അബുദാബി കിരീടാവകാശിക്ക് ഇന്ത്യയില്‍ വന്‍ സ്വീകരണം; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച; കൂടെ എംഎ യൂസഫലിയും; ഗുജറാത്തിനായി കോടികളുടെ പദ്ധതി

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയില്‍ ഊഷ്മള സ്വീകരണം. ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്നലെയാണ് ഷെയ്ഖ് ഖാലിദ് ന്യൂഡല്‍ഹിയിലെത്തിയത്.

മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായരംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.

അബുദാബി കിരീടാവകാശിയുടെ ബഹുമാനാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക ഉച്ചവിരുന്നും ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയിലും ഉച്ചവിരുന്നിലും പ്രമുഖ വ്യവസായികളായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും ബുര്‍ജീല്‍ ഹോള്‍ഡിങ്ങ്‌സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലും സംബന്ധിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മോദിയും ഷെയ്ഖ് ഖാലിദും അവലോകനം ചെയ്തു. സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി വിവിധ സഹകരണ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന പുരോഗതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ചര്‍ച്ച. ഇന്ത്യയിലെ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രധാന ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ പാര്‍ക് വികസിപ്പിക്കുന്നതിനായി അബുദാബി ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയായ എഡിക്യു ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു.

Read more

ഇന്ന് മുംബൈയില്‍ നടക്കുന്ന യുഎഇ-ഇന്ത്യ ബിസിനസ് ഫോറത്തില്‍ അബുദാബി കിരീടാവകാശി പങ്കെടുക്കും. സമ്മേളനത്തില്‍ ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരും പങ്കെടുക്കും. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ യുഎഇയുടെയും ഇന്ത്യയുടെയും ചരിത്രപരമായ എല്ലാ സുപ്രധാന മേഖലകളിലെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും പരസ്പര താല്‍പര്യമുള്ള നിരവധി വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ഒട്ടേറെ തന്ത്രപരമായ കരാറുകള്‍ പ്രഖ്യാപിച്ചു. ഈ കരാറുകളും പങ്കാളിത്തങ്ങളും പൊതു-സ്വകാര്യ മേഖലകളിലെ പരസ്പര താല്‍പര്യമുള്ള മുന്‍ഗണനാ മേഖലകളെ ഉള്‍ക്കൊള്ളുന്നു. ഇത് രണ്ട് സൗഹൃദ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമഗ്രമായ സാമ്പത്തിക സഹകരണ അഭിലാഷങ്ങളുടെ തുടര്‍ച്ചയായ നേട്ടം ഉറപ്പാക്കുകയും ചെയ്യുന്നു.