിയാത്തതിനാല്‍ പദ്ധതി പരാജയപ്പെടുകയായിരുന്നു. അന്നത്തെ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2015 ല്‍ ജലവിമാനം എത്തുന്നതുമായി ബന്ധപ്പെട്ട ചെയ്ത ട്വീറ്റ് ഇങ്ങനെ…

സ്വകാര്യമേഖലയിലും ഇത്തരം ശ്രമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. 2011- 2012 വര്‍ഷത്തില്‍ സീബേര്‍ഡ് സീപ്ലൈന്‍ പ്രൈവറ്റ് ലിമിറ്റഡും, 2011 ല്‍ മെഹൈര്‍ എന്ന സ്വകാര്യ സ്ഥാപനവും ജലവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. ആദ്യത്തേത് കേരളാ – ലക്ഷദ്വീപ് മേഖലയിലാണ് സര്‍വ്വീസ് നടത്തിയതെങ്കില്‍,രണ്ടാമത്തേത് ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയില്‍ തുടങ്ങി മഹാരാഷ്ട്ര, ഗോവ മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട് .

ഏറ്റവും അടുത്ത് ജലവിമാന യാത്ര സംഘടിപ്പിച്ചത് സ്പൈസ്ജെറ്റാണ്.മുംബൈയിലെ ഗിര്‍ഗ്വാം ചൗപതിയിലാണ് ഈ യാത്ര നടന്നത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും,അശോക് ഗജപതി രാജുവും സ്പൈസ്ജെറ്റിന്‍റെ പരീക്ഷണപ്പറക്കിലില്‍ ഭാഗമായിരുന്നു. പ്രാദേശികതലത്തില്‍ ജലഗതാഗതത്തിന്റെ സാധ്യതകള്‍
വര്‍ധിപ്പിക്കുന്നതിനുവേണ്ടി 100 ജലവിമാനങ്ങള്‍ കൊണ്ടുവരാനാണ് സ്പൈസ്ജെറ്റ് പദ്ധതിയിട്ടത്.
ഡിസംബര്‍ ഒമ്പതിന് സ്പൈസ്ജെറ്റ് പരീക്ഷണപ്പറക്കല്‍ നടത്തിയ അതേ ജലവിമാനമാണ് സബര്‍മതി നദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യാത്രക്കായി സജ്ജീകരിച്ചതും.