ഒരു വീട് വാങ്ങുമ്പോൾ പ്രത്യേകിച്ച് പഴയ ഒരു വീട് വാങ്ങുമ്പോൾ നിരവധി ഘടകങ്ങൾ അതിന്റെ വിലനിർണ്ണയത്തെ സ്വാധീനിക്കാറുണ്ട്. സ്ഥലത്തിനും ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും പുറമേ വസ്തുവിന്റെ പഴക്കവും അതിന് ആവശ്യമായ അറ്റകുറ്റപ്പണികളുടെയോ നവീകരണത്തിന്റെയോ വ്യാപ്തിയും എല്ലാം ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ ഘടകങ്ങൾ പലപ്പോഴും പഴയ വീടുകളുടെ വില പ്രതീക്ഷിച്ചതിലും കുറവാകാൻ കാരണമാകുന്നു.
വെറും 100 രൂപയ്ക്ക് ഫ്രഞ്ച് പട്ടണത്തിൽ വലിയ വീടുകൾ വിൽക്കുന്നു എന്ന റിപ്പോർട്ടാണ് ഈയിടെയായി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഫ്രാൻസിലെ ആംബേർട്ടിലാണ് ഈ സുവർണാവസരം. ഇവിടെ വീടുകൾ വെറും 1 യൂറോയ്ക്ക്, അതായത് ഏകദേശം 100 രൂപയ്ക്കാണ് വിൽക്കുന്നത്. നഗരത്തിലെ കുറഞ്ഞു വരുന്ന ജനസംഖ്യയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം വ്യവസ്ഥകളോടെയാണ് ഈ പദ്ധതി വരുന്നത്. തെക്കുകിഴക്കൻ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന ആംബേർട്ടിൽ നിലവിൽ 6,500 പേർ മാത്രമാണ് ജനസംഖ്യ.
ആദ്യമായി വാങ്ങുന്നവർക്ക് മാത്രമുള്ളതാണ് ഈ വീടുകൾ. ഇതിനകം സ്വന്തമായി ഒരു വീട് ഉള്ളവരോ രണ്ടാമതും വീട് വാങ്ങുന്നവരോ ആയ വ്യക്തികൾക്ക് ഈ പദ്ധതി പ്രകാരം വീട് ലഭിക്കില്ല. മറ്റൊരു പ്രധാന വ്യവസ്ഥ വീട് വാസയോഗ്യമാക്കിയതിന് ശേഷം കുറഞ്ഞത് മൂന്ന് വർഷമെങ്കിലും വാങ്ങുന്നവർ അതിൽ താമസിക്കണം എന്നതാണ്. വസ്തു വാടകയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്നവർക്കും വീട് വാങ്ങാൻ സാധിക്കില്ല. ഇവ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ സർക്കാർ ഗ്രാന്റ് റദ്ദാക്കുന്നതിനും പിഴ ചുമത്തുന്നതിനും കാരണമായേക്കാം.
മറ്റൊരു കാര്യം ഈ വീടുകളിൽ ഭൂരിഭാഗവും മോശം അവസ്ഥയിലാണ് ഉള്ളത്. ഇവയ്ക്ക് കാര്യമായ നവീകരണം ആവശ്യമാണ്. മേൽക്കൂര നന്നാക്കുക, ഇലക്ട്രിക്കൽ സംവിധാനങ്ങൾ പുതുക്കിപ്പണിയുക എന്നിവ മുതൽ ഭിത്തികൾ നന്നാക്കൽ വരെയുള്ള പണികൾ വീട് വാങ്ങുന്നവർ ചെയ്യേണ്ടി വരും.
കുറഞ്ഞ വിലയ്ക്ക് വീടുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ജനസംഖ്യാ ഇടിവ് നേരിടാൻ ശ്രമിക്കുന്ന നിരവധി യൂറോപ്യൻ നഗരങ്ങളിൽ ഒന്നാണ് തെക്കുകിഴക്കൻ ഫ്രാൻസിലെ ഒരു പട്ടണമായ ആംബെർട്ട്. പുതിയ താമസക്കാരെ ആകർഷിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം. പക്ഷേ പലപ്പോഴും കർശനമായ വ്യവസ്ഥകളോടെയാണ് ഇത് വരുന്നത്. ഓഫർ ആകർഷകമായി തോന്നാമെങ്കിലും ഉൾപ്പെട്ടിരിക്കുന്ന നിബന്ധനകളെക്കുറിച്ച് മനസ്സിലാക്കിക്കഴിഞ്ഞാൽ എത്ര പേര് വീട് വാങ്ങാൻ തയ്യാറാകും എന്ന കാര്യവും സംശയമാണ്.
ഒരു യൂറോയ്ക്ക് ഒരു വീട് വാങ്ങുക എന്ന കാര്യം വിചാരിച്ച പോലെ എളുപ്പമുള്ള ഒരു കാര്യമല്ല. നവീകരണച്ചെലവ് ചിലപ്പോൾ ലക്ഷക്കണക്കിന് രൂപ വരെയാകാം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അതിനാൽ ആംബർട്ടിലെ വീട് വാങ്ങുന്നവർ സമയവും പണവും ഇതോടൊപ്പം കരുതണം. ഓഫർ ആകർഷകമായി തോന്നുമെങ്കിലും അത് കാര്യമായ അപകടസാധ്യതകൾ വഹിക്കുന്നു. എന്നാലും ആംബർട്ട് പോലുള്ള ചെറിയ പട്ടണങ്ങളിലെ കുറഞ്ഞുവരുന്ന ജനസംഖ്യയെ പുനരുജ്ജീവിപ്പിക്കുന്നതിന് അത്തരം സംരംഭങ്ങൾ നിർണായകമാണ്.







