ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ? രഹസ്യങ്ങള്‍ തേടി മാര്‍സ് 2020 റോവര്‍ ജൂലൈയില്‍ പുറപ്പെടും

ചൊവ്വയിലെ ജീവന്റെ തെളിവുകള്‍ തേടി നാസയുടെ മാര്‍സ് 2020 റോവര്‍ ജൂലൈയില്‍ വിക്ഷേപിക്കും. ചൊവ്വയിലെ ജെസെറോ ഗര്‍ത്തത്തിലെ പുരാതനകാല ജീവന്റെ തെളിവുകള്‍ കണ്ടെത്തുക എന്ന ലക്ഷ്യമാണ് മാര്‍സ് 2020 പദ്ധതിയ്ക്കുള്ളത്. ഇവിടെ നിന്നും പാറ, മണ്ണ് എന്നിവ ശേഖരിക്കും.

അവസാനയൊരുക്കങ്ങളുടെ ഭാഗമായി റോവര്‍ വിക്ഷേപണത്തിനായുള്ള കെന്നഡി സ്പേസ് സെന്ററിലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബറിലാണ് റോവറിന്റെ ആദ്യ ഡ്രൈവിങ് ടെസ്റ്റ് കാലിഫോര്‍ണിയയിലെ പാസഡീനയിലുള്ള ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ പൂര്‍ത്തിയായത്.

രണ്ട് എയര്‍ഫോഴ്സ് സി-17 ഗ്ലോബ്മാസ്റ്റര്‍ കാര്‍ഗോ പ്ലെയിനുകളിലാണ് റോവര്‍, ക്രൂയിസര്‍, ഡെസന്റ് സ്റ്റോജുകള്‍, മാര്‍സ് ഹെലികോപ്റ്റര്‍ എന്നിവ കെന്നഡി സ്പേസ് സെന്ററിലേക്ക് കൊണ്ടുപോയത്.

Read more

വിവിധ പരിശോധനകള്‍ക്ക് ശേഷം ജൂണില്‍ റോവറും അനുബന്ധഭാഗങ്ങളും വിക്ഷേപണത്തിനായി ഒരുക്കും. അതിന് ശേഷം കേപ് കനവറല്‍ എയര്‍ഫോഴ്സ് സ്റ്റേഷനിലെ വിക്ഷേപണ കോപ്ലക്സിലേക്ക് കൊണ്ടുപോവും. യുണൈറ്റഡ് ലോഞ്ച് അലയന്‍സ് അറ്റ്ലസ് വി റോക്കറ്റിലാണ് വിക്ഷേപണം.