പരിസ്ഥിതിയെ സ്‌നേഹിച്ച മാഷിന് പ്രണാമം

(അന്തരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനും, പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രൊഫ. എം കെ പ്രസാദിനെ പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂര്‍ അനുസ്മരിക്കുന്നു)

ഒരിക്കല്‍ മാഷെന്നെ ഫോണില്‍ വിളിക്കുന്നു എടോ എനിക്കൊരു അവാര്‍ഡു കിട്ടിയിട്ടുണ്ട് പതിനായിരം രൂപയുണ്ട് അതില്‍ അയ്യായിരം രൂപ തനിക്കിരിക്കട്ടെ അവാര്‍ഡിനര്‍ഹത തനിക്കാണ്, അവാര്‍ഡ് തരുന്നവര്‍ അവരുടെ താത്പര്യം കൂടി പരിഗണിച്ചാടോ അത് തരുന്നത്… നീ എന്തായാലും വീട്ടിലേക്ക് വാ ഞാനൊരു ചെക്ക് തരാം. ഞാനത് സ്‌നേഹപൂര്‍വ്വം വാങ്ങി.

ചെക്ക് തന്നിട്ട് മാഷ് പറഞ്ഞു പെരിയാറിനെ രക്ഷിക്കാനുള്ള പോരാട്ടം മുന്നോട്ടു കൊണ്ടുപോകണം. അതിന് കാര്യങ്ങള്‍ ശാസ്ത്രീയമായി പഠിക്കണം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്. 1989 ലാണ് പ്രൊഫ. എം കെ പ്രസാദിനെ പരിചയപ്പെടുന്നത് പിന്നീട് ആ ബന്ധം വളര്‍ന്നു. 1998 പെരിയാര്‍ മലിനീകരണ വിരുദ്ധ സമരം ശക്തമാകുന്ന കാലം തൊട്ട് കൂടെ നിന്ന് ഉപദേശങ്ങള്‍ നല്കി. ഒരിക്കല്‍ ഞങ്ങള്‍ ഒരു പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉപരോധസമരം പ്രഖ്യാപിച്ചു.

ഉദ്ഘാടകന്‍ മാഷാണ്. ഞങ്ങള്‍ കടവന്ത്രയിലെ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫീസില്‍ എത്തി ഏതാണ്ട് മുന്നൂറിലധികം ആളുകള്‍ മാഷിന്റെ കൃത്യ നിഷ്ഠ അറിയാവുന്നതു കൊണ്ട് എത്തുമെന്ന് കരുതി സ്വാഗതപ്രസംഗം തുടങ്ങിയപ്പോഴും കാണാത്തതു കൊണ്ട് വിളിച്ചു, അപ്പോ മാഷ് പറഞ്ഞു ആ പരിഷത്ത് ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിളിച്ചു പറഞ്ഞു പോവണ്ടാന്ന്, ശരിയല്ലാന്ന് അറിയാം ഏതായാലും ഒരു സംഘടന പറഞ്ഞതല്ലെ ഞാന്‍ വരണില്ല.
പിന്നിട് എന്നോട് മാഷ് എന്നോട് പറഞ്ഞു ഞാനിപ്പോ പരിഷത്തില്‍ സജീവമല്ല അവര്‍ വിളിക്കുന്ന പരിപാടിയില്‍ പോയി സംസാരിക്കും അത്ര തന്നെ. ഒരു കാര്യം നിന്നോടു പറയാം പെരിയാര്‍ മലിനികരണ വിരുദ്ധ സമരത്തില്‍ നിങ്ങടെ കൂടെ പരിഷത്തുണ്ടാകില്ല.

പക്ഷെ പിന്നീട് നടന്ന എല്ലാ പെരിയാര്‍ സംരഷണപോരാട്ടങ്ങളിലും മാഷ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഒരു പക്ഷെ പരിഷത്ത് പറഞ്ഞ ശാസ്ത്രത്തെ ജനകീയവല്‍ക്കരിക്കുന്നതില്‍ വിജയിച്ച ഒരാള്‍ എന്ന് ചരിത്രം രേഖപ്പെടുത്തുക മാഷിനെയായിരിക്കും കാരണം ഏത് വിഷയവും ശാസ്ത്ര ജാഢകളില്ലാതെ പറയാന്‍ മാഷിന് കഴിയുമായിരുന്നു.

തീര്‍ച്ചയായും നമുക്ക് നഷ്ടമായത് ജനകീയ ശാസ്ത്ര കാരനെയാണ്. വ്യക്തിപരമായി എനിക്ക് നഷ്ടമായത് ഏത് സമയത്തും വിളിച്ച് സംസാരിക്കാമായിരുന്ന ഗുരുനാഥനെയാണ്. മാഷുമായി ബന്ധപ്പെട്ട ഒരു പാട് ഓര്‍മ്മകള്‍ അലയടിക്കുന്നുണ്ടെങ്കിലും എനിക്കെഴുതാനാകുന്നില്ല. കാരണം ഞാനും കോവിഡിന്റെ തീവ്ര ഘട്ടത്തിലാണ്…
മാഷിന് ആദാരാഞ്ജലികള്‍…