കോവിഡ്; ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏഴ് ലക്ഷം പ്രവാസികള്‍ തിരിച്ചെത്തി

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏഴ് ലക്ഷം പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്.

ആകെ 7,16,662 പ്രവാസികളാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇവരില്‍ കൂടുതല്‍ ആളുകള്‍ യുഎഇയില്‍ നിന്നും ഏറ്റവും കുറവ് ആളുകള്‍ ബഹറൈനില്‍ നിന്നുമാണ് എത്തിയിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം ആളുകളാണ് യുഎഇയില്‍ നിന്ന് എത്തിയത്. 1.37 ലക്ഷം ആളുകള്‍ സൗദി അറേബ്യയില്‍ നിന്നുമെത്തി. 97,802 പേര്‍ കുവൈറ്റില്‍ നിന്നും 72,259 പേര്‍ ഒമാനില്‍ നിന്നും 51,190 പേര്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തി. 27,453 പേരാണ് ബഹറൈനില്‍ നിന്ന് എത്തിയത്.

വന്ദേ ഭാരത് മിഷന്‍ വഴിയാണ് ഇവരെ നാട്ടില്‍ എത്തിച്ചത് എന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് മൂലം ഈ കാലയളവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടന്നവര്‍ക്ക് താമസം, വൈദ്യസബായം, വിമാന ടിക്കറ്റുകള്‍ എന്നിവ വിവിധ സന്നദ്ധ സേനകള്‍ മുഖാന്തരം എത്തിച്ച് നല്‍കുകയായിരുന്നു എന്നും എസ് ജയശങ്കര്‍ പറഞ്ഞു.