ആഴ്ചയില്‍ രണ്ട് അവധി, സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിവസം അഞ്ചായി കുറയ്ക്കാന്‍ ചര്‍ച്ച; വെള്ളിയാഴ്ച സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

രണ്ട് ദിവസം അവധി, അഞ്ച് ദിവസം ജോലി എന്ന നിലയില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിവസം ക്രമീകരിക്കാനായി ചര്‍ച്ച. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യത്തില്‍ തീരുമാനമെടുക്കാനുള്ള നിര്‍ണായക യോഗം വെള്ളിയാഴ്ച നടക്കും. കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആയി കുറക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയാണ് യോഗം വിളിച്ചത്. വെള്ളിയാഴ്ച സര്‍വീസ് സംഘടനകളുമായുള്ള യോഗം നടക്കും.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനിലാണ് സര്‍വീസ് സംഘടനകളുടെ യോഗം ചേരുക. നേരത്തെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് തീരുമാനം ഒന്നുമുണ്ടായിരുന്നില്ല. ഓരോ സംഘടനയില്‍ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ പ്രവൃത്തി ദിവസം അഞ്ചായി കുറക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരും സമരം ചെയ്തിരുന്നു.

ബാങ്ക് ജീവനക്കാര്‍ക്ക് പുറമെ, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യത്തിലാണ് ചര്‍ച്ച. ജീവനക്കാരുടെ പ്രവൃത്തി ദിവസം ആറില്‍ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷനും ശമ്പള കമ്മീഷനും നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാവനത്തിലാണ് പുതിയ യോഗങ്ങള്‍.

Read more

പ്രവൃത്തി ദിവസം അഞ്ചായി കുറക്കുമ്പോള്‍ പകരം ഒരു മണിക്കൂര്‍ ജോലി സമയം കൂട്ടണമെന്നാണ് നിര്‍ദേശം. ഒരു മണിക്കൂര്‍ ജോലികൂട്ടുന്നതിനെ സര്‍വീസ് സംഘടനകള്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ പൊതു അവധി ദിവസങ്ങള്‍ കുറയ്ക്കണമെന്ന നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുകയാണ് സര്‍വ്വീസ് സംഘടനകള്‍. ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയാകും.