പ്രായം കുറയ്ക്കുന്ന 'ഡ്രാഗണ്‍ ഫ്രൂട്ട്' ; അറിയാം മറ്റ് ആരോഗ്യഗുണങ്ങളും

വിദേശരാജ്യങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പഴവർഗ്ഗമാണ് ഡ്രാഗൺ ഫ്രൂട്ട്. എന്നാൽ ഇപ്പൊ കേരളത്തിലും ഡ്രാഗൺ ഫ്രൂട്ട് സുലഭമാണ്. ലോകമെമ്പാടുമുള്ള ഉഷ്‌ണമേഖല പ്രദേശങ്ങളിൽ കാണുന്ന ‘ഹൈലോസീറസ്’ എന്ന കള്ളിച്ചെടിയിൽ വളരുന്ന പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇന്തൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായ ഈ പഴം ഇപ്പോൾ കേരളത്തിലും കൃഷി ചെയ്തു വരുന്നുണ്ട്. ഇതോടെ ഡ്രാഗൺ ഫ്രൂട്ടിന്റെ ലഭ്യതയും കൂടി. ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായപ്പഴം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവയുടെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ് കഴിക്കുക. എട്ടു മുതൽ 10 പഴങ്ങൾ വരെ ഒരു ചെടിയിൽ നിന്ന് ലഭിക്കാറുണ്ട്. രുചിയും ആരോഗ്യഗുണങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള ഡ്രാഗൺ ഫ്രൂട്ട് ജീവകങ്ങളാല്‍ സമ്പുഷ്ടമാണ് എന്നതാണ് ഇപ്പോൾ ആളുകൾ ഇവ കൂടുതലായി വാങ്ങാനുള്ള ഒരു പ്രധാന കാരണം.

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഡ്രാഗൺ ഫ്രൂട്ട്. കാൻസർ, അകാല വാർധക്യം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആന്‍റി ഓക്‌സിഡന്റുകൾ, വൈറ്റമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുളള ഡ്രാഗണ്‍ ഫ്രൂട്ടിന് ശരീരത്തിന്‍റെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാനും, പ്രമേഹം, കൊളസ്ട്രോള്‍, സന്ധിവേദന, ആസ്തമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുളള ശേഷിയും ചർമത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാനുള്ള കഴിവുമുണ്ട്. മിതമായ അളവില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് മാത്രമല്ല പ്രായം അകറ്റാന്‍ സഹായിക്കുകയും ചെയ്യും. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.

സൗന്ദര്യവർധക വസ്തുക്കളുടെ നിര്‍മാണത്തിനും ജാം, ജ്യൂസ്, വൈന്‍ തുടങ്ങിയ ഉണ്ടാക്കാനും ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിക്കാറുണ്ട്.. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിട്ടുള്ളതിനാൽ മുഖ സൗന്ദര്യം വര്‍ധിക്കാന്‍ ഇവ വളരെയധികം സഹായിക്കും. സൂര്യതാപം ഏറ്റു കരിവാളിച്ച ത്വക്കിന് ഇവ കഴിക്കുന്നത് ഗുണം ചെയ്യും. മാത്രമല്ല, മുഖം മിനുസപ്പെടുത്താനും തിളങ്ങാനും ഡ്രാഗൺ ഫ്രൂട്ടിന് സാധിക്കും. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാൽ ഇവ വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കും. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നതും ജ്യൂസായി കുടിക്കുന്നതും മുഖത്ത് പുരട്ടുന്നതും നല്ലതാണ്. പ്രമേഹ രോഗികൾ പ്രമേഹം കൂടുമോ എന്ന് ഭയന്ന് പൊതുവെ പല പഴങ്ങളും കഴിക്കാറില്ല. എന്നാൽ ഇക്കൂട്ടർക്ക് കഴിക്കാവുന്ന ഒരു പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇവയിൽ കാലറി വളരെ കുറവും ഫൈബർ ധാരാളവുമുണ്ട് . ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ട് പ്രീ ഡയബറ്റിക്കായ വ്യക്തികള്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് പ്രമേഹത്തെ തടയാന്‍ സാധിച്ചേക്കും.

ഫൈബറിന്റെ സാന്നിധ്യം ധാരാളം ഉള്ള പഴമാണിത്. അതുകൊണ്ട് തന്നെ ശരീരത്തിലെ ദഹനപ്രക്രിയ ശരിയായ രീതിയിൽ നടത്താൻ ഈ പഴം സഹായിക്കും. അമിതമായ ശരീരഭാരത്തെ പ്രതിരോധിക്കാനും ഡ്രാഗൺ ഫ്രൂട്ടിന് കഴിയും. ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാൽ അമിതവണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്കും ഇവ കഴിക്കാവുന്നതാണ്. വൈറ്റമിൻ എ, വൈറ്റമിൻ സി, കാൽസ്യം, അയേൺ, മഗ്നീഷ്യം എന്നിവ ധരാളമായി ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ വൈറ്റമിൻ എ, അയേൺ എന്നിവയുടെ സാന്നിധ്യം വിളർച്ചയെ പ്രതിരോധിക്കുന്നവയാണ്. മഗ്നേഷ്യം മസിലുകളുടെ വളർച്ചയ്ക്കും സഹായിക്കും.∙ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡ്രാഗൺ ഫ്രൂട്ടിന് കഴിവുണ്ട്.