വിളവെടുപ്പിന് ഒന്‍പതും പത്തും വര്‍ഷം; ഒരു കിലോ മുട്ടയ്ക്ക് എട്ടുലക്ഷം; സാര്‍ ചക്രവര്‍ത്തിമാര്‍ ഉപയോഗിച്ച മത്സ്യം; സ്റ്റര്‍ജിയണ്‍ ദ അള്‍ട്ടിമേറ്റ് സ്റ്റാര്‍!

ലോകത്തിലെ ഏറ്റവും പുരാതനമായ മല്‍സ്യകുടുംബങ്ങളിലൊന്നില്‍പ്പെടുന്ന സ്റ്റര്‍ജിയണ്‍ മത്സ്യങ്ങളുടെ സവിശേഷതകള്‍ വെളിപ്പെടുത്തി കുറിപ്പ്. ഗുരുതരമായ വംശനാശഭീഷണിയിലാണ് ഇന്നു സ്റ്റര്‍ജിയണ്‍. ഇതിന്റെ സവിശേഷതകള്‍ വ്യക്തമാക്കി പരിസ്ഥിതി പ്രവര്‍ത്തകനായ വിനയ് രാജാണ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ജനിച്ച് അഞ്ചുവര്‍ഷത്തോളം കഴിഞ്ഞേ മല്‍സ്യം ആണാണോ പെണ്ണാണോ എന്നുപോലും മനസ്സിലാവുകയുള്ളൂ. ഒന്‍പത് ക്വിന്റലോളം ഭാരമുള്ളപ്പോള്‍ ആണ് ഇവയില്‍ നിന്നും മുട്ട ശേഖരിക്കുക. കൊന്നശേഷം വയറുകീറിവേണം മുട്ടയെടുക്കാന്‍. ഒരേയൊരു തവണ കിട്ടുന്ന മുട്ടകള്‍ക്കായിട്ടാണ് ഇത്രയും കാലം കാത്തിരിക്കേണ്ടത്. തവിട്ടുമുതല്‍ കറുപ്പുവരെയാണ് മുട്ടകളുടെ നിറം. കുറേക്കൂടി പ്രായമുള്ള മല്‍സ്യങ്ങളില്‍നിന്നും ഇളംനിറത്തിലുള്ള മുട്ടകള്‍ ലഭിക്കും, ഇവയ്ക്ക് വില കൂടുതലാണ്. അത്യപൂര്‍വ്വമായി 60 മുതല്‍ 100 വരെ വര്‍ഷം പ്രായമുള്ള വെളുത്ത നിറത്തിലുള്ള ബെലൂഗയില്‍ നിന്നും സ്വര്‍ണ്ണനിറത്തിലുള്ള കവിയാര്‍ ലഭിക്കും, ഇവയാണ് ഏറ്റവും വിലപിടിച്ചത്. ഇറാനു സമീപമുള്ള കാസ്പിയന്‍ കടലിന്റെ മലിനീകരണം കുറഞ്ഞ ഭാഗത്താണ് ഇവയെ കാണുകയെന്നും അദേഹം വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഇരുപതുകോടി വര്‍ഷങ്ങളായി ജീവിക്കുന്ന ഏറ്റവും പുരാതനമായ മല്‍സ്യകുടുംബങ്ങളിലൊന്നില്‍പ്പെടുന്ന മല്‍സ്യങ്ങളാണ് സ്റ്റര്‍ജിയണ്‍. മല്‍സ്യങ്ങളുടെ ബീജസങ്കലനം നടന്നിട്ടില്ലാത്ത എന്നാല്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ മുട്ടയെ കവിയാര്‍ എന്നാണ് വിളിക്കുന്നത്. പല സ്റ്റര്‍ജിയണ്‍ മല്‍സ്യ ഇനങ്ങളുടെയും കവിയാര്‍ വളരെ വിലപിടിച്ച വിശിഷ്ടവിഭവമാണ്. സ്റ്റര്‍ജിയണ്‍ കുടുംബത്തിലെ ബെലൂഗ മല്‍സ്യത്തിന്റെ മുട്ട ഒരു കിലോയ്ക്ക് എട്ടുലക്ഷം രൂപവരെയൊക്കെയാണ് വില. പുരാതനകാലം മുതലേ ഉപയോഗിക്കുന്ന ബെലൂഗ കവിയാര്‍ പണ്ടെല്ലാം രാജവംശത്തില്‍പ്പെട്ടവരും സാര്‍ ചക്രവര്‍ത്തിമാരും മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.

കാസ്പിയന്‍ കടലിലും ചുറ്റുപാടുമുള്ള കടലുകളിലും ആണ് ബെലൂഗ മല്‍സ്യങ്ങളെ കണ്ടുവരുന്നത്. അമിതമായ ശേഖരണം കാരണം ഈ മല്‍സ്യം ഗുരുതരമായ വംശനാശഭീഷണിയില്‍ ആണ് ഉള്ളത്, അതിനാല്‍ത്തന്നെ 2005 മുതല്‍ കാസ്പിയന്‍ പ്രദേശങ്ങളില്‍ നിന്നുമുള്ള കവിയാര്‍ ഇറക്കുമതി അമേരിക്കയൊക്കെ നിരോധിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന കാരണത്താല്‍ ഇറാനെ ഈ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പില്‍ക്കാലത്ത് നിയന്ത്രിത അളവില്‍ ഇവയുടെ ഇറക്കുമതി പുനസ്ഥാപിക്കപ്പെട്ടു. ബെലൂഗ പെണ്‍മല്‍സ്യം വളര്‍ച്ചയെത്താന്‍ ഇരുപത് വര്‍ഷത്തോളം എടുക്കും.

