'56 ഇഞ്ച് മോദി ജി' താലി; പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷമാക്കി റെസ്റ്റോറന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനം ആഘോഷിക്കാൻ വ്യത്യസ്ത രീതിയുമായി റെസ്‌റ്റോറന്റ്. ’56 ഇഞ്ച് മോദി ജി’ താലി വിളമ്പിയാണ് റെസ്റ്റോറന്റ് ഉടമ മോദിക്ക് ആദരമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി കൊണോട്ട് പ്ലേസിലെ ആർഡോർ 2.1 റെസ്‌റ്റോറന്റാണ് 56 ഇനം വിഭവങ്ങളൊരുക്കി പിറന്നാൾ ആഘോഷമൊരുക്കുന്നത്.

വെജ്, നോൺ വെജ് വിഭവങ്ങളെല്ലാം അടങ്ങിയതാണ് താലി. ഇരുപതിനം സബ്ജികൾ, വിവിധ തരത്തിലുള്ള ബ്രെഡ്, ദാൽ, ഗുലാബ്, ജാമുൻ, കുൽഫി അടക്കമുള്ള വിഭവങ്ങളെല്ലാം താലിയിലുണ്ടാകും. 3,000 രൂപയാണ് ഒരു താലിയുടെ വില.

40 മിനിറ്റ് കൊണ്ട് താലി പൂർത്തിയാക്കുന്നവർക്ക് 8.5 ലക്ഷം രൂപയും റെസ്റ്റോറന്റ് ഉടമ സുമിത് കൾറ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറെ ആദരിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച്ചതെന്ന് സുമിത് പറഞ്ഞു.

പലതരത്തിലുള്ള സമ്മാനങ്ങളെക്കുറിച്ച് ആലോചിച്ചിരുന്നു. അദ്ദേഹത്തിന് ഏറ്റവും പ്രിയം എന്താകുമെന്നാണ് ആലോചിച്ചത്. ഒടുവിലാണ് ഇങ്ങനെയൊരു ഗ്രാൻഡ് താലി ആസൂത്രണം ചെയ്തത്. അതിന് 56 ഇഞ്ച് മോദി ജി താലി എന്നു പേരിടുകയുമായിരുന്നു പത്തു ദിവസം വിഭവം വിളമ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയെ താലി കഴിക്കാൻ ക്ഷണിക്കാനാകില്ലെന്നും ക്ഷണിച്ചാൽ തന്നെ സുരക്ഷാ കാരണങ്ങളാൽ അദ്ദേഹത്തിന് വരാനാകില്ലെന്നും സുമിത് പറഞ്ഞു. അതിനാലാണ് മോദിയുടെ ആരാധകർക്കായി ഇങ്ങനെയൊരു വിഭവമൊരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 17നും 26നും ഇടയിൽ റെസ്റ്റോറന്റ് സന്ദർശിക്കുന്നവർക്ക് സൗജന്യ കേദാർനാഥ് യാത്രയ്ക്കുള്ള അവസരവും ഒരുക്കും. മോദിജി താലി വാങ്ങുന്ന ദമ്പതികൾക്കാണ് ഈ അവസരം.