സമ്പന്നരുടെ റേവ് പാര്‍ട്ടിയെക്കുറിച്ച് വാര്‍ത്ത: മംഗളം മാധ്യമ പ്രവര്‍ത്തകന് വധഭീഷണി; പിന്തുണയുമായി കെയുഡബ്ല്യുജെ

വാഗമണ്ണിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്താനിരുന്ന റേവ് പാര്‍ട്ടിയെക്കുറിച്ച് മംഗളം പത്രത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന്‍ എം.എസ്. സന്ദീപിനെതിരെ വധഭീഷണി. കൊച്ചിയില്‍ നടത്താനിരുന്ന റേവ് പാര്‍ട്ടിയാണ് പരിശോധനകളെ തുടര്‍ന്ന് വാഗമണ്ണിലെ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് മാറ്റിയത്. വഴിക്കടവില്‍ സംഗീത നിശ എന്ന മറവിലാണ് റേവ് പാര്‍ട്ടിക്ക് കളമൊരുക്കിയത്. എന്നാല്‍, പത്രവാര്‍ത്തയെ തുടര്‍ന്ന് സംഗീതനിശ പൊലീസ് നിരോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമ പ്രവര്‍ത്തകനോട് അരിശം തീര്‍ക്കുന്നത്.

ഭീഷണികള്‍ക്ക് കാരണമായ വാര്‍ത്ത

കൊച്ചിയില്‍നിന്നുള്ള റേവ് പാര്‍ട്ടികള്‍ വാഗമണ്ണിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആദ്യം വാഗമണ്ണിലെ മുട്ടകുന്നുകളില്‍ നടത്താനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഗാനസന്ധ്യ എന്ന ഓമനപ്പേരിട്ട് റേവ് പാര്‍ട്ടി നടത്താനൊരുങ്ങിയത്.

റേവ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്നും രജിസ്റ്റര്‍ ചെയ്യാനാണെന്നുമുള്ള വ്യാജേന സംഘാടകരെ വിളിച്ചാണ് പാര്‍ട്ടിയെപറ്റിയുള്ള വിവരങ്ങള്‍ ചോര്‍ത്തിയത്. ഇതിന്റെ ഫോണ്‍ റെക്കോര്‍ഡിംഗ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ സന്ദീപിന്റെ കൈവശമുണ്ട്. ഫോണ്‍ കോളുകളിലൂടെ ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചി റേഞ്ച് ഐജി പി. വിജയന് പരാതി നല്‍കിയിട്ടുണ്ട്. ഭീഷണി കോളുകള്‍ റെക്കോര്‍ഡ് ചെയ്താണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടൊപ്പം തന്നെ മാധ്യമ പ്രവര്‍ത്തകരുടെ യൂണിയന്‍ കെയുഡബ്ല്യുജെയ്ക്കും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

https://www.facebook.com/photo.php?fbid=1664448813618104&set=a.667592919970370.1073741825.100001590035169&type=3&permPage=1

ഇതിന്റെ അടിസ്ഥാനത്തില്‍ വധ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെയുഡബ്ല്യുജെ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വാഗമണില്‍ പുതുവല്‍സരത്തോട് അനുബന്ധിച്ച് ലഹരി പാര്‍ട്ടി നടന്നതായുള്ള വാര്‍ത്ത നല്‍കിയതിന്റെ പേരിലാണ് മംഗളം ലേഖകന്‍ എം എസ് സന്ദീപിനെ നിരന്തരം ഭീഷണിപ്പെടുത്തുന്നതെന്ന് കെയുഡബ്ല്യുജെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മൊബൈല്‍ നമ്പരടക്കം സൂചിപ്പിച്ചു നല്‍കിയിട്ടുള്ള പരാതിയില്‍ അടിയന്തിര നടപരി സ്വീകരിക്കണമെന്നും, നിര്‍ഭയമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ഡി ദിലീപും സെക്രട്ടറി സുഗതന്‍ പി ബാലനും ആവശ്യപ്പെട്ടു.