തട്ടിയെടുത്ത ക്യാമറയുമായി പറന്നുയര്‍ന്ന് തത്ത; ക്യാമറയില്‍ പതിഞ്ഞത് മനോഹര ദൃശ്യങ്ങള്‍

മൃഗശാലകളിലും പാര്‍ക്കുകളിലുമൊക്കെ എത്തുന്ന വിനോദ സഞ്ചാരികളുടെ കയ്യില്‍ നിന്നു പല സാധനങ്ങളും അവിടെയുള്ള മൃഗങ്ങള്‍ തട്ടിയെടുത്ത കൊണ്ടു പോകുന്ന നിരവധി അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു ഗോ പ്രോ ക്യാമറ തട്ടിയെടുത്ത് പറക്കുന്ന ഒരു കുസൃതിതത്തയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ക്യാമറയുമായി കിലോമീറ്ററുകളാണ്

ന്യൂസിലാന്‍ഡിലെ സൗത്ത് ഐലന്‍ഡിലുള്ള ഫിയോര്‍ഡ്ലാന്‍ഡ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കില്‍ എത്തിയ അലക്‌സ് വെര്‍ഹ്യൂളിന്റെ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഗോ പ്രോ ക്യാമറായാണ് തത്ത തട്ടിയെടുത്തത്. കിയ എന്നറിയപ്പെടുന്ന ന്യൂസിലാന്‍ഡിലെ ഒരു നാടന്‍ വിഭാഗത്തില്‍പ്പെട്ട തത്തയാണ് ക്യാമറയുമായി പറന്നുയര്‍ന്നത്. ക്യാമറയുമായി കിലോമീറ്ററുകളാണ് തത്ത പറന്നത്. പറന്ന വഴിയിലെ ദൃശ്യങ്ങളെല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പാര്‍ക്കിലൂടെയുള്ള നടത്തത്തിന് ശേഷം ഒരു വീടിന്റെ ബാല്‍ക്കെണിയില്‍ വിശ്രമിക്കുകയായിരുന്ന കുടുംബം അവരുടെ ക്യാമറ ബാല്‍ക്കെണിയില്‍ വെച്ചിരുന്നു. ബുദ്ധിശക്തിയുള്ള പക്ഷികള്‍ എന്നറിയപ്പെടുന്ന ആല്‍പൈന്‍ വിഭാഗത്തില്‍ പെടുന്ന കിയ എന്ന തത്തയുടെ ചലനങ്ങള്‍ പകര്‍ത്തുന്നതിനായാണ് ക്യാമറ വെച്ചിരുന്നത്. ആ വിഭാഗത്തിലുള്ള തത്ത തന്നെ വന്ന് ക്യാമറയുമായി പറന്നകലുകയായിരുന്നു.

പക്ഷിയുടെ ശബ്ദം പിന്തുടര്‍ന്നാണ് ഇവര്‍ ക്യാമറ കണ്ടെത്തിയത്. നേര്‍രേഖയിലാണ് പക്ഷി പറന്നത്. അതിനാല്‍ തത്തയെ പിന്തുടരാന്‍ എളുപ്പമായി എന്ന് അലക്‌സ് പറയുന്നു. തത്ത കുറച്ചു നേരം ഒരു പാറയില്‍ വിശ്രമിക്കുകയും അവിടെ ഇരുന്ന ക്യാമറയില്‍ കൊത്താന്‍ ശ്രമിക്കുകയും ചെയ്തു. പിനതുടര്‍ന്ന് ആളുകള്‍ എത്തുന്നത് കണ്ട് തത്ത ക്യാമറ ഉപേക്ഷിച്ച് പറന്നു പോയി. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയ ക്യാമറ പരിശോധിച്ചപ്പോള്‍ കാടും മേടും താണ്ടി തത്ത പകര്‍ത്തിയ ദൃശ്യങ്ങള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയെന്നും അലക്‌സ് പറഞ്ഞു. മനോഹരമായ ദൃശ്യങ്ങളാണ് തത്ത പകര്‍ത്തിയത്. ലക്സ് വെര്‍ഹ്യൂള്‍ ഫെബ്രുവരി 1ന് ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇത് വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്തു.