ക്രിസ്തുമസ് -പുതുവല്‍സര സീസണായി, വിമാനക്കമ്പനികള്‍ പകല്‍ക്കൊള്ള തുടങ്ങി

ക്രിസ്തുമസ് പുതുവല്‍സര സീസണായതോടെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ളയാത്രക്കാരെ കൊള്ളയടിക്കാന്‍ വിമാനക്കമ്പനികള്‍. ക്രിസ്തു മസ് പുതുവല്‍സരക്കാലത്തേക്ക് നാട്ടിലേക്ക് വരണമെങ്കില്‍ ടിക്കറ്റിന് സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയലധികം തുക നല്‍കേണ്ടി വരുന്ന അവസ്ഥയാണുള്ളത്.

എയര്‍ഇന്ത്യാ എക്‌സ്പ്രസില്‍ അബുദാബി- കൊച്ചി റൂട്ടില്‍ ഒക്ടോബര്‍ 23 ന് 19,224 രൂപയാണ് ടിക്കറ്റു നിരക്കെങ്കില്‍ ഡിസംബര്‍ 15 ആകുമ്പോള്‍ നിരക്ക് 63,168 ആകും. മൂന്നിരട്ടിയിലധികം വര്‍ധന. ദൂബായിയില്‍ നിന്നും കൊച്ചിയിലേക്കാണെങ്കില്‍ ഒക്ടോബറില്‍ 16,075 രൂപ മതിയെങ്കില്‍ ഡിസംബര്‍ പകുതിയാകുമ്പോള്‍ 54,791 രൂപാ വരും. ബുക്കിംഗ് സൈറ്റുകളും, ഏജന്റുമാരുമനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം വരും.

തിരക്ക് കൂടിയാലും ഈ നിരക്കില്‍ മാറ്റം വരും. ചുരുക്കത്തില്‍ നാലംഗ കുടുംബത്തിന് ഈ സീസണില്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ടര ലക്ഷമെങ്കിലും വേണ്ടിവരുമന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ഓണക്കാലത്തും ഇത് തന്നെയായിരുന്നു സ്ഥിതി.വ്യോമയാന നിയമപ്രകാരം നിരക്ക് തീരുമാനിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അധികാരമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.