നിക്ഷേപകരെ ആകർഷിക്കാൻ സൗദി; പുതിയ നാല് സാമ്പത്തിക മേഖലകൾ

കൂടുതൽ നിക്ഷേപ സൗഹൃദ രാജ്യമാകാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. ഇപ്പോഴിതാ രാജ്യത്ത് പുതിയ സാമ്പത്തിക മേഖലകൾ രൂപീകരിച്ച് നിക്ഷേപകർക്കും സംരംഭകർക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. പുതുതായി നാല് പ്രത്യേക സാമ്പത്തിക മേഖലകളാണ് സൗദി ആരംഭിക്കുന്നത്.

ലോജിസ്റ്റിക്‌സ്, വ്യവസായം, സാങ്കേതികവിദ്യ, രാജ്യത്തിന്റെ മറ്റ് മുൻഗണനാ മേഖലകൾ എന്നിവ ഇതിലുൾപ്പെടുന്നു. റിയാദ്, ജീസാൻ, റാസൽ ഖൈർ, ജിദ്ദയുടെ വടക്കുഭാഗത്തുള്ള കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ. ഓരോ പ്രദേശത്തിന്റെയും നേട്ടങ്ങളെ ആശ്രയിച്ചാണ് മേഖലകൾ ആരംഭിക്കുന്നത്.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രത്യേക സാമ്പത്തിക മേഖലകൾ വികസനത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശിക സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും വ്യവസായങ്ങൾ സ്വദേശിവത്കരിക്കുന്നതിനും ഇത് വലിയ അവസരങ്ങൾ നൽകും.

ഈ മേഖലകളിൽ നിയമനിർമ്മാണ സംവിധാനങ്ങളും സാമ്പത്തിക പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതാണ്. അതിലൂടെ പ്രധാന നിക്ഷേപങ്ങൾ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത നിക്ഷേപ മേഖലകളായി അവയെ മാറ്റുകയും ചെയ്യും.സൗദി വ്യവസായ സമൂഹത്തിന്റെ വികസനത്തിന് വിപുലമായ മേഖലകൾ തുറക്കുമെന്നും അമീർ മുഹമ്മദ് കൂട്ടിച്ചേർത്തു.