ശരീരഭാരം കുറയ്ക്കുന്ന 'കീറ്റോ ഡയറ്റ്' ഹൃദ്രോ​ഗ സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

ശരീരഭാരം കുറയ്ക്കാനായി ഇക്കാലത്ത് കൂടുതൽ ആളുകളും പിന്തുടരുന്ന ഒരു ഡയറ്റാണ് കീറ്റോ. എന്നാൽ കീറ്റോ ഡയറ്റ് ആരോഗ്യത്തിന് ആരോഗ്യകരമല്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉയർന്ന അളവിലുള്ള കൊഴുപ്പും കുറഞ്ഞ അളവിലുള്ള കാർബോഹൈഡ്രേറ്റും അടങ്ങിയ കീറ്റോ പോലുള്ള ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾക്ക് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ് ഒരു പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുകയാണ്. അമേരിക്കന്‍ സ്‌കൂള്‍ ഓഫ് കാര്‍ഡിയോളജിയാണ് പഠനം നടത്തി തുടർന്നുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കീറ്റോ ഡയറ്റ് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് പഠനത്തിൽ കണ്ടത്തിയിരിക്കുന്നത്.

ഏകദേശം 12 വർഷത്തോളമെടുത്താണ് കീറ്റോ ഡയറ്റുമായി ബന്ധപ്പെട്ട പഠനം ഗവേഷകർ നടത്തിയിരിക്കുന്നത്. സാധാരണ ഭക്ഷണം കഴിക്കുന്ന 1200 ഓളം ആളുകളുടെ ആരോഗ്യ വിവരങ്ങളുമായി കീറ്റോ ഡയറ്റ് പിന്തുടരുന്ന 305 ആളുകളുമായി താരതമ്യം ചെയ്തപ്പോൾ കീറ്റോ ഡയറ്റ് പിന്തുടരുന്ന ആളുകളിൽ ചീത്ത കൊളസ്‌ട്രോൾ അഥവാ എൽഡിഎൽ അളവ് കൂടുതലായും ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ രണ്ട് മടങ്ങ് ഇരട്ടിയാണ് എന്നുമാണ് കണ്ടെത്തിയത്. കൂടാതെ കീറ്റോ ഡയറ്റ് പിന്തുടരുന്ന 9.8 ശതമാനം ആളുകളിൽ ഹൃദ്രോഗം ഉണ്ടാകുന്നതായും കണ്ടെത്തി. മാത്രമല്ല, ഹൃദയാഘാതം, സ്ട്രോക്ക്, പെരിഫറൽ ആർട്ടീരിയൽ രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയും പഠനത്തിൽ പറയുന്നുണ്ട്.

കൂടുതൽ എൽഡിഎൽ അല്ലെങ്കിൽ കുറഞ്ഞ സാന്ദ്രതയിലുളള ലിപ്പോപ്രോട്ടീൻ ശരീരത്തിലെ കൊളസ്ട്രോൾ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടാൻ കാരണമാകും. ഇത് ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങളിലേക്ക് വഴിവെക്കുന്നു. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ നാരുകൾ കൂടുതലുള്ളതും പഞ്ചസാരയും ഉപ്പും ചേർത്തതുമായ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്ന് വിദഗ്ധർ പറയുന്നു. കീറ്റോ ഡയറ്റിൽ കൊഴുപ്പ് കൂടുതലുള്ളതും കാർബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഭക്ഷണങ്ങളാണ് കഴിക്കുക. ഉദാഹരണത്തിന് കീറ്റോ ഡയറ്റ് പിന്തുടരുന്നവർ, അവരുടെ ദിവസേനയുള്ള ഭക്ഷണത്തിൽ നിന്ന് ഏകദേശം 10% കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുന്നു. ചില സന്ദർഭങ്ങളിൽ ഇത് പ്രതിദിനം 20 ഗ്രാം കാർബോഹൈഡ്രേറ്റ് വരെയാകാം. മാംസം, മുട്ട, വെണ്ണ, സംസ്കരിക്കാത്ത ചീസ്, അവോക്കാഡോകൾ, മാംസം, കുറഞ്ഞ കാർബ് പച്ചക്കറികൾ, അണ്ടിപ്പരിപ്പ്, വിത്ത് എന്നിവ പോലുള്ള ഭക്ഷണങ്ങളാണ് കീറ്റോ ഡയറ്റിൽ ഉൾപെടുന്നവയിൽ ചിലത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രചാരം നേടിയ ഒരു ഡയറ്റാണ് കീറ്റോ ഡയറ്റ് അഥവാ കെറ്റോജെനിക് ഡയറ്റ്. ഹൈ ഫാറ്റ്, ലോ കാർബ്‌ ഡയറ്റെന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് വളരെ കുറഞ്ഞ അളവിൽ കഴിക്കുന്നതാണ് കീറ്റോ ഡയറ്റിന്റെ രീതി. പ്രതിദിനം 50 ഗ്രാമിൽ താഴെ മാത്രം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം തുടർച്ചയായി കഴിക്കുന്നതോടെ കൂടുതൽ അളവിൽ കഴിക്കുന്ന കൊഴുപ്പിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിച്ചു തുടങ്ങുന്നതോടെ രക്തത്തിൽ കീറ്റോൺ ബോഡികളുടെ സാന്നിധ്യമുണ്ടാവുകയും കീറ്റോസിസ് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത് വിശപ്പ് കുറയ്ക്കുകയാണ് ചെയ്യുക. ഇത്തരത്തിൽ തുടരുന്നതോടെ ചെറിയ ഒരു കാലയളവിൽ ശരീരഭാരം കുറഞ്ഞു തുടങ്ങുന്നു. ഒരുപാട് കാലം തുടരാൻ ബുദ്ധിമുട്ടുള്ള ഒരു ഡയറ്റാണ് ഇത്.

കീറ്റോ ഡയറ്റിലൂടെ ശരീരത്തിന്റെ ഭാരം കുറയുന്നത് ഒരു പാർശ്വഫലമായിട്ടാണ് പഠനങ്ങൾ പറയുന്നത്. മാത്രമല്ല, കീറ്റോ ഡയറ്റ് പിന്തുടരുന്ന ഒരാളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായാൽ അവ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുമെന്നും അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നതുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കീറ്റോ ഡയറ്റ് തുടരുന്നവരുടെ ചർമ്മത്തിൽ പ്രശ്നങ്ങളുണ്ടാകുന്നതായും അമേരിക്കയിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇക്കാരണങ്ങളാൽ ഏത് ഡയറ്റ് ആരംഭിക്കുന്നതിന് മുൻപും ഡയറ്റീഷന്റെ നിർദേശം തേടേണ്ടതാണ്. കാരണം, ഇതിലൂടെ മാത്രമേ നമ്മുടെ ആരോഗ്യത്തിന് യോജിച്ച ഡയറ്റ് പിന്തുടരാൻ സാധിക്കുകയുള്ളു.