ജനിച്ച് അഞ്ചുവര്‍ഷത്തോളം കഴിഞ്ഞേ മല്‍സ്യം ആണാണോ പെണ്ണാണോ എന്നുപോലും മനസ്സിലാവുകയുള്ളൂ. ഒന്‍പത് ക്വിന്റലോളം ഭാരമുള്ളപ്പോള്‍ ആണ് ഇവയില്‍ നിന്നും മുട്ട ശേഖരിക്കുക. കൊന്നശേഷം വയറുകീറിവേണം മുട്ടയെടുക്കാന്‍. ഒരേയൊരു തവണ കിട്ടുന്ന മുട്ടകള്‍ക്കായിട്ടാണ് ഇത്രയും കാലം കാത്തിരിക്കേണ്ടത്. തവിട്ടുമുതല്‍ കറുപ്പുവരെയാണ് മുട്ടകളുടെ നിറം. കുറേക്കൂടി പ്രായമുള്ള മല്‍സ്യങ്ങളില്‍നിന്നും ഇളംനിറത്തിലുള്ള മുട്ടകള്‍ ലഭിക്കും, ഇവയ്ക്ക് വില കൂടുതലാണ്. അത്യപൂര്‍വ്വമായി 60 മുതല്‍ 100 വരെ വര്‍ഷം പ്രായമുള്ള വെളുത്ത നിറത്തിലുള്ള ബെലൂഗയില്‍ നിന്നും സ്വര്‍ണ്ണനിറത്തിലുള്ള കവിയാര്‍ ലഭിക്കും, ഇവയാണ് ഏറ്റവും വിലപിടിച്ചത്. ഇറാനു സമീപമുള്ള കാസ്പിയന്‍ കടലിന്റെ മലിനീകരണം കുറഞ്ഞ ഭാഗത്താണ് ഇവയെ കാണുക.

ശരിക്കും പറഞ്ഞാല്‍ മെലാനിന്‍ ഇല്ലാത്ത ഇവയുടെ വെള്ളനിറം ഒരു ജനിതകത്തകരാര്‍ ആണുതാനും. അമേരിക്കയില്‍ ബെലൂഗ കവിയാര്‍ നിരോധനം വരുന്നതിനുമുന്‍പ് ഫ്‌ലോറിഡയില്‍ റഷ്യയില്‍നിന്നും കുടിയേറിയ മാര്‍ക് സസ്ലാവ്സ്‌കി ഒരു ബെലൂഗ ഫാം തുടങ്ങുകയുണ്ടായി. ഇതുമാത്രമാണ് അമേരിക്കയില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏക ബെലൂഗ ഫാം. 120 ഏക്കറില്‍ നൂറോളം ടാങ്കുകളില്‍ വളര്‍ത്തുന്ന മല്‍സ്യങ്ങള്‍ കവിയാറിനുവേണ്ടി ബെലൂഗ മല്‍സ്യങ്ങളെ വളര്‍ത്തുന്ന ലോകത്തേറ്റവും വലിയ ഫാം ആണ്.

ഇറക്കുമതിക്ക് നിരോധനം ഉള്ളതിനാല്‍ അമേരിക്കക്കാര്‍ക്ക് ഇവിടെനിന്നും മാത്രമേ നിയമപരമായി ബെലൂഗ കവിയാര്‍ ലഭിക്കുകയുമുള്ളൂ. ഇക്കാര്യത്തില്‍ അയാള്‍ക്ക് ഇപ്പോള്‍ കുത്തകതന്നെയുണ്ടെന്നു പറയാം. ഇവിടെ അയാള്‍ കവിയാര്‍ ലഭിക്കുന്ന പലവിധമല്‍സ്യങ്ങളെയും വളര്‍ത്തുന്നു, പലതും നേരത്തെ തന്നെ പ്രായപൂര്‍ത്തിയാവുന്നവയാണ്. സര്‍ക്കാരുമായുള്ള ധാരണപ്രകാരം അയാള്‍ ബീജസങ്കലനം നടത്തിയ ബെലൂഗ മുട്ടകള്‍ കാസ്പിയന്‍ കടലില്‍ നിക്ഷേപിക്കാന്‍ നല്‍കുന്നുണ്ട്, അങ്ങനെയെങ്കിലും കുറഞ്ഞുവരുന്ന ബെലൂഗകളുടെ എണ്ണം പിടിച്ചുനിര്‍ത്താനാവുമോ എന്ന ചിന്തയില്‍ 160000 മുട്ടകള്‍ അയാള്‍ കടലില്‍ നിക്ഷേപിക്കാനായി നല്‍കി.

ഇപ്പോള്‍ ഫാമുകളില്‍ കവിയാറിനായി പലവിധ മല്‍സ്യങ്ങളെ വളര്‍ത്താറുണ്ടെങ്കിലും ഒറ്റത്തവണത്തെ വിളവെടുപ്പിന് ഒന്‍പതും പത്തും വര്‍ഷം അവയുടെ ജീവന് ഒന്നും സംഭവിക്കാതെ വളര്‍ത്തുക എന്നത് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നും വെള്ളം മാറ്റി ദിവസം മൂന്നുതവണ ഭക്ഷണം നല്‍കി ഒരുവ്യാഴവട്ടം കാത്തിരിക്കണം, ഒറ്റത്തവണ അവയില്‍ നിന്നും മുട്ടകള്‍ ലഭിക്കാന്‍. ഇപ്പോള്‍ ഫാമുകളില്‍ മല്‍സ്യത്തെ കൊല്ലാതെ തന്നെ കവിയാര്‍ ശേഖരിക്കന്‍ കഴിയുന്ന രീതികള്‍ നിലവിലുണ്ട്